mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഉള്ളി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നാഫെഡിന് ചുമതല. ഉറക്കമുറിയുടെ ഓരം പറ്റിയുള്ള ശൗചകൊട്ടിലിൽ  യൂറോപ്യൻ  ക്ലോസെറ്റിന്റെ അലസ സുഖത്തിൽ കാര്യം സാധിക്കവെ നിർമ്മൽ   കുമാർ ഓൺലൈൻ വാർത്തയിൽ അലൊസരപ്പെട്ടു. (മേൽപ്പറഞ്ഞ  അലസസുഖ നഷ്ടഭീതിയിൽ  പത്രപാരായണം അയാൾ  പണ്ടേ നിർത്തിയിരുന്നു) അള്ളങ്കോട്ടു പാറയുടെ വിസ്തൃതമായ തുറസിൽ  വെളിക്കിറങ്ങാനെത്തിയ നിർമ്മൽ  കുമാറിനെ നാട്ടുകാർ  ഒരാഴ്ച മുമ്പ് കയ്യോടെ പിടികൂടിയിരുന്നു. പ്രശ്നം ഗ്രാമസഭയിൽ  ചർച്ച  ചെയ്യപ്പെട്ടു. നാട്ടിലെ പ്രമാണിയും സാംസ്കാരിക നായകനുമായ വ്യക്തി അങ്ങനെ ചെയ്യരുതായിരുന്നുവെന്ന് വിധിയെഴുതപ്പെട്ടു. നിർമ്മൽ കുമാറിന്റെ ജീവിതം സംഭവബഹുലമാണെന്ന് ഇപ്പോൾ ബോധ്യമായല്ലോ ?

പ്രമാണി, സാംസ്കാരിക നായകൻ  ഇതാദ്യ പേരുകളിൽ  തുന്നപ്പെട്ട കുപ്പായത്തിൽ  കരുവാക്കൈ ചെരുപ്പാടിയൻ  മകൻ  നിർമ്മൽ കുമാർ  വീർപ്പുമുട്ടുകയും അത് മലബന്ധത്തിന് കാരണമാവുകയും ചെയ്തുവെന്നതാണ് വാസ്തവം. പണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെ പരിഹസിക്കാന  ഒരു ക്ലീഷേ വാചകമുണ്ടായിരുന്നു.... നീ പോയി ഉള്ളിക്ക് തൂറിക്കൊടുക്കെടാ എന്ന്. മലബന്ധത്തിനുള്ള ഡൂല്ക്വലാക്സ് ഗുളികയും കഴിച്ച്. അതേക്കുറിച്ചോര്ത്ത് ചിരിച്ചു കൊണ്ട് അള്ളങ്കോട്ട് പാറയിലിരിക്കവെയാണ് നാട്ടുകാര് നിര്മ്മലിനോട് ഈ കടുംകൈ ചെയ്തത്. തന്റെ മൗലികാവകാശമായ പൗരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിന് കോടതിയിൽ പോകാമെന്നു വെച്ചാൽ ഓമന മകൾ  ആശാകുമാരി പോലും പറയും അപ്പന് വട്ടാണെന്ന്. ആയതിനാൽ  ആ മനുഷ്യന് നിസ്സഹായനായി ജീവിച്ചു പോന്നു. 

ഹോം പേജിലെ വാർത്താ ടൈറ്റിലിനു കീഴെ ഇത്തരം വാചകങ്ങൾ  കാണുന്ന വായനക്കാരന് മിച്ചമാവുക സംശയം മാത്രമായിരിക്കും. വാർത്തകൾ ചുരുക്കി എഴുതുക എന്ന ഓണ്ലൈൻ  രീതിയിൽ  പണി അറിയാത്ത ലേഖകന് വിളയാടിയപ്പോൾ വായനക്കാരന് അത് പണിയായി. അനന്തരം അയാൾ  മൗസ് ക്ലിക്ക് ചെയ്തു.

എബൗട്ട് അസ് 
പ്രസവിച്ചു കിടക്കുന്ന പശുവിന്റെ മറുവാള വീഴുന്നതും കാത്ത് ചെരുപ്പാടിയന് പിർക്കിന്റെ കടിയും കൊണ്ട് കുത്തിയിരുന്നു. അന്നേരം കാലം പുലര്ച്ചെ മൂന്ന് മണി. പശു മറുവോല തിന്നാൽ  പാലുണ്ടാവില്ല. പുത്തിലാങ്കോട്ടന്റെ ഒട്ടലില് പാല് കൊടുത്താലെ മകൻ  നിർമ്മലിന് ഫീസ് കെട്ടാൻ  പണം കിട്ടുകയുള്ളൂ. മാളികയിക്കര തമ്പ്രാന്റെ നിലവറയിൾ  ചോര ചര്ദ്ദിച്ച് ചത്ത പെണ്ണൊരുത്തി ചപ്പിലയുടെ ആശയാണ് നിർമ്മലിന്റെ പഠിപ്പ്. ബറോഡയിലുള്ള വല്ല്യഷ്മാന്റെ മൊന്റെ പേരാണ് ചപ്പില മകനുമിട്ടത്.

കണ്ടത്തില് വെള്ളമൊഴുക്കാനുള്ള ഊവണിയുടെ മുക്കാലില് അച്ഛന് കെട്ടി തൂങ്ങി ചത്തതിന്റെ പൊരുള് നിര്മ്മലിന് അറിയില്ലായിരുന്നു. ആരാന്റെ കണ്ടത്തില് വെള്ളമെത്താത്തിനാല് കര്ഷക തൊഴിലാളി എന്തിന് ആത്മഹത്യ ചെയ്യണം.. ? നിര്മ്മലിന് അതേ സമയം. കാലമേറെ കഴിഞ്ഞു. മകള് ആശകുമാരിയും ആവര്ത്തിച്ചു. എല്ലാരും കാറിന്റെ അരികില് നിന്ന് പടമെടുക്കുമ്പോള് വല്ല്യച്ഛനെന്തിനാ കലപ്പയും പിടിച്ച് ഫോട്ടോ എടുക്കുന്നത്- കേരളത്തില് പ്രശസ്ത ആര്ക്കിടെക്ട് പണി കഴിപ്പിച്ച വീടിന്റെ പൂമുഖത്ത് തൂക്കിയിട്ട ചെരുപ്പാടിയന്റെ എണ്ണഛായ ചിത്രം നൊക്കിയായിരുന്നു മകളുടെ കമന്റ്.

ചെരുപ്പാടി അങ്ങനെയായിരുന്നു. നെല്ലിന് രാസവളമിടുമ്പോള് കരയും. കമുകിന് മഹാളി വരുമ്പോള് തളരും. തളിര്ത്ത പയര് ചെടികള്ക്കിടയിലൂടെ ചോണനുറുമ്പുകള് വരിവരിയായി പോകുമ്പോള് കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടും. പുല്ലാഞ്ഞി കാടുകള് അതിരിട്ട കൈത്തോട്ടില് പുല്ലന് ചെരുവിനെ മേല്മുണ്ട് കൊണ്ട് കോരിയിടുമ്പോള് ചപ്പിലയെ പിന്നാലെ ചെന്ന് കാളക്കുട്ടനെപ്പോലെ ഭോഗിച്ചപ്പോഴാണ് നിര്മ്മലിന്റെ ജനനം പോലും.

ന്യൂസ് പ്ലസ്
ആധുനിക മനുഷ്യന് ഒളിഞ്ഞു നോട്ടത്തില് ആത്മരതി അനുഭവിക്കുന്നവരാണെന്നും, അവന് വാര്ത്തയില് തൃപ്തനല്ലെന്നും കാലിഫോര്ണിയ സര്വ്വകലാശാലയില് പത്രപ്രവര്ത്തനം പഠിച്ച ന്യീസ് എഡിറ്റര് പ്രസ്താവിച്ചു. അങ്ങനെ ഉള്ളി ഡോട്ട് കോമില് ന്യൂസ് പ്ലസ് അഥവാ വാര്ത്തയ്ക്കുമപ്പുറം രൂപം കൊണ്ടു. സ്വീകരണ മുറിയില് ആല്മരത്തിന്റെ ബോണ്സായി ഒരുക്കി ആശകുമാരി. അതും ചെരുപ്പാടിയന്റെ ചിത്രത്തിന് കീഴെ. വാഴക്കന്നിന്റെ മുഴുപ്പും, വലുപ്പവും നോക്കി വാഴക്കുലയുടെ തൂക്കം പറയുന്ന ചെരുപ്പാടിയന് എങ്ങനെ സഹിക്കുമീ ഹ്രസ്വ ജന്മത്തെ.. ആശകുമാരിയുടെ ആണ്കൂട്ടുകാരന് അവള് വയസ്സറിയിച്ചപ്പോള് കൊടുത്തതാണ് ഈ സമ്മാനം. അന്ന് വാലന്റൈന്സ് ദിനമായിരുന്നത്രെ. പ്രണയത്തെ അബോര്ട്ട് ചെയ്ത് ബോണ്സായി ആക്കിയ കാമുകന് സ്തുതി.

ആര്ക്കൈവ്സ്
ചെരുപ്പാടിയന്.കര്ഷകന്. അറുപതാം വയസ്സില് മരണം. വെള്ളം നനയ്ക്കാന് ഉപയോഗിക്കുന്ന ഓവണിയുടെ മുക്കാലിയില് തൂങ്ങി മരിച്ചു. ആത്മഹത്യയോ രക്തസാക്ഷിത്വമോ ? യഥാര്ത്ഥ ചരിത്രകാരന്മാര് അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. ചില മിടുക്കന്മാര് അതിനിടയില് ഡോക്ട്രേറ്റും സമ്പാദിച്ചു.

ചപ്പില
ചെരിപ്പാടിയന്റെ ഭാര്യ സ്ത്രീത്വത്തിനെതിരായ പീഡനങ്ങളെ ചെറുത്ത് ജന്മിയുടെ നിലവറയില് ചോര ഛര്ദ്ദിച്ചു മരിച്ചു. നിരവധി പേരുടെ കാമാസക്തി ക്ക് പാത്രമായെങ്കിലും സ്മാര്ത്തവിചാരം ചെയ്യപ്പെട്ടില്ല. അതിനാല് ഫെമിനിസ്റ്റുമായില്ല.

നിര്മ്മല് കുമാര്
ചെരുപ്പാടിയന് ചപ്പിലദമ്പതികളുടെ മകന് വിദേശ സര്വ്വീസില് നിന്നും പെന്ഷന് പറ്റി. നാട്ടില് കൃഷിക്കാരനും സാംസ്കാരിക നായകനും.

ഭാര്യ
അവള്ക്ക് നാമമോ പ്രസക്തിയോ ഇല്ല. കാരണം നിര്മ്മല് കുമാറിന്റെ അടിവസ്ത്രം കഴുകുന്നതിലും കിടക്ക വിരി ഒരുക്കുന്നതിലും വ്യാപൃതമായി കാലം കഴിച്ചു.

ആശകുമാരി
നിര്മ്മല് കുമാറിന്റെ മകള്. വിവരസാങ്കേതിക വിദ്യയില് ബിരുദാനന്തരബിരുദം. ബാംഗ്ലൂരില് ഹാര്ഡ് വര്ക്ക് ആന്റ് ഹാര്ഡിലെ ഹാങ്ങ്ഔട്ട്. പോളിസിയില് ജീവിതം. ബാങ്ക് ബാലന്സ് ഭീമം. ശരീര ബാലന്സ് അഴകളവുകള്ക്ക് സമം.

ഹോം പേജ്
വാര്ത്ത. ഉള്ളി വിലയില് നിന്ന് ഏക കക്ഷി ഭരണത്തിലേക്ക്. ഏകക്ഷി ഭരണം ഇന്ത്യയ്ക്ക് നന്ന്- രാഹുല് ഗാന്ധി.ഇടതുപക്ഷം വഴിപിരിഞ്ഞ യൂപിയേക്ക് ഉള്ളവില നിയന്ത്രിക്കാനായില്ല. ബി.ജെ.പിക്ക് ഹര്ത്താല് നടത്താനായില്ല. പ്രകാശ് കാരാട്ടിന് വേറിട്ടൊന്നും പറയാനില്ല. നെഹ്റു കുടുംബത്തിന്റെ പിന്മുറക്കാരന് ഉള്ളിയെ പോലെ എല്ലാം സ്വന്തം കാണ്ഡത്തില് ശേഖരിച്ച് വീര്ത്തുരുണ്ട് ഏകക്ഷിയായി അന്നഭരണം എന്ന മോഹം പുറന്തള്ളി.

പരേതാത്മാക്കളായ ചെരിപ്പാടിയന് ചപ്പിലയും ബോണ്സായിയെ പ്രണയിക്കാന് തുടങ്ങി. നിര്മ്മല് കുമാര് അസ്വസ്ഥജന്മത്തിന് പരിഹാരമായി പ്രമുഖട്രാവല് കമ്പനിയുടെ സ്പോണ്സര്ഷിപ്പില് ഹിമാലയം കയറാനിറങ്ങി. ആശകുമാരിക്ക് രാഹുലിനേയും ഏകകക്ഷി ഭരണത്തേയും വിശ്വാസമായിരുന്നു. അവള് അമേരിക്കന് കമ്പനിക്ക് ഗര്ഭസ്ഥ ശിശുവിന്റെ ഭാവി നിര്ണ്ണയിക്കാനും സോഫ്റ്റ്വെയര് നിര്മ്മാണത്തിനുള്ള കരാര് ഒപ്പിട്ടു.


വാല്കഷണം (ന്യൂസ് എഡിറ്റര് ചവറ്റു കൊട്ടയിലിട്ടത്)

കണ്ണാന്തളിയുടെ രതി നഷ്ടം
ജേ.സി.ബികള് നിരത്ത് കയ്യേറുകയും കുന്നുകള് സമതലമാവുകയും ചെയ്തപ്പോള് പൂമ്പാറ്റകളെങ്ങോട്ടോ ഓടിയൊളിച്ചു. പ്യൂപ്പയും, ലാര്വയും നാലാംക്ലാസ്സിലെ പാഠപുസ്തകത്തിലെ ചിത്രങ്ങള് മാത്രമായി. പുപൊടിയുണ്ടായെങ്കിലും പരാഗണമുണ്ടായില്ല. കാറ്റില് വല്ലപ്പോഴുമെത്തുന്ന പരാഗരേണുവിനെ ഏറ്റുവാങ്ങി കണ്ണാന്തളി അസംതൃപ്തമായ ലൈംഗിക ജീവിതം നയിച്ചു. അവള് ആരെയും ശപിച്ചില്ല.യ കാരണം പ്രകൃതി സിദ്ധമായ നന്മയെന്ന് ലേഖകന്. ന്യൂസ് എഡിറ്റര് പറഞ്ഞു: ഇതില് കാര്യമോ കൗതുകമോ ഇല്ല. അതുകൊണ്ട് ഹ്യൂമണ് ഇന്ററസ്റ്റിംഗ് സ്റ്റോറി പോലുമാകില്ല. നീ പോകാം ചവറ്റു കൊട്ടയിലേക്ക്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ