മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

family

Sreehari Karthikapuram

അയാളുടെ കണ്ണുകൾ ഏകാന്തതയിലേക്ക് നോക്കിയിരുന്നു. തലയിൽ കെട്ടിയുറപ്പിച്ച ചീന്തി തുടങ്ങിയ തോർത്തഴിച്ച് തോളിലേക്ക് ഇടുമ്പോൾ ഒരു നെടുവീർപ്പ് മാത്രമാണ് ഉണ്ടായത്. ചാണകം മെഴുകിയ കോലായിലിരുന്ന് മടക്കി കുത്തിയ മങ്ങിയ കള്ളിമുണ്ടിൽ കൈ തുടച്ച് അയാൾ ഒരു തെറുപ്പ് ബീഡിക്ക് തീ പകർന്നു. ഒട്ടി തുടങ്ങിയ കവിളുകളെ വീണ്ടും ഉള്ളിലേക്ക് വലിച്ച് കൊണ്ട് പുകച്ചുരുളുകൾ വികൃതി കാട്ടി. സൂര്യൻ അതിൻ്റെ ഉഗ്രരൂപത്തിൽ കത്തിജ്വലിക്കുകയാണ്. അതിൽ നിന്നുമെത്തുന്ന തീ നാമ്പുകൾ മണ്ണിനെയും മനുഷ്യനെയും സകല ജീവജാലങ്ങളെയും ദഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

"അപ്പുപ്പാ..." പുറകിൽ നിന്നുള്ള വിളി കേട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്. മകളുടെ മകളാണ്. ആണായും പെണ്ണായും ഒന്നേ ഉണ്ടായുള്ളു. നഗരത്തിലുള്ള ചെക്കനെ കല്യാണം കഴിപ്പിച്ച് അയച്ചു. മഴയും മണ്ണും മനസും ഒത്ത് ചേർന്നപ്പോൾ സ്വർണ്ണം വിളയിച്ച ഭൂമിയിൽ ഭൂരിഭാഗവും അവർക്ക് എഴുതി നൽകി. അവരാകട്ടെ മണ്ണിനെ കീറി മുറിച്ച് പോക്കറ്റ് വീർപ്പിച്ച് ഇല്ലാതായത് താൻ അദ്വാനിച്ച് ഉണ്ടാക്കിയ ഭൂമിയുടെ സ്വത്വവും. ഭാര്യ മരിച്ചതിന് ശേഷം അയാൾ ജീവിച്ചത് മകൾക്ക് വേണ്ടിയാണ്. സമയം ചിലവഴിച്ചത് മുഴുവൻ ഈ മണ്ണിലും. ബാക്കിയുള്ള അരയേക്കറിൽ പൊന്നുവിളയിച്ച് തന്നയാ ജീവിച്ച് പോന്നത്.. പക്ഷെ, ഇന്ന്.. അവൾ അപ്പനെ കാണാൻ വർഷത്തിൽ ഒന്നോ രണ്ടോ തവണ വരും. അങ്ങനെ വന്നപ്പോൾ ഇത്തവണ കൊച്ചുമോളെയും കൂട്ടി.
"എന്താ മോളേ.. " അയാൾ സ്നേഹത്തോടെ ബീഡി കളഞ്ഞ് കൈ തുടച്ച് അവളുടെ തോളിൽ തൊട്ടു.

"അപ്പനിതെന്നാത്തിൻ്റെ കേടാ... എത്ര തവണ പറയണം. ഈ ആർക്കും വേണ്ടാത്ത സ്ഥലവും കെട്ടിപിടിച്ചിരിക്കാണ്ട് വിറ്റുടെ... എന്നിട്ട് ഞങ്ങൾക്കൊപ്പം വന്ന് താമസിച്ചാലെന്നാ..." ശബ്ദം കേട്ട് അയാൾ തലയുയർത്തി നോക്കി. മകളാണ്, എപ്പഴേത്തെയും പോലെ പതിവു പല്ലവിയുമായ് ഉമ്മറത്തേക്ക് വന്നു. സ്ഥിരം തിരിച്ചിറങ്ങുമ്പോഴുള്ള പല്ലവി തന്നെ.

"അപ്പാ.. ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി അതിന് മിനക്കെടണ്ട. സമയം പോയി, ഞങ്ങളിറങ്ങുവാന്നേ.."  അവൾ കെച്ചിനെയും എടുത്തു കൊണ്ട് പടിയിറങ്ങി അകന്ന് പോകുന്നത് അയാൾ നിർവികാരതയോടെ നോക്കി നിന്നു.

തോളത്ത് കിടന്ന തോർത്തെടുത്ത് ഒന്ന് മേല് തുടച്ച് തലയിൽ വട്ടത്തിൽ കെട്ടി അയാൾ തൻ്റെ മണ്ണിലേക്ക് ഇറങ്ങി. ചവിട്ടുമ്പോൾ തോന്നാറുള്ള തണുപ്പും ഇക്കിളിപ്പെടുത്തുന്ന സുഖമോ ഒന്നും തന്നെയില്ല. അവസാന നീരും വറ്റി വരണ്ടൊണങ്ങി അവസാന ശ്വാസത്തിനായ് കേഴുന്ന മണ്ണും തൻ്റെ മനസും ശരീരവും ഒരു പോലെയാണ് അയാൾക്ക് തോന്നിയത്. വേനൽമഴ ഇതുവരെയും കിട്ടിയിട്ടില്ല.. കിട്ടിയതാകട്ടെ ഒന്ന് രണ്ടു തവണ പൊടിഞ്ഞങ്ങ് തീർന്നു. അതുപോലെ തന്നെയായിരുന്നു അയാളുടെ അവസ്ഥയും. വല്ലപ്പോഴും ആകെയുള്ള മകളും കൊച്ചുമകളും ഏതാനും മണിക്കൂറുകൾ കുറച്ച് സന്തോഷം തന്ന് മറയും.  രണ്ടും കൂടുതൽ കൂടുതൽ വരണ്ടുണങ്ങിയ മണ്ണിലേക്കും മനസിലേക്കും നിർജീവാവസ്ഥയിലേക്കും നയിക്കുന്നു.

അയാൾ കൈകൾ തൻ്റെ നെറ്റി തടത്തിലേക്ക് വെച്ച് തലയുയർത്തി പ്രതീഷയോടെ കത്തിജ്വലിക്കുന്ന ആകാശത്തിൻ്റെ വ്യാപ്തിയിൽ കണ്ണുകളോടിച്ചു നിന്നു. വേനലിൻ്റെ ഉഗ്രതാപത്താൽ കത്തിയെരിയുന്ന മണ്ണിനെയും മനസിനെയും തണുപ്പിച്ചു പെയ്തിറങ്ങുന്ന ഒരു മഹാമാരിയുടെ തിരയിളക്കമുയരുവാൻ തുടികൊട്ടുന്നുണ്ടോന്ന് നോക്കി..

കണ്ണിൽ നിന്നും ഇറ്റുവീണ ചുടുനിണം പോലും ആവിയുടെ പുക ചുരുൾ പോലെ ഉയർന്നു കൊണ്ടേയിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ