mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

in hospital

ഇനിയുമുണ്ട് പറയാൻ ഒത്തിരി.  പറയാൻ ബാക്കി വെച്ചിട്ട് പറന്നകലാൻ ഒരു മടി.  അടഞ്ഞ കണ്ണുകൾ ബലമായി തുറക്കാൻ ഒരു ശ്രമം നടത്തി. ചുറ്റും ആരൊക്കെയോ ഉണ്ട്. 

 പക്ഷേ തനിക്ക് അതെല്ലാം വെറും നിഴലാട്ടങ്ങൾ മാത്രം.  പിന്നീട് എപ്പോഴോ മനസ്സ് പറഞ്ഞു.  ഇതാണ് മരണ കിടക്ക. കാലം നിനക്കായി സൂക്ഷിച്ചുവെച്ച  ആറടി മണ്ണിനു മുന്നേയുള്ള അഭയസ്ഥാനം...   കണ്ണുകൾ നിറഞ്ഞു..... മനസ്സ് പിടഞ്ഞു...

പ്രതികരിക്കാൻ ആവാതെ ഏതോ ഒരു ശക്തിക്ക് മുന്നിൽ താൻ കീഴടങ്ങിയിരിക്കുന്നു.  ആരോ തുണി കൊണ്ട് കണ്ണുകൾ തുടച്ചു. ചുണ്ടിൽ ഒരു നനവ് അനുഭവപ്പെട്ടു. ആരോ ചുണ്ടിൽ നനവുള്ള തുണി തൊട്ടതാണ്.

 എല്ലാ ബന്ധനവും പൊട്ടിച്ചെറിഞ്ഞ് ചാടി എഴുന്നേൽക്കാൻ ഒരു മോഹം....

 പക്ഷേ താൻ നിസ്സഹായനാണ്....

  കണ്ണുകൾ നിറയെ ഇരുട്ടാണ്....

 മനസ്സിലൂടെ മാത്രം എന്തൊക്കെയോ കടന്നു പോകുന്നു....

 മനസ്സ് എന്ന ആത്മാവ് കൂടി നിശ്ചലമായാൽ  താൻ വെറും ശരീരം മാത്രമായി തീരും.

 ഇന്നലെയുടെ സ്വപ്നങ്ങൾക്കും ഇന്നിന്റെ യാഥാർത്ഥ്യങ്ങൾക്കും മുന്നിൽ താൻ  നാളെ ഒരു ഓർമ്മ മാത്രമായി അവശേഷിക്കാൻ പോകുകയാണോ...

 പണ്ടെങ്ങോ ആരൊക്കെയോ പറഞ്ഞു ഭയപ്പെടുത്തിയ മരണം എന്ന സത്യത്തിലേക്ക് താൻ യാത്ര തിരിക്കാൻ പോകുന്നു....

 ജീവിച്ചിരിക്കുന്നവർക്ക് ഇന്നേവരെ അന്യമായ മറ്റൊരു ലോകം....

 ഇതുവരെ നടന്നു മറഞ്ഞവർ ആരും തിരികെ ജീവിതത്തിലേക്ക് മടക്കയാത്ര നടത്തിയിട്ടില്ലാത്ത ഒരു അജ്ഞാത ദേശം...

 മുന്നേ കടന്നുപോയവർ ആരൊക്കെയോ തനിക്ക് ചുറ്റും നിൽക്കുന്നത് പോലെ....

 അവരൊക്കെ പുഞ്ചിരിക്കുകയാണ്... തന്നെ ആ അജ്ഞാത ദേശത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട്....

 പക്ഷേ ഈ ലോകത്ത് തന്നെ ചേർത്തു നിർത്തിയ ബന്ധങ്ങളുടെ കണ്ണികൾ പൊട്ടിച്ചുകൊണ്ട് അവർക്കൊപ്പം തനിക്ക് ചേരാൻ സാധിക്കുമോ....?

 മരണത്തിനു മുന്നിൽ എല്ലാവരും നിസ്സഹായരാണ്.... മറ്റേതോ ശക്തിക്കൊപ്പം, മറുതീരം തേടി ഒരു യാത്രയ്ക്കുള്ള ഒരുക്കം....

 ചുറ്റും നിന്ന് മൂളിപ്പാട്ട് പോലെ കരച്ചിൽ കേൾക്കുന്നു....

 ഒരു സത്യം മനസ്സിലേക്ക് ഓടിയെത്തി...

 ഇതാണ് മരണം..

 ഇന്നലെ വരെ ഇതുപോലെ എത്രയോ പേരുടെ കട്ടിലിന് അരികിൽ താൻ നിന്നിട്ടുണ്ട്.

 ആരോ പറഞ്ഞതുപോലെ, ' ഇന്നു ഞാൻ നാളെ നീ '....

 അതൊരു സത്യമാണ്....

 പെട്ടെന്ന് തന്റെ മുഖത്ത് ആരോ തട്ടിയത് പോലെ...

 ഒരു ഞെരുക്കം മാത്രമായിരുന്നു തന്നിൽ നിന്ന് അതിനുള്ള മറുപടി.

 പക്ഷേ കണ്ണുകൾ പതിയെ ചലിപ്പിക്കാൻ ആവുന്നുണ്ട്.

 ഇരുട്ടിന്റെ മറ  മാറി,  പതുക്കെ വെളിച്ചം അരിച്ചിറങ്ങാൻ തുടങ്ങിയിരിക്കുന്നു.

 കൈകാലുകൾക്ക് ജീവൻ വച്ചത് പോലെ...

 അയാൾ വിശ്വസിക്കാനാവാതെ കണ്ണുകൾ ഇറുകെ തുറന്നു.

 ചുറ്റും വെളിച്ചമാണ്....

 അബോധ മനസ്സിൽ നിന്നും ബോധ മനസ്സിലേക്കുള്ള പ്രയാണം....

 മനസ്സിൽ പതിച്ച മരണമെന്ന ആ വലിയ സത്യത്തിന്റെ പോർ മുഖത്ത് നിന്നുള്ള ഭീതിയിൽ നിന്നും താൻ ഇപ്പോഴും മോചിതൻ ആയിട്ടില്ല.

 മുന്നിൽ നിന്നവരെ എല്ലാം കണ്ണുകളിൽ തെളിഞ്ഞു വന്നു.

"വേദനയാണെന്ന് പറഞ്ഞപ്പോൾ മയ ങ്ങാനുള്ള മരുന്ന് കുത്തിവച്ചതാ... ഇപ്പോൾ എങ്ങനെയുണ്ട് വേദന... "

മനസ്സിലേക്ക് അപ്പോൾ എല്ലാം ഓടിയെത്തി.  താനിപ്പോൾ ആശുപത്രി കിടക്കയിലാണ്.  തലേരാത്രിയിലെ കാര്യങ്ങൾ ഓരോന്നായി അയാളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.

 വേദനയ്ക്ക് കുറവുണ്ടെന്ന അർത്ഥത്തിൽ അയാൾ ഡോക്ടർക്ക് നേരെ തലയാട്ടി. 

 ഇതിനിടെ അറിയാതെ ആ കണ്ണുകൾ തന്റെ കട്ടിലിന് അരികിൽ നിന്ന ഭാര്യയുടെയും, അവരുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെയും നേരെ തിരിഞ്ഞു.  അവളുടെ മുഖത്തേക്ക് അയാൾ നോക്കി.

ആ മുഖത്ത് ഇന്നലെ രാത്രി പതിഞ്ഞ തന്റെ കൈവിരൽ പാടുകൾ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.  മദ്യത്തിന്റെ ലഹരിയിൽ ആടി  തിമിർക്കുമ്പോൾ, മുന്നിൽ ആരാണെന്ന് പലപ്പോഴും നോക്കിയിരുന്നില്ല.  മുന്നിൽ നിൽക്കുന്നത് ഭാര്യയാണെങ്കിൽ പോലും, അവരൊക്കെ വെറും കളിപ്പാവകൾ മാത്രമായിരുന്നു.

 തലേരാത്രി അവളെ മർദ്ദിച്ചിട്ട്, ഉറയ്ക്കാത്ത കാലുകളുമായി ബൈക്ക് എടുത്തു പോയതാണ്.... 

 ഏതോ വാഹനത്തിൽ തന്റെ ബൈക്ക് ഇടിച്ചത് മാത്രമേ തനിക്ക് ഓർമ്മയുള്ളൂ.... 

 അതിനുശേഷം ഇപ്പോഴാണ് കണ്ണു തുറക്കുന്നത്. 

 ഈ സമയത്ത് എല്ലാം താൻ മറ്റേതോ യാത്രയിലായിരുന്നുവെന്ന് അയാൾക്ക് തോന്നി.....

 മരണം മനസ്സിനെ ഭയപ്പെടുത്തിയ നിമിഷങ്ങൾ....

 ചുറ്റും ഇരുട്ടാണ്.... ഒരിറ്റു വെളിച്ചത്തിനായി കൊതിച്ചു പോയി...

 ആരും ആഗ്രഹിച്ചു പോകും ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്ര...

 മരണം എന്നത് സത്യമാണ്.... പക്ഷേ ജീവിച്ചു കൊതി തീരും മുൻപേ പറന്നകലാനൊരു മടി....

 മരണത്തിന്റെ മറു തീരത്ത് പോയി തിരിച്ചു വന്നവരാരും ഇനി ഒരിക്കലും അത് ആഗ്രഹിക്കുകയില്ല .... അങ്ങനെ ഒരു അവസ്ഥയിലാണ് താൻ ഇപ്പോൾ...

 അയാൾ കണ്ണുകൾ ഉയർത്തി ഭാര്യയെ നോക്കി.

 കൈ ഉയർത്തി അവളെ വിളിക്കണം എന്നുണ്ട്....

 പക്ഷേ ശരീരം ആകെ നുറുങ്ങുന്ന വേദനയാണ്....

അയാൾ തല ഉയർത്തി മുന്നോട്ടു വരാൻ അവളോട് ആവശ്യപ്പെട്ടു.  ഒരല്പം ഭയത്തോടെ ആണെങ്കിലും കുഞ്ഞുമായി അവൾ അയാൾക്ക് അരികിലെത്തി.  അയാൾക്ക് അരികിലെത്തിയതും ആ കണ്ണുകളിൽ നനവ് പടരുന്നത് അവൾ കണ്ടു.  അത് അവസാനം ഒരു കണ്ണീർ ചാലായി മാറുമ്പോൾ അവൾ ആ കണ്ണുകൾ തുടച്ചു.  ഇരുട്ടിന്റെ ആത്മാവിനെ പേറി കടന്നുപോയ മണിക്കൂറുകൾ.  ഇനി ഒരിക്കലും അങ്ങനെയൊന്ന് തന്റെ ജീവിതത്തിലേക്ക് കടന്നു വരരുതേ എന്ന് അയാൾ ആഗ്രഹിച്ചു.  ശരീരം നുറുങ്ങുന്ന വേദനയിലും, തന്റെ ഭാര്യയുടെ കരസ്പർശനത്തിന്റെ സുഖം  അയാൾ അറിയുന്നുണ്ടായിരുന്നു .

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ