“അമ്മേ....... അമ്മേ..........”
“എന്താ മോളേ പറ...”
“ഞാൻ റൂമിലേക്ക് പഠിക്കാൻ പോവാണേ....”
“ആ ...... പോയ്ക്കോ....”
അമ്മ അടുക്കളയിൽ നിന്ന് മറുപടിയായി പറഞ്ഞു. പഠിക്കാനായി മുറിയിലേക്ക് കയറി ഋതു കതവ് അടച്ചു. അൽപ സമയത്തെ പഠനത്തിനു ശേഷമവൾ അവിടെ കണ്ട നോവൽ ബുക്കെടുത്ത് വായിച്ചു തുടങ്ങി. ബുക്ക് വായിച്ചു പകുതിയെത്തിയതും പെട്ടെന്നാണ് പുറത്തു നിന്നൊരു ശബ്ദവൾ കേട്ടത്. ഉടനെ തന്നെ എഴുന്നേറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല
“അമ്മേ.... അമ്മേ.....വേഗം വാ.... അമ്മേ...”
ഋതു കുറേ തവണ അമ്മയെ വിളിച്ചെങ്കിലും നിശബ്ദതയല്ലാതെ അതിനൊരു മറുപടി മാത്രം വന്നില്ല അതിനാൽ അവൾ പിന്നെയും വാതിലിൽ ആഞ്ഞു മുട്ടി
“മോളേ രക്ഷിക്കണേ...., മോളേ..... ര... ക്ഷിക്കണേ...”
എന്ന അമ്മയുടെ നിലവിളിയാണ് അപ്പോൾ ഋതു കേട്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പേടിയോടെ കരഞ്ഞുക്കൊണ്ട് അവൾ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമായി.എന്താണ് പുറത്ത് സംഭവിക്കുന്നതെന്നറിയാനായി ഋതു നിലത്തു കിടന്ന് വാതിലിന്റെ അടിയിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് അത് കണ്ടത്.മുഖം മൂടി ധരിച്ച രണ്ടു പേർ വാതിലിനടുത്തേക്ക് വന്നുക്കൊണ്ടിരിക്കുന്നു. ഭയപ്പെടുത്തുന്ന ആ കാലടികളുടെ ശബ്ദവളുടെ ചെവിയിലൂടെ കടന്നു പോയിക്കൊണ്ടിരുന്നതും പെട്ടെന്ന് തന്നെയവൾ റൂമിന്റെ മൂലയിലായി കണ്ട അലമാരയുടെ വിടവിലേക്ക് കയറി മറഞ്ഞു നിന്നു. പുറത്ത് നിന്ന് പൂട്ടിയ ആ മുറി തുറന്നുക്കൊണ്ടവർ അകത്തേക്ക് പ്രവേശിച്ചു.ഒരാൾ തന്റെ കൈയിലുണ്ടായിരുന്ന കത്തി മേശയുടെ മുകളിലായി വച്ചതും അതിൽ നിന്നും രക്തം അവിടെയുണ്ടായിരുന്ന പുസ്തകങ്ങളിലേക്ക് പടരാൻ തുടങ്ങി. ഋതു ഭയപ്പാടോടെ തന്റെ വായിപൊത്തി പിടിച്ചു പതിയെ ശ്വാസമെടുത്തു നിന്നു. അവർ രണ്ടു പേരും മേശയിലും മറ്റും പരിശോധിച്ചെങ്കിലും അതിലൊന്നും ഒന്നുമില്ലാത്തതിനാൽ അലമാര തുറക്കാനായി അതിനടുത്തേക്ക് വന്നപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്യ്തത് ഉടനെ തന്നെ അവർ രണ്ടു പേരും അവളെ പിടിച്ചു പുറത്തേക്കിട്ടു
“നീ ആ കത്തിയെടുക്ക് ഇവളെ കൂടെ കൊല്ലണം....”
ഒന്നാമത്തെയാൾ അലറിക്കൊണ്ട് പറഞ്ഞതും ഋതു രക്ഷപ്പെടാനായി പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ രണ്ടാമത്തേയാൾ പെട്ടെന്ന് തന്നെ ആ കത്തിയെടുത്ത് അവളുടെ നേർക്കെറിഞ്ഞു.എന്നാൽ അവരുടെ നിർഭാഗ്യവശാൽ കൊണ്ടത് അവന്റെ തന്നെ കൂട്ടാളിക്കായിരുന്നു.അയാൾ വേദനയോടെ നിലത്ത് വീണ് പിടഞ്ഞതും വേഗം തന്നെയാ കത്തിയെടുത്ത് ഋതു ഒന്നാമത്തെയാളുടെ നേർക്ക് ഓടിയടുത്തതും പെട്ടെന്നാണ് അമ്മ അവളെ ഉറക്കത്തിൽ നിന്നുമുണർത്തിയത്.
“അമ്മേ ചോര....കൊന്നു....”
ഋതു വെപ്രാളത്തോടെ പറഞ്ഞതും അമ്മ അത് കേട്ടു ചിരിച്ചു.
“മോളേ നീ പഠിക്കാൻ വന്നിട്ട് ഇവിടെയിരുന്ന് ഉറങ്ങിട്ട് സ്വപ്നം കണ്ടതാ അല്ലേ.....”
“ഓ സ്വപ്നമായിരുന്നോ...”
ഋതു ഒരാശ്വസത്തോടെ മറുപടി പറഞ്ഞു.
“നീ വന്ന് വല്ലതും കഴിക്ക്....”
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി. അൽപ സമയം അവിടെ ഇരുന്നെങ്കിലും ഋതുവിന് താൻ വായിച്ച നോവൽ എവിടെയാണ് ഉള്ളതെന്ന് മാത്രം പിടികിട്ടിയില്ല അതിനാൽ അവൾ എഴുന്നേറ്റ് പോയി വാതിൽ തുറക്കാൻ തുടങ്ങിയെങ്കിലും അത് അവിടെ ലോക്കായിരുന്നു..