"എന്തൊരു ബ്ലോക്കാണിത്, ഇതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ.." എൻ്റെ കൈ എയർ ഹോണിൽ അമർന്നുകൊണ്ടിരുന്നു. മുന്നിൽ തടി കയറ്റി വന്ന ഒരു ലോറിയുടെ ട്രൈവറും ഒരു ഓട്ടോറിക്ഷക്കാരനും തമ്മിൽ വാക്ക് തർക്കം നടക്കുന്നു.
കേട്ടതിൽ നിന്ന് ഓട്ടോറിക്ഷക്കാരൻ്റെ കൈയ്യിലാണ് തെറ്റ് എന്ന് തോന്നുന്നു. അയാൾ റോംഗ് സൈഡിൽ കയറി വന്നതാണ്. ഓട്ടോറിക്ഷയുടെ സ്പീഡിൽ ഇടിക്കും എന്നായപ്പോൾ ലോറി അയാൾക്ക് ടാറിംഗിന് പുറത്തേക്ക് ഇറക്കേണ്ടി വന്നു. രണ്ടു കൂട്ടർക്കും അപകടങ്ങൾ ഒന്നും പറ്റായിട്ടില്ല. എന്നിട്ടും തർക്കത്തിന് അന്ത്യമായിട്ടില്ല. റിക്ഷക്കുള്ളിലുണ്ടായിരുന്ന ഒരു യാത്രക്കാരനും പ്രശ്നം ഏറ്റുപിടിച്ചിട്ടുണ്ട്. ആകെ ബഹളമയം.
തിളക്കുന്ന വെയിലാണ് പുറത്ത്, A/Cക്ക് തണുപ്പ് പോരെന്ന് തോന്നി കൂട്ടി വച്ചു. എന്നിട്ടും ശരീരം വിയർക്കുന്നുണ്ട്. അഞ്ചാറ് വർഷം ഗൾഫിലായിരുന്നു. നാട്ടിൽ കുടുംബക്കാരോ ബന്ധുക്കളോ ആരും തന്നെയില്ല. ആകെയുണ്ടായിരുന്ന വല്യപ്പച്ഛൻ മരിച്ചതിന് ശേഷമാണ് ഒരു ഏജൻ്റ് മുഖേന ഗൾഫിലേക്ക് വണ്ടി കയറിയത്. സുഹൃത്തുക്കളോ അത്തരം ബന്ധങ്ങളോ ഒന്നും ചെറുപ്പം മുതലേ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വളർന്നത്. ആരോടും സ്നേഹമോ മമതയോ കാണിക്കരുത്. ജീവിക്കണമെങ്കിൽ വേണ്ടത് പണം മാത്രമാണ്. അതിനായ് മാത്രം പരിശ്രമിക്കണമെന്നാണ് വല്യപ്പച്ഛൻ പഠിപ്പിച്ചിട്ടുള്ളത്. കുറച്ച് ദിവസമായ് നാട്ടിലെത്തിയിട്ട്. നാട്ടുകാരും അയൽവക്കക്കാരുമൊക്കെ കുശലാന്വേഷണത്തിന് വന്നെങ്കിലും ആരെയും അധികം അടുപ്പിച്ചില്ല. തിളയ്ക്കുന്ന വെയിലും ചുട്ടുപൊട്ടുള്ളുന്ന ചൂട് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ വീടിനുള്ളിൽ ഇരിക്കാനാവാതെ ഒരു റൈഡിന് ഇറങ്ങിയതാണ്. അപ്പോഴാണ് ഇങ്ങനൊരു മാരണം. മറ്റു വണ്ടിക്കാരും യാത്രക്കാരും പ്രശ്നം തീർക്കാൻ പുറത്തെറങ്ങിയിട്ടുണ്ട്. ഞാൻ ഇതെല്ലാം നോക്കിക്കൊണ്ട് വണ്ടിക്കുള്ളിൽ തന്നെയിരുന്നു.
മുൻവശത്തെ സൈഡ് ഡോറിൻ്റെ ഗ്ലാസിൽ ആരോ മുട്ടുന്നത് കേട്ടാണ് അങ്ങോട്ടേക്ക് നോക്കിയത്. കൈ കൂപ്പി പിടിച്ച് പ്രതീക്ഷയോടെ ഉള്ളിലേക്ക് നോക്കുന്ന ഒരു പയ്യനെയാണ് അവിടെ കണ്ടത്. ഗ്ലാസ്സ് താഴ്ത്താതെ തന്നെ കൈ കൊണ്ട് ആഗ്യം കാണിച്ച് പോകുവാൻ പറഞ്ഞു. അവൻ വിടുന്ന ലക്ഷണമില്ല. വീണ്ടും വീണ്ടും ഗ്ലാസിൽ മുട്ടിക്കൊണ്ടേയിരുന്നു. ദേഷ്യം സഹിക്കാനാവാതെ വന്നപ്പോഴാണ് ഗ്ലാസ്സ് താഴ്ത്തിയത്. പെട്ടന്ന് താഴ്ത്തിയത് കൊണ്ടും എൻ്റെ ദേഷ്യം നിറഞ്ഞ മുഖഭാവവും കണ്ടപ്പോൾ അവൻ പെടുന്നനെ പേടിച്ചത് പോലെ തോന്നി. "എന്താ, നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ, പൊക്കോ.. പൊക്കോ.. " ഞാൻ ആക്രോശിച്ചു കൊണ്ടാണ് അവനെ നോക്കിയത്. ശരീരമാസകലം മുഷിഞ്ഞ് മെല്ലിച്ചുണങ്ങിയ ഒരു രൂപം. കണ്ടപ്പോൾ തന്നെ എനിക്ക് അറപ്പാണ് തോന്നിയത്. ഗ്ലാസ്സ് തിരികെ ഉയർത്താൻ തുടങ്ങിയ എന്നെ അവൻ തടഞ്ഞ് കൊണ്ട് കെഞ്ചാൻ തുടങ്ങി.
"സാറേ,,, സാറേ,, വിശനിട്ടാ.. എന്തെങ്കിലും തരണേ.." കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും അവൻ്റെ കൈകൾ ഒരു കടയുടെ മുന്നിലേക്ക് ചൂണ്ടുന്നുണ്ടായിരുന്നു. മനസില്ല മനസോടെയെങ്കിലും ഞാൻ അങ്ങോട്ടേക്ക് നോക്കി. അവിടെ നിലത്ത് ജഡ കെട്ടിയ മുടികൾ പിഞ്ചി വലിച്ചുകൊണ്ട് ഒരു പ്രാകൃത രൂപം ഇരിക്കുന്നുണ്ട്. കീറിയ ബൗസും കറുത്ത ചെളി പുരണ്ട ശരീരവും കാൽമുട്ട് വരെ തെറുത്ത് കയറ്റി വച്ചിരിക്കുന്ന അവരെ ഒരു ഭ്രാന്തിയാണെന്ന് തോന്നിപ്പിച്ചു. ഇടയ്ക്കൊക്കെ ചിരിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്.
"സാറേ... സാറേ, അമ്മക്ക് വയ്യ സാറേ, എന്തെങ്കിലും തരണേ, സാറേ വിശന്നിട്ടാ..." ആ ചെറുക്കൻ്റ ശബ്ദമാണ് അവനിലേക്ക് വീണ്ടും മുഖം തിരിപ്പിച്ചത്. ദൈന്യത നിറഞ്ഞ അവൻ്റെ മുഖം മനസ്സിനെ നീറിച്ചെങ്കിലും പൈസയുടെ കാര്യമോർത്തപ്പോൾ ആട്ടിപ്പായ്ക്കാനാണ് ശ്രമിച്ചത്. അവൻ വിട്ട് പോവുന്നില്ലെന്ന് കണ്ടപ്പോഴാണ് ഡാഷ് ബോർഡ് തുറന്നത്. അതിൽ അഞ്ഞൂറിൻ്റെ നോട്ടുകൾ റബർ ബാൻ്റിട്ട് വച്ചിരിക്കുന്നത് കണ്ട് ചെറുക്കൻ ഇത് വരെ കാണാത്തതെന്തോ കണ്ടത് പോലെ നോക്കി നിൽക്കുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. അതിനുള്ളിൽ നിന്ന് തപ്പി ഒരു പത്ത് രൂപാ കോയ്ൻ എടുത്ത് ഡാഷ് ബോർഡ് അടച്ചു. അവൻ ആർത്തിയോടെ രണ്ടു കൈകളും എൻ്റെ നേരെ നീട്ടി. അവൻ്റെ കൈയ്യിൽ പൈസ വച്ച് കൊടുക്കാൻ എൻ്റെ മനസ് അനുവദിച്ചില്ല. ഇവൻ ഇവിടകിടന്ന് വീണ്ടും ചുറ്റി തിരിഞ്ഞാലോ.., ഞാൻ ആ നാണയം കാറിന് വെളിയിലേക്ക് എറിഞ്ഞു. ഒപ്പം " പോ, പോ.. പോയിയെടുത്തോ , ഇനി ഇവിടെ കണ്ടേക്കരുത്.." എന്ന് ആക്രോശിക്കാനും മറന്നില്ല. നാണയം റോഡിൽ തട്ടിത്തെറിച്ച് കടകൾക്കും റോഡിനും ഇടയിലുള്ള മൺപാതയിലൂടെ ഉരുണ്ട് നീങ്ങി. അതിന് പുറകെയുള്ള അവൻ്റെ ഓട്ടം നോക്കിക്കൊണ്ട് ഞാൻ ഗ്ലാസ്സുയർത്തി.
റോഡിലെ പ്രശ്നം ഉടനൊന്നും തീരുമെന്ന് തോന്നുന്നില്ല. ആരൊക്കെയോ പോലീസിനെ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പതിയെ കാർ റോഡിൽ നിന്നിറക്കി ഒരു കടയുടെ മുൻപിലേക്ക് ഒതുക്കി നിർത്തി. കുറച്ച് മുമ്പിലായ് ആ ഭ്രാന്തി ഇരിക്കുന്നത് കാണാം. ആ ചെക്കനെ മാത്രം എവിടെയും കണ്ടില്ല. ഞാൻ പുറത്തിറങ്ങി മുന്നിൽ കണ്ട കടയിലേക്ക് കയറി.
"ചേട്ടാ ഒരു നാരങ്ങാ സോഡ തന്നേര് " കടക്കാരൻ നാരങ്ങ പിഴിഞ്ഞ് ഉപ്പിട്ട് സോഡ ഗ്ലാസിലേക്ക് പകർന്നു. നുരഞ്ഞ് പൊങ്ങിയ ഗ്ലാസ്സ് കൈമാറുമ്പോൾ കടക്കാൻ എന്നോട് ചോദിക്കാൻ മറന്നില്ല.
"കുറേ നാള് ലീവുണ്ടോ, അതോ, ഉടനെ മടങ്ങാനാ.."
"ഓ തീരുമാനിച്ചിട്ടില്ല, " എന്നിൽ നിന്നും വന്നത് പരുക്കനായ മറുപടിയാണ്. ഒരു സിഗരറ്റ് വാങ്ങി തീ പകർന്ന് കാറിൻ്റെ അടുത്തേക്ക് വന്നപ്പോൾ നേരത്തെ കണ്ട ആ പയ്യൻ അവിടെ നിൽപ്പുണ്ട്. എന്നെ കണ്ട പാടേ അവൻ അവിടെ നിന്ന് പരുങ്ങുവാൻ തുടങ്ങി.
"എന്താടാ.. നിനക്ക് കിട്ടിയത് പോരെ, മാറിപ്പോടാ.. അവിടുന്ന് " എൻ്റെ ശബ്ദം കേട്ട പാടെ അവൻ അവിടെ നിന്നും ഓടി കടതിണ്ണയിൽ പോയിയിരുന്നു. അപ്പോഴും അവൻ്റെ നോട്ടം മുഴുവൻ എൻ്റെ കാറിൻ്റെ നേരെയായിരുന്നു. സിഗരറ്റിൻ്റെ അവസാന പുകയും എടുത്തപ്പോഴേക്കും പോലീസ് വാഹനം സൈറണടിച്ച് വരുന്നത് ശ്രദ്ധയിൽ പെട്ടു. പെട്ടന്ന് തന്നെ രംഗം ശാന്തമായ്. പോലീസുകാർ ഇടപെട്ട് ബ്ലോക്ക് മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഞാൻ ഡോർ തുറന്ന് കാറിനുള്ളിലേക്ക് കയറി. റോഡിലേക്ക് കയറാനായ് കാർ തിരിച്ച് മുന്നോട്ട് എടുത്തു. അപ്പോഴാണ് ഫ്രണ്ട് മിററിലൂടെ ആ ചെറുക്കൻ കാർ കിടന്നിരുന്ന സ്ഥലത്തേക്ക് ഓടി വരുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടത്. അറിയാതെ എൻ്റെ കാലുകൾ ബ്രേക്കിലമർന്നു. അവനെന്താണ് ചെയ്യുന്നതെന്ന് കാറിനുള്ളിൽ ഇരുന്നു തന്നെ ഞാൻ വീഷിച്ചു. കാറിൻ്റെ മുൻ ടയർ നിന്നിരുന്ന ഭാഗത്തെ മണ്ണ് അവൻ സൂഷ്മതയോടെ മാറ്റുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. അവിടുന്ന് അവൻ എന്തോ ഒന്ന് കയ്യിലെടുത്തു. തൻ്റെ ഷർട്ടിൻ്റെ അറ്റം കൊണ്ട് അത് തുടച്ച് വൃത്തിയാക്കി ചുണ്ടോട് ചേർത്ത് പൊടി ഊതി കളഞ്ഞപ്പോഴാണ് അതെന്താണ് എന്ന് എനിക്ക് മനസിലായത്. കുറച്ച് മുമ്പ് ഞാൻ എറിഞ്ഞ് കൊടുത്ത പത്ത് രൂപാ നാണയം. അത് വെയിലേറ്റ് തിളങ്ങി. ആ തിളക്കം എൻ്റെ നെഞ്ചിൽ തുളച്ച് കയറുന്നതായിരുന്നു. അവനതുമായ് ഞാൻ നേരത്തെ കയറിയ അതേ കടയിലേക്ക് കയറിപ്പോയ്. രണ്ട് മിനിറ്റിന് ശേഷം ഒരു ചെറിയ കടലാസു പൊതിയുമായ് അവൻ തിരികെയിറങ്ങി. അവൻ നേരെ പോയത് ആ ഭ്രാന്തിയുടെ അടുക്കലേക്കാണ്. കടലാസു പൊതി കണ്ടതോടെ ആർത്തിയോടെ തട്ടിപ്പറിക്കുന്ന അവരുടെ രൂപം എൻ്റെയുള്ളിൽ നെരിപ്പോട് പോലെ പുകഞ്ഞു. അവൻ അവരുടെയടുത്ത് ചേർന്നിരിപ്പുണ്ട്. അവൻ്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു തെളിച്ചം കാണാമായിരുന്നു.
താനെന്തൊരു പാപിയാണ്. എൻ്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ വലനെയ്ത് കൂട്ടി. അത് താങ്ങാനാവാതെ നെഞ്ഞ് പൊട്ടി പോകും എന്ന് തോന്നി തുടങ്ങിയപ്പോൾ ഞാൻ പതിയെ ഡാഷ് ബോർഡ് തുറന്നു. മനസിൽ നന്മയുടെ ചെറിയൊരു കണിക ഉദിച്ചിരിക്കുന്നു. അവന് വേണ്ടി എന്തെങ്കിലും ചെയ്യണം. പക്ഷെ, ഡാഷ് തുറന്നതും റബർ ബാൻ്റിട്ട് മുറുക്കിയ നോട്ടുകൾ താഴേക്ക് ചിതറി വീണു. പെടുന്നനെ ഞാൻ അതെല്ലാം പെറുക്കിയെടുത്ത് ഭദ്രമായ് ഡാഷ് ബോർഡിലേക്ക് തന്നെ തിരികെ വച്ച് അടച്ചു. നോട്ടുകളുടെ പ്രകാശം കണ്ണിൽ നിറഞ്ഞപ്പോൾ മനസിൽ തോന്നിയ പല വിചാരങ്ങളും പറന്നകന്നു. വല്യപ്പച്ഛനെ ഓർമ്മ വന്നു. ജീവിച്ചതും പഠിച്ചതും പഠിപ്പിച്ചതും ഓർമ്മ വന്നു. ഒപ്പം ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയും. ഞാൻ കാർ റോഡിലേക്ക് ഇറക്കി മുന്നോട്ട് പായിച്ചു.. പുറകോട്ട് നോക്കാതെ..