"വൈകുന്നേരം നീ ഉക്കാസ്മൊട്ട വരെ വരണം", ക്വാറന്റൈൻ ദിനങ്ങൾ അവസാനിച്ച്, നിയന്ത്രണങ്ങളുടെ ചങ്ങലക്കെട്ടുകളിൽ നിന്നും പുറത്തുവന്ന ദിവസം തന്നെയാണ് ജഗദീഷിനെത്തേടി സുഹൃത്തായ ഒമിനിക്ക്
പൊട്ടൻ എന്ന് വിളിക്കപ്പെടുന്ന സജീവിന്റെ ഫോൺകാൾ എത്തിയത്.
ജഗദീഷിന്റെ വീട്ടിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട് ഉക്കാസ്മൊട്ടയിലേക്ക്പു. റത്തുള്ളവരുടെ കാഴ്ച്ചപ്പാടിൽ ഒരു എരണംകെട്ട സ്ഥലമാണ് ഉക്കാസ്മൊട്ട.
നാടിന്റെ നിയമവ്യവസ്ഥകളൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന് ധരിച്ചുവെച്ചിരിക്കുന്ന, തങ്ങളുടെ നാട് ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് കരുതുന്ന ഒരുകൂട്ടം മനുഷ്യർ ജീവിക്കുന്ന നാട്.
തൊട്ടടുത്ത പ്രദേശങ്ങളിലെ ആഘോഷങ്ങളിൽ, അത് ഉത്സവമായിക്കോട്ടെ, അമ്പ്പെരുന്നാളായിക്കോട്ടെ, ആർട്ട്സ് ക്ലബ്ബിന്റെ വാർഷികമായിക്കോട്ടെ ഏത് കച്ചറയും രൂപപ്പെടുന്നത്, ആഘോഷങ്ങളിൽ പങ്കെടുക്കുവാനെത്തുന്ന
"ഉക്കാസ്മൊട്ട റിപ്പബ്ലിക്കിലെ" വരത്തൻമാർ കാരണമായിരിക്കും.
പടിയോട്ട്ചാൽ കഴിഞ്ഞു ഉക്കാസ്മൊട്ടയുടെ തുടക്കമായ അങ്കണവാടി മുക്കിൽ നിന്നാൽ മതിയെന്നാണ് ഒമിനിക്ക് ജഗദീഷിന് നല്കിയ നിർദേശം.
ഉക്കാസ്മൊട്ട ലക്ഷ്യമാക്കി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ജഗദീഷിന്റെ മനസ്സിൽ, വീർപ്പുമുട്ടലിന്റെയും, അസ്വസ്ഥതയുടേയുമൊക്കെ വിത്തുകൾ മുളച്ചുപൊങ്ങിയിരുന്നു. പഴയ സംഭവങ്ങൾക്ക് ശേഷം വർഷം ഇത്രയും കഴിഞ്ഞിട്ടും പിന്നീട് ഇതുവരെ ജഗദീഷ് ഉക്കാസ്മൊട്ടയിൽ പോയിട്ടില്ല.
അങ്കണവാടിക്ക് സമീപമുള്ള അടച്ചിട്ടിരുന്ന മാടക്കടക്കരികിൽ ബൈക്ക് ഒതുക്കി കാത്തുനിൽക്കുമ്പോഴാണ് ജഗദീഷിന്റെ ശ്രദ്ധയിൽ ഗ്രാവൽ റോഡിനു എതിർവശത്ത് നാട്ടിയേക്കുന്ന ബോർഡ് ശ്രദ്ധയിൽപ്പെട്ടത്.
"മാഡ്രിഡ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് "
വർഷം എത്ര കഴിഞ്ഞു... ഇപ്പോഴും ഈ ക്ലബ് നിലവിലുണ്ടോ എന്ന ചോദ്യം ജഗദീഷിലുയർന്നു.
ഏറെകഴിയും മുമ്പ് തന്നെ അങ്കണവാടിയുടെ വലതു സൈഡിലുള്ള ഇടവഴിയിലൂടെ ഒമിനിക്കിന്റെ ബൈക്ക് കടന്നുവന്നു.
"എന്റെ പിന്നാലെ വാ"
കൂടുതൽ സംഭാഷണങ്ങൾക്ക് മുതിരാതെ ഒമിനിക്ക് വണ്ടി തിരിച്ചു,
"നീ എങ്ങോട്ടാണ് പോകുന്നത്, ഉക്കാസ്മൊട്ടയുടെ അകത്തേക്ക് ഞാനില്ല"
ജഗദീഷിന്റെ ആശങ്ക നിറഞ്ഞ വാക്കുകൾക്ക് മറുപടി നല്കാതെ ഒമിനിക്ക് ബൈക്ക് സ്റ്റാർട്ട് ചെയ്തു, ഒമിനിക്കിന് പിന്നാലെ ജഗദീഷും.
ഉക്കാസ്മൊട്ടയിലെ കരയോഗമാപ്പീസിന് വടക്കുഭാഗത്തുള്ള പണിപൂർത്തിയായ ഒരു വീടിന്റെ മുന്നിലാണ് ഒമിനിക്കിന്റെ ബൈക്ക് നിന്നത്.
"നിനക്ക് കുഴവി ബാബുനെ ഓർമ്മയുണ്ടോ?
അവനു മാഡ്രിഡ് ക്ലബ്, നാട്ടുകാരുടെ സഹായത്തോടെ പണിതുകൊടുക്കുന്ന വീടാണ്, മറ്റെന്നാൾ കേറിത്താമസമാണ്"
ബൈക്ക് ഓഫ് ചെയ്തിറങ്ങവേ ഒമിനിക്ക് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ജഗദീഷിന്റെ ശ്രദ്ധ വീടിന്റെ മുറ്റത്ത് കസേരയിൽ ആരോടെന്നില്ലാതെ ചിരിച്ചുകൊണ്ടിരിക്കുന്ന കുഴവി ബാബുവിലേക്കായിരുന്നു.
വർഷം കുറെയേറെ മുമ്പ്, രണ്ടായിരത്തിന്റെ ആദ്യ പകുതിയിൽ ബൈക്ക് സഫാരി സ്വായത്തമാക്കിയ നാളുകളിലൊന്നിൽ, വാടകക്ക് ബൈക്ക് നൽകുന്ന പൈലറ്റ് മാഹിനിൽ നിന്ന് അരദിവസത്തേക്ക് വാടകക്കെടുത്ത ഹീറോഹോണ്ട സ്‌പ്ലെണ്ടർ ബൈക്കിലേറി ആത്മരതിയുടെ ഉത്തുംഗതകളിലേക്ക് ഊഞ്ഞാലാടുന്നതിനിടയിലാണ്, പേരപ്പൻമുക്കിലെ മോളിഅമ്മാവിയെ കുറിച്ചുള്ള ഓർമ്മകൾ ജഗദീഷിലേക്കോടിയെത്തിയത്.
സൈക്കിളിൽ നിന്ന് ബൈക്കിലേക്ക് പ്രമോഷൻ കിട്ടിയ വിവരം മോളിയമ്മാവിയെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് ഉക്കാസ്മൊട്ട വഴി പേരപ്പൻമുക്കിലേക്ക് ജഗദീഷ് ബൈക്കിന്റെ ഗിയർ ചെയിഞ്ച് ചെയ്തത്.
അങ്കണവാടിക്ക് സമീപമെത്തിയപ്പോഴാണ് ഏതോ ക്ലബ്കാരുടെ റോഡ് തടഞ്ഞുള്ള പിരിവ് ശ്രദ്ധയിപ്പെട്ടത്, യുവാക്കളുടെ ഒരു സംഘമാണ് പിരിവ് നടത്തുന്നത്, സ്ഥലം ഉക്കാസ്മൊട്ട ആയതുകൊണ്ട് തന്നെ അതുവഴി കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നെല്ലാം ആവശ്യപ്പെടുന്ന തുക പിരിവുകാർക്ക് ലഭിക്കുകയാണ് പതിവ്.
പുത്തൻ ബൈക്കോടിക്കലുകാരന്റെ പരിഭ്രമത്തോടെ, റോഡിനു കുറുകെ നില്ക്കുന്ന പിരിവുസംഘത്തിന് മുന്നിൽ ബൈക്ക് ന്യുട്ട്രലിട്ട് നിന്നതോടെ, കയ്യിൽ പിടിച്ചേൽപ്പിക്കപ്പെട്ട നോട്ടീസിലെ "മാഡ്രിഡ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്"എന്ന പേരിലേക്ക് കണ്ണോടിക്കുമ്പോൾ തന്നെ നൂറു രൂപ എഴുതിയ രസീത് ബലമായി ജഗദീഷിന്റെ കയ്യിലേക്ക്.
രസീതിലെ നൂറുരൂപക്ക് പകരം പത്തുരൂപ നീട്ടിയപ്പോൾ, ബൈക്കിന്റെ ചാവിക്ക് കൂട്ടത്തിലൊരുവന്റെ കയ്യിലേക്ക് സ്ഥാനചലനം സംഭവിച്ചു കഴിഞ്ഞിരുന്നു,
ബൈക്കിന്റെ ചാവി കയ്യിലെടുത്ത ആളെ പെട്ടന്ന് തന്നെ ജഗദീഷിന് മനസിലായി.
തന്റെ വീടിനടുത്തുള്ള പടിയോട്ട് ചന്തയിലെ മായ ടെയിലേഴ്‌സ് നടത്തുന്ന മായാമോഹനൻ എന്നറിയപ്പെടുന്ന, മോഹനന്റെ മകൻ മോനീഷ്. മായാ ടെയിലേഴ്‌സിൽ ഇടയ്ക്കിടെ മോനീഷ് വരുന്നത് കാണാറുണ്ട്,
"കളിയെടുക്കാതെ കാശ് തന്നിട്ട് പോടെ"
പിരിവുകാരുടെ ഓർമ്മപ്പെടുത്തലിന് ജഗദീഷിന്റെ മറുപടി മൗനത്തിലൊതുങ്ങിയതോടെ, മായാമോഹനപുത്രൻ പോക്കറ്റിൽ നിന്ന് ബലമായി നൂറുരൂപ കയ്യിലെടുത്തു, പകരം ബൈക്കിന്റെ ചാവി തൽസ്ഥാനത്ത് നിക്ഷേപിച്ചു, വേഗം വണ്ടി വിട്ടുപൊക്കോളാൻ പുറത്ത് തട്ടിയൊരു സൗജന്യ ഉപദേശവും ജഗദീഷിന് നൽകി.
മോളിയമ്മാവിയുടെ വീട് ലക്ഷ്യമാക്കി ബൈക്ക് പറത്തുമ്പോഴും നഷ്ട്ടമായ നൂറുരൂപയെ കുറിച്ചുള്ള ആകുലതകളും, ആത്മാഭിമാനത്തിനേറ്റ ക്ഷതവുമായിരുന്നു ജഗദീഷിന്റെ മനസ്സിൽ. പൈല്ലറ്റ് മാഹിന് വൈകുന്നേരം നൽകേണ്ട വാടകക്കാശിലാണ് നൂറു രൂപ കുറവ് വന്നിരിയ്ക്കുന്നത്.
"കൈത തെക്കേലെ ജയരാജന്റെ മകൻ ജഗദീഷിനെ അല്ല അവന്മാർ അപമാനിച്ചത്, പടിയോട്ട്ചാൽ മിലാൻ സാംസ്‌കാരികസമിതിയുടെ സമൂന്നതനായ പ്രവർത്തകന് നേരെയാണ് അവന്മാരുടെ കയ്യേറ്റം, ഇതിന് തക്കതായ തിരിച്ചടിവേണം"
ആ വൈകുന്നേരം വായനശാലക്ക് സമീപമുള്ള മൺകൂനയിൽ ഇരിപ്പുറപ്പിച്ച പടിയോട്ട് ചാൽ മിലാനിലെ ക്ഷുഭിത യൗവനങ്ങളിൽ പ്രതിഷേധം ഇരമ്പിയാർത്തു. മൂന്നാം ദിവസം വൈകുന്നേരമാണ് മായാ ടെയ്ലേഴ്‌സിലെത്തി ഉക്കാസ്മൊട്ടയിലേക്ക് ബൈക്കിൽ മടങ്ങുന്ന മോനീഷ് ജഗദീഷിന്റെയും, ഒമിനിക്ക് പൊട്ടന്റെയും മുന്നിൽ വന്നുപെട്ടത്. ദിവസങ്ങൾക്ക് മുമ്പ് ഉക്കാസ്മൊട്ടയിലെ പാതയോരത്തുവെച്ച് നഷ്ട്ടമായ ആത്മാഭിമാനം വീണ്ടെടുക്കുവാൻ ലഭിച്ച സുവർണ്ണാവസരമാണ് ജഗദീഷിന് കൈവന്നിരിക്കുന്നത്.
"നിന്റെയൊക്കെ ഗുണ്ടായിസം മിലാനിലെ പിള്ളേരോട് വേണ്ട. ഉക്കാസ്മൊട്ടയിൽ വെച്ച് ഗുണ്ടായിസം കാട്ടിയാൽ, ഇവിടെ പടിയോട്ട് ചാലിൽ വെച്ച് മറുപടി തരും."
മോനീഷിനെ കഴുത്തിനു പിടിച്ചു ബൈക്കിൽ നിന്ന് താഴേക്ക് വലിച്ചിടുമ്പോൾ ജഗദീഷിനെക്കാൾ ആവേശം ഒമിനിക്കിനായിരുന്നു.
മോനിഷിന് നേരെയുള്ള കയ്യേറ്റത്തിന് മറുപടിയെന്നോണം, മിലാൻസാംസ്‌കാരിക സമിതിയുടെ പാതികത്തി നശിച്ച നിലയിലുള്ള ഓഫീസും, കിളച്ചുമറിച്ച ബാഡ്മിന്റൻ കോർട്ടും കണികണ്ടാണ് തൊട്ടടുത്ത പ്രഭാതം പടിയോട്ട് ചാലിൽ വിരുന്നുവന്നത്.
"കേസ് കൊടുക്കണം പിള്ളേച്ചാ"
മിലാൻ സാംസ്‌കാരിക സമിതിയുടെ രക്ഷാധികാരി രാജൻപിള്ളയും, വാർഡ് മെമ്പർ കൗസല്യയുമടക്കമുള്ളവർ, സംഭവസ്ഥലത്ത് സ്ഥിതിഗതികൾ വിശകലനം ചെയ്യവേയാണ്,
ജഗദീഷും, ഒമിനിക്ക്പൊട്ടനും, മറ്റു ചിലരും ചേർന്ന് പടിയോട്ട്ചാലിൽ തന്നെയുള്ള മായടെയ്ലേഴ്സിന് നേർക്ക് തിരിഞ്ഞത്.
" ഇവിടെ അക്രമം കാട്ടുവാൻ നേതൃത്വം കൊടുത്തവന്റെ തന്ത ഇനി പടിയോട്ട്ചാലിൽ തുന്നൽകട നടത്തേണ്ട"
അലറിവിളിച്ചുകൊണ്ട് മായടെയ്ലേഴ്സിനെ താങ്ങിനിർത്തിയിരുന്ന മുളംതൂണുകളിലൊന്ന് വലിച്ചൂരുവാൻ തുടങ്ങിയ ഒമിനിക്ക്പൊട്ടനെ തടഞ്ഞത് കപ്പക്കാരൻ ഷറഫായായിരുന്നു,
"ഈ കാണിക്കുന്നത് അബദ്ധമാണ്, നിങ്ങൾ ഇങ്ങു വാ പറയട്ടെ"
ഒമിനിക്കിനെയും, ജഗദീഷിനെയുമടക്കം കപ്പക്കാരൻ റോഡിന്റെ മറുവശത്തേക്ക് അനുനയിപ്പിച്ചു കൂട്ടികൊണ്ടുപോയി. പടിയോട്ട് ചാലിലെയും പരിസരപ്രദേശങ്ങളിലെയും ആസ്ഥാനബ്രോക്കറാണ് കപ്പക്കാരൻഷറഫ്. വസ്തു , ആട്, മാട്, വണ്ടി തുടങ്ങി വിപണിമൂല്യമുള്ള എന്തും വിൽക്കുവാനും വാങ്ങുവാനും ആ നാട്ടുകാർ ആശ്രയിക്കുന്നത് ഷറഫിനെയാണ്, ചിലപ്പോൾ ആഴ്ച്ചകളോളം പടിയോട്ട് ചാലിലും പരിസരപ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ഷറഫ് ഇത്പോലെ ഒരു സുപ്രഭാതത്തിൽ നാട്ടിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. അത്തരത്തിൽ ഏറെ ദിവസങ്ങൾക്ക് ശേഷം കപ്പക്കാരൻ ഷറഫ് പ്രത്യക്ഷപ്പെട്ട ദിവസമായിരുന്നു അന്ന്.
"ഈ വദൂരി ഇതിനിടക്ക് എവിടുന്നു കയറി വന്നു"
എന്ന ചോദ്യമായിരുന്നു, ഷറഫിന്റെ ഇടപെടലുണ്ടായപ്പോൾ, ജഗദീഷിന്റെയും, ഒമിനിക്ക്പൊട്ടന്റെയുമൊക്കെ മുഖത്ത് തെളിഞ്ഞത്.
"നീയൊക്കെ ഇപ്പോൾ ഈ തുന്നൽ കട തകർത്താൽ, ഈ രാത്രി തന്നെ അവന്മാർ നിന്റെയൊക്കെ കുടുംബത്തിൽ കയറി നിരങ്ങും. അതല്ല വേണ്ടത്, അവിടെ ഉക്കാസ്മൊട്ടയിൽ ചെന്ന്, അവന്മാരുടെ അണ്ണാക്കിൽ കേറി പണി കൊടുക്കണം, അല്ലേൽ നീയൊക്കെ ദിവസവും ചെണ്ടകളായി ഉക്കാസ്മൊട്ടക്കാരന്റെ തല്ല്കൊണ്ട് നടക്കേണ്ടി വരും."
കപ്പക്കാരന്റെ വാക്കുകൾ ഏവരും ഗൗരവത്തോടെ തന്നെ കേട്ടിരുന്നു,
മൂന്നാം നാൾ വൈകുന്നേരം കപ്പക്കാരൻ വിളിച്ചതനുസരിച്ച്, ജഗദീഷും, ഒമിനിക്കും പിന്നെ കോർക്ക് ബിജുവും അടങ്ങുന്ന മൂവർസംഘം ആളൊഴിഞ്ഞ സൊസൈറ്റി പറമ്പിലേക്ക്.
"ഇത് നാടൻ ബോംബാണ്, എവിടുന്നു എങ്ങനെ, ഇത്യാദി ചോദ്യങ്ങളൊന്നും വേണ്ട."
കയ്യിലിരുന്ന തുണിസഞ്ചി തുറന്നുകാട്ടി കപ്പക്കാരൻ ആമുഖമായി സൂചിപ്പിച്ചു,
"വൈകുന്നേരങ്ങളിൽ അവന്മാർ കൂട്ടംകൂടുന്ന കരയോഗമാഫിസിന്റെ തിണ്ണയിലേക്ക് എറിയണം, അങ്കണവാടി മുക്കിന്റെ അടുത്ത് ബൈക്ക് വെച്ചിട്ട്, തങ്കപ്പൻതോട് നീന്തി കടന്നു, താമസമില്ലാത്ത പെന്തക്കോസത് അച്ചായന്റെ വീടിന്റെ മറപ്പുരയിൽ നിന്ന് എറിഞ്ഞാൽ കൃത്യമായി കരയോഗം ആഫിസിന്റെ തിണ്ണയിൽ പതിക്കും,
അവന്മാർക്ക് ആരാണ്, എന്താണ് എന്നൊക്കെ മനസിലാകും മുന്നേ നമ്മൾ ഉക്കാസ്മൊട്ട വിട്ട് പടിയോട്ട്ചാലിലെത്തും"
"ഓപ്പറേഷൻ ഉക്കാസ്മൊട്ട"യെ കുറിച്ച് ഒരു അദ്ധ്യാപകന്റെ ചാരുതയോടെ കപ്പക്കാരൻഷറഫ് മറ്റുള്ളവർക്ക് വിശദമാക്കി,
"ഈ ബോംബ് പൊട്ടിയാൽ ആള് ചാകുമോ?"
കോർക്ക് ബിജുവിന്റെ സംശയത്തിന്, ആളു ചാകില്ല അവന്മാരെ ഒന്ന് വിരട്ടാൻ ഇത് ധാരാളമാണെന്ന് പറഞ്ഞുകൊണ്ട് കപ്പക്കാരൻ സംശയം ദുരീകരിച്ചു.
നേരം ഇരുട്ടിത്തുടങ്ങിയതോടെ ആ നാൽവർ സംഘം ഉക്കാസ്മൊട്ടയിലെ അങ്കണവാടി മുക്കിലേക്ക്.
അങ്കണവാടി മുക്കിലെ അടഞ്ഞുകിടക്കുന്ന മാടക്കടയുടെ പിന്നിലായി ബൈക്ക് ഒതുക്കി, കൃത്യനിർവഹണത്തിനായി കപ്പക്കാരനും, ഒമിനിക്കും തങ്കപ്പൻതോട് നീന്തി അക്കരയിലേക്ക്, ബൈക്കിന് കാവലായി ജഗദീഷും, കോർക്ക് ബിജുവും,
പെന്തകോസ്ത്അച്ചായന്റെ മറപ്പുരയിൽ നിന്ന് കപ്പക്കാരനും, ഒമിനിക്കിനും കരയോഗത്തിണ്ണയിൽ ഇരിക്കുന്നവരെ കൃത്യമായി കാണുവാൻ കഴിയുന്നുണ്ട്, മോനീഷടക്കം മാഡ്രിഡ് ക്ലബ്ബിലെ ഒട്ടുമിക്കപേരുടെയും സാന്നിധ്യം കരയോഗത്തിണ്ണയിലുണ്ട്.
"നിനക്ക് ഉന്നം നോക്കി എറിയാമോടാ"
കപ്പക്കാരന് ചോദ്യം പൂർത്തിയാക്കും മുമ്പ് തന്നെ, തുണി സഞ്ചിയിൽ നിന്ന് ആദ്യത്തെ ബോംബ് കയ്യിലെടുത്തു കരയോഗത്തിണ്ണ ലക്ഷ്യമാക്കി ഒമിനിക്കെറിഞ്ഞു,
ഒമിനിക്ക് ലക്ഷ്യംവെച്ചത് കരയോഗത്തിണ്ണയായിരുന്നുവെങ്കിലും തൊട്ടടുത്തുള്ള കൈതക്കാട്ടിലാണ് ഒമിനിക്കെറിഞ്ഞ നാടൻ ബോംബ് നിശബ്ദമായി പതിച്ചത്,
"ഏത് കാ........ലൊട്ടാണ് നീ എറിഞ്ഞത്, അത് പൊട്ടിയതുമില്ല, ഇനി ഒരെണ്ണമേ ഉള്ളു അത് ഞാൻ എറിഞ്ഞോളാം"
ഒമിനിക്കിന്റെ പെർഫോമൻസിൽ അതൃപ്തനായ,കപ്പക്കാരൻ സമയംകളയാതെ, തുണിസഞ്ചിയിൽ അവശേഷിച്ച രണ്ടാമത്തെ ബോംബ് കയ്യിലെടുത്ത് കരയോഗത്തിണ്ണ ലക്‌ഷ്യമാക്കി എറിഞ്ഞു,
കരയോഗത്തിണ്ണയിൽ നിന്ന് കുറച്ചുദൂരമാറിയാണ് ബോംബ് വീണതെങ്കിലും, വലിയശബ്ദത്തോടെ ബോംബ് പൊട്ടി. ഒമിനിക്കും, കപ്പക്കാരനും തങ്കപ്പൻതോട് നീന്തി തിരികെ അങ്കണവാടി മുക്കിലെത്തി സ്റ്റാർട്ട് ചെയ്തു നിർത്തിയിരുന്ന ബൈക്കിൽ കയറി, പടിയോട്ട്ചാലിലേക്ക് മടങ്ങുന്ന നേരത്താണ്, വീണ്ടും ബോംബ് പൊട്ടുന്ന ശബ്ദം കേട്ടത്.
"ഞാൻ എറിഞ്ഞ ബോംബും പൊട്ടി"
കോർക്ക് ബിജുവിന്റെ ബൈക്കിന് പിന്നിലിരുന്നു ഒമിനിക്ക് ആവേശംകൊണ്ടു.
ഉക്കാസ്മൊട്ടയിൽ, പുറത്ത് നിന്ന് വന്ന ആരോ ബോംബ് എറിഞ്ഞുവെന്നും, കുഴവി ബാബുവിന് പരിക്കേറ്റുവെന്ന വാർത്തയും അന്നത്തെ രാത്രിക്ക് കനംവെച്ച് തുടങ്ങിയപ്പോൾ തന്നെ നാട്ടിലാകെ പരന്നു,
ഏകദേശം മുപ്പത്തഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ള, ബുദ്ധിവളർച്ചയില്ലാത്ത കുഴവിബാബു, പ്രായമായ അമ്മക്കൊപ്പം കരയോഗമാപ്പീസിന് അടുത്തുള്ള പുറമ്പോക്ക് വസ്തുവിൽ ഓലഷെഡ്ഢിലാണ് താമസം,
ദിവസവും രാവിലെ കുളിച്ചു ചന്ദനകുറിയും തൊട്ട് പുറത്തിറങ്ങുന്ന ബാബു, ഉക്കാസ്മൊട്ടയിലും, പടിയോട്ട്ചാലിലും, സമീപപ്രദേശങ്ങളിലുമൊക്കെ പകൽമുഴുവൻ കറങ്ങിനടക്കും. ചിലർ പരിഹസിക്കും, ചിലർ ആട്ടിയോടിക്കും, മറ്റു ചിലർ ആഹാരമോ, പൈസയോ നൽകും. രാത്രി ഇരുട്ടുമ്പോഴാണ് പതിവ് സഞ്ചാരം കഴിഞ്ഞു കുഴവിബാബു വീട്ടിലെത്തുക, ബാബു മടങ്ങിയെത്തുവാൻ വൈകുന്ന ദിവസങ്ങളിൽ ബാബുവിനെ തേടി റോഡിലൂടെ അലയുന്ന അവന്റെ വൃദ്ധയായ അമ്മ ഉക്കാസ്മൊട്ടയിലെ പതിവ് കാഴ്ച്ചയാണ്.
അന്ന് ഊരുചുറ്റൽ കഴിഞ്ഞു പതിവിലും നേരത്തേ കരയോഗമാഫിസിന് അടുത്ത് മടങ്ങിയെത്തിയ ബാബു, അടുത്തുള്ള കൈതക്കാട്ടിൽ തൂറാൻ ഇരിക്കുമ്പോഴാണ്, ഒമിനിക്കെറിഞ്ഞ ആദ്യത്തെ ബോംബ് കൈതാക്കാട്ടിൽ പതിക്കുന്നത്. തന്റെ അടുത്ത് വീണ "പന്തിനെ" ആദ്യം മണത്തും, പിന്നീട് കടിച്ചും നോക്കിയപ്പോൾ ബാബുവിന് നഷ്ട്ടമായത് തന്റെ രണ്ട് കണ്ണിന്റെയും കാഴ്ച്ചകൂടിയായിരുന്നു.
ബോംബ് എറിഞ്ഞതാര് എന്നതിൽ കൃത്യമായ തെളിവുകൾ ഇല്ലാത്തതിനാൽ കേസ് ശക്തമായില്ലെങ്കിലും, ഇതിന് പിന്നിൽ പടിയോട്ട്ചാലിലെ മിലാൻകാർ ആണെന്ന് മാഡ്രിഡ് ക്ലബ്ബുകാർ ഉറപ്പിച്ചിരുന്നു.
ആ സംഭവത്തിന് സ്വാഭാവിക തിരിച്ചടിയുണ്ടാകുന്നതിന് മുമ്പ് തന്നെ സൗദിഅറേബ്യയിലെ പ്രവാസജീവിതത്തിലേക്ക് ജഗദീഷ് ചുവട് വെച്ചതോടെ, ഉക്കാസ്മൊട്ടക്കാരുടെ തിരിച്ചടി അതിന്റെ എല്ലാ തീവ്രതയോടും കൂടി ഏറ്റുവാങ്ങേണ്ടി വന്നത് ഒമിനിക്കിനായിരുന്നു, മാസങ്ങളോളം വലതുകൈയിലും, ഇടതുകാലിലുമൊക്കെ അലങ്കാരമായി പ്ലാസ്റ്റർ പതിച്ചു ഒമിനിക്കിന് കിടക്കയിൽ വിശ്രമിക്കേണ്ടിയും വന്നു.
അന്നത്തെ സംഭവങ്ങൾക്ക് ശേഷം ഏറെക്കാലം കപ്പക്കാരനെയും ആരും പടിയോട്ട്ചാലിൽ കണ്ടിട്ടില്ലായിരുന്നു,
മായാമോഹനന്റെ മരണത്തോടെ പടിയോട്ട് ചാലിലെ മായാടെയിലേഴ്സ് അടച്ചുപൂട്ടിയതും, മോനിഷ് ബോംബെയിലോ മറ്റോ ജോലിക്ക് പോയതും , അവിടെ തന്നെ പെണ്ണ് കെട്ടി താമസമാക്കിയതുമൊക്കെ ഒമനിക്ക്പൊട്ടനിൽ നിന്ന് പലതവണയായി ജഗദീഷ് അറിഞ്ഞിട്ടുണ്ട്.
ഇതിനിടയിൽ ഉക്കാസ്മൊട്ടയിലുള്ള ഒരു പെണ്ണിനെ വിവാഹം ചെയ്തു ഒമനിക്ക്പൊട്ടനും ഉക്കാസ്മൊട്ടയിലേക്ക് താമസംമാറ്റിയിരുന്നു,
ജഗദീഷിന്റെ ഓർമ്മകളിലൂടെ പോയകാല സംഭവങ്ങളുടെ ഇതൾ വിരിയുമ്പോൾ അവിടേക്ക് ബൈക്കിൽ മറ്റു രണ്ടുപേർ കൂടി കടന്നുവന്നു. മോനീഷും, കപ്പക്കാരനും,
"ബാബുവിന് വീട് വെക്കുവാൻ ഈ സ്ഥലം വിലക്ക് വാങ്ങി നല്കിയത് കപ്പക്കാരനാണ്. വീട് വെക്കുവാൻ നേതൃത്വം നല്കിയത് മോനിഷാണ്"
ഒമിനിക്കിന്റെ വാക്കുകളിൽ സംതൃപ്തി നിറഞ്ഞിരുന്നു. ബാബുവിന്റെ അമ്മ നല്കിയ കട്ടൻചായ കുടിക്കുന്നതിനടിയിലാണ് ജഗദീഷിന്റെ ശ്രദ്ധ വീട്ടുപേര് ആലേഖനം ചെയ്‌ത പ്ലെയിറ്റ് വീടിന്റെ ചുവരിൽ ഉറപ്പിക്കുന്ന കപ്പക്കാരനിലേക്കും, മോനിഷിലേക്കും തിരിഞ്ഞത്.
"എങ്ങനെ ഉണ്ടെടാ ബോർഡും പേരും, കൊള്ളാം അല്ലേ? "
മോനീഷിന്റെ ചോദ്യത്തിന് വലതുകൈയുടെ തള്ളവിരലുയർത്തി ജഗദീഷ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആ ബോർഡിലെ പേര് ഒരിക്കൽകൂടി വായിച്ചു,
"ബാബു റിപ്പബ്ലിക്ക് "
അപ്പോഴും വീടിന്റെ മുറ്റത്തെ കസേരയിലിരിക്കുന്ന ബാബുവിന്റെ മുഖത്തെ ചിരി മായാതെ നിന്നിരുന്നു.