മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

നാലു മണിയോടടുത്ത സമയം. തനൂജ അടുക്കളയിൽ ചായയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.സുധാകരൻ ഊണു കഴിഞ്ഞ മയക്കത്തിലും. കോളിങ്ങ് ബെൽ ശബ്ദിക്കുന്നത് കേട്ട് വാതിൽ തുറന്നത്

തനൂജയായിരുന്നു. മുൻപിൽ നരകയറിയ മദ്ധ്യവയസ്കനായ ഒരാൾ. പാൻ്റും കുർത്തയും വേഷം. നരച്ച താടി, നേർത്ത കറുത്ത ഫ്രെയിം ഉള്ള കണ്ണട! തോളത്ത് തൂക്കിയ ബാഗ്. ഒരു നിമിഷം, തനൂജയ്ക്ക് ആളെ പിടി കിട്ടിയില്ല.

എന്നാൽ ഒരു  ചെറു ചിരിയോടെ,
" തനുക്കുട്ടിയ്ക്ക് എന്നെ മനസ്സിലായില്ല അല്ലേ, സുധാകരൻ എവിടെ? "
ആ ചോദ്യം  കേട്ട ഉടനെ തനൂജയ്ക്ക് ആളെ പിടി കിട്ടി. അവളുടെ ചേട്ടൻ സനൂപിനൊപ്പം എത്രയോ തവണ വീട്ടിൽ വന്നിരിക്കുന്നു.

"ഗോപേട്ടനോ ?" അത്ഭുതത്തോടെ തനൂജ ചോദിച്ചു. തനൂജ അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു. അപ്പോഴേയ്ക്കും സുധാകരനും എണീറ്റു വന്നു. രണ്ടു പേരും ഒരു നിമിഷം മുഖത്തോടു മുഖം നോക്കി നിന്നു. പിന്നെ ആ ആത്മാർത്ഥ സുഹൃത്തുക്കൾ രണ്ടു പേരും കെട്ടിപ്പിടിച്ചു.

"നീ ആകെ മാറിപ്പോയല്ലോ ഗോപാ, പ്രായമായതു പോലെ" എന്ന സുധാകരന്റെ ചോദ്യത്തിന്,
"പിന്നെ, നീ ഇപ്പഴും ചെറുപ്പമാണെന്നാണോ വിചാരം ?" എന്നായിരുന്നു മറുപടി.

നീണ്ട ഇടവേള അവരുടെ സൗഹൃദത്തെ ഒരു തരത്തിലും ബാധിച്ചിട്ടേയില്ല എന്ന് തോന്നി.

"ഗോപാ.. എത്ര നാളായെടാ, എവിടാരുന്നു നീ ?"
സുധാകരൻ ചോദിച്ചപ്പോൾ അവൻ ഒരു നിമിഷം നിശ്ശബ്ദനായി.

" 30 വർഷങ്ങൾ എത്ര വേഗം കടന്നു പോയി, അല്ലേ?" ഒരു ദീർഘ നിശ്വാസത്തോടെ അവൻ പറഞ്ഞു.
കോളേജിലെ ചില കൂട്ടുകാരെക്കുറിച്ച് അയാൾ ചോദിച്ചു. പിന്നെ കുറേ നേരം അയാൾ തനൂജയോട് സംസാരിച്ചു. അവൾടെ സഹോദരൻ സനൂപിനെക്കുറിച്ചും, അവൻ്റെ രാഷ്ടീയത്തെക്കുറിച്ചും അയാൾ വാചാലനായി.
കോളേജ് വിട്ട ശേഷം സനൂപ് രാഷ്ടീയം ഉപേക്ഷിച്ചു എന്ന വാർത്ത അയാൾക്കു വിശ്വസിക്കാനായില്ല.

ചായയെടുക്കുമ്പോൾ ഗോപേട്ടൻ്റെ സംസാരശൈലിയ്ക്ക് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലല്ലോ എന്ന് തനൂജ  ഓർത്തു. സുധാകരൻ്റെയും, സനൂപിൻ്റെയും ചങ്ങാതിയായിരുന്ന ഗോപകുമാർ ഒരു കാലാകാരൻ എന്നതിലുപരി കോളേജിൽ രാഷ്ട്രീയത്തിലും, ചാരിറ്റി പ്രവർത്തനത്തിലും ഒരു പോലെ തിളങ്ങിയ ആളാണ്.

കോളേജ് പരിസരത്തെ ചായക്കടക്കാരൻ രാജപ്പൻ്റെ ഭാര്യയുടെ ക്യാൻസർ ചികിൽസയ്ക്കായ് ആ കുടുംബത്തെ സഹായിച്ചതും, അയാളുടെ മകളുടെ വിദ്യാഭ്യാസം നിലച്ച സാഹചര്യത്തിൽ നിർബന്ധപൂർവ്വം അവളെ പഠിപ്പിച്ചതും ഗോപനായിരുന്നു. ഭാര്യയുടെ മരണം താങ്ങാനാവാതെയുള്ള രാജ പ്പൻ്റെയും മകളുടേയും വേദനകളിൽ താങ്ങും തണലുമായ് കൂടെ നിന്നു ഗോപൻ. കാലക്രമേണെ അവരുടെ കുടുംബവുമായി ഉള്ള അടുപ്പത്തെ പലരും തെറ്റിദ്ധരിച്ചതും, ആ പേരിൽ അവളുടെ വിവാഹാലോചനകൾ പലതും മുടങ്ങിയതും, രാജപ്പൻ്റെ മരണവും ഗോപന് തീരാവേദനയായി.

അതിനൊരു പരിഹാരമെന്നോണം അയാൾ രാജപ്പൻ്റെ മകൾ രാജലക്ഷ്മിയെ രജിസ്റ്റർ വിവാഹം കഴിച്ചു.
നാട്ടിലെ പുരാതന തറവാട്ടിലെ പയ്യൻ അനാഥപെൺകുട്ടിയെ താലികെട്ടിയപ്പോൾ വീട്ടുകാർ അയാൾക്കെതിരായി. യാഥാസ്ഥിതികനായ അച്ഛൻ അയാളെ വീട്ടിൽ നിന്നും പുറത്താക്കി. അങ്ങനെയാണ് ഗോപകുമാറും രാജലക്ഷ്മിയും ഈ നാട്ടിൽ നിന്നും പോയത്.

ഇടയ്ക്കൊക്കെ അയാൾ ഉറ്റ ചങ്ങാതിയായ സുധാകരന് കത്തുകൾ അയച്ചിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിലാണെന്നും ,മെച്ചപ്പെട്ട ജോലി കിട്ടിയെന്നും , സ്വപ്നങ്ങൾക്ക് ചിറകുവെച്ചു തുടങ്ങി എന്നും ,ഇനി ഞങ്ങൾ പറന്നുയരും എന്നുമുള്ള പ്രത്യാശ നിറഞ്ഞ കത്തുകൾ.

ലാസ്റ്റ് അയച്ച കത്തിൽ രാജിക്ക് വിശേഷമുണ്ടെന്നും, ഞങ്ങളുടെ കുഞ്ഞ് വരുമ്പോഴേയ്ക്കും സ്വന്തമായി ഒരു വീടു വാങ്ങാനുള്ള പരിശ്രമത്തിലാണെന്നും എഴുതിയിരുന്നു.

ഗോപൻ അയച്ചു തന്ന അഡ്രസിൽ സുധാകരൻ പലവട്ടം കത്തയച്ചിരുന്നു.മറുപടി കിട്ടാതായപ്പോൾ
കത്തയക്കുന്നത് നിർത്തി. പിന്നീടവർ എവിടെയെന്നാർക്കും അറിവില്ലായിരുന്നു.

"ഗോപാ.. നീ ഒറ്റയ്ക്കാണോടാ വന്നത്?"

ചോദ്യത്തിന്റെ ധ്വനി മനസ്സിലായെങ്കിലും
"ഞാനെന്നും ഒറ്റയ്ക്കല്ലേടാ." എന്നായിരുന്നു ഒഴുക്കൻ മട്ടിലുള്ള അവന്റെ മറുപടി.

പക്ഷേ, സുധാകരൻ വിട്ടില്ല. "എടാ ..ഞാനുദ്ദേശ്ശിച്ചത് നിൻ്റെ കുടുംബം വന്നില്ലേ എന്നാണ്."
പറഞ്ഞു മുഴുവനാക്കാൻ അയാൾ സമ്മതിച്ചില്ല.

"ഏകാന്തപഥികൻ ഞാൻ..." ഒരു പഴയ ഗാനത്തിൻ്റെ വരികൾ അവൻ പാടി.

അപ്പോഴേക്കും തനൂജയും ഇടപെട്ടു. "ഗോപേട്ടാ.. രാജിയും മക്കളും എവിടേന്നാണ് സുധേട്ടൻ ചോദിച്ചത്."

വിദൂരതയിൽ കണ്ണും നട്ട് അയാൾ നിശബ്ദനായിരുന്നു.

"നീ എന്തേ ഗോപാ രാജിയെ കൊണ്ടു കൊണ്ടുവരാത്തത് ?"

സുധാകരൻ്റെ ചോദ്യം കേൾക്കാത്ത മട്ടിൽ അലസമായി താടിയിലൂടെ വിരലോടിച്ച് അയാളിരുന്നു.

"ഗോപാ.. പറയെടാ രാജിയെവിടെ ?"

"അവൾ പോയെടാ.. എന്നെ തനിച്ചാക്കി അവൾ പോയി. എൻ്റെ മക്കളേം അവൾ കൊണ്ടുപോയി. "

ഉള്ളിലൊളിപ്പിച്ച ദു:ഖത്തോടെ ഗോപൻ പറഞ്ഞു. ഒന്നും മനസിലാവാതെ സുധാകരനും തനൂജയും പരസ്പരം നോക്കി.

"ഗോപാ.. നീ ഒന്നു തെളിച്ച് പറയ്‌, അവളും മക്കളും എവിടെപ്പോയി ?" സുധാകരൻ്റെ ചോദ്യത്തിന് മറുപടിയായ് ഗോപൻ പറഞ്ഞു തുടങ്ങി.

"അന്നു ഞങ്ങൾ ഇവിടെ നിന്നും പോയത് കോയമ്പത്തൂർക്ക് ആണ്. അവിടെ ഒരു ബനിയൻ കമ്പനിയിൽ
ഞാൻ ജോലിക്ക് കയറി.ഒരു ചെറിയ വാടകവീട് എടുത്ത് ഞങ്ങൾ ജീവിതം തുടങ്ങി. ഇല്ലായ്മയിൽ വളർന്നവൾ ആയതു കൊണ്ട് അവൾക്ക് എൻ്റെ കൂടെയുള്ള ജീവിതം സന്തോഷകരമായിരുന്നു. ഒരിക്കൽ പോലും അവൾ ഒന്നിനും പരാതി പറഞ്ഞില്ല. ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കാൻ അവൾക്കറിയാം. അവളിലൂടെ ഞാനും ജീവിതം എന്തെന്ന് മനസിലാക്കി.

കുറച്ചുകൂടി മെച്ചപ്പെട്ട ജോലി കിട്ടിയപ്പോൾ ചെറിയ ഒരു വീട് ഞങ്ങൾ വിലയ്ക്കുവാങ്ങി. സ്വപ്നങ്ങൾ കുന്നോളം ഉണ്ടായിരുന്നു .മോഹങ്ങൾ അതിലേറെയും.

അടുത്തുള്ള മലയാളി കുടുംബം, രാഘവൻ നായരും വസുമതിയമ്മയും ഞങ്ങളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു . അവരുടെ മക്കൾ വിദേശത്തായതു കൊണ്ട് അവർക്കു എന്താവശ്യം വന്നാലും ഞങ്ങൾ ഓടിയെത്തും. അവർക്ക് ഞങ്ങൾ സ്വന്തം മക്കളായിരുന്നു. ഞങ്ങൾക്ക് എന്താവശ്യത്തിനും സഹായമായി അവരുണ്ടായിരുന്നു. ജൻമം തന്നില്ലെങ്കിലുമവർ ഞങ്ങൾക്ക് അച്ഛനുമമ്മയുമായി. എല്ലാം കൊണ്ടും സൗഭാഗ്യകരമായിരുന്നു ജീവിതം. മൂന്നു വർഷത്തിനുശേഷമാണ് അവൾക്ക് വിശേഷമുണ്ടായത്."

കൈയ്യിലിരുന്ന ചായക്കപ്പ് ടീപ്പോയിൽ വച്ച് അയാൾ ഒരു ദീർഘനിശ്വാസം വിട്ടു.

"അക്കാര്യം നീ അയച്ച കത്തിലൂടെ ഞങ്ങൾ അറിഞ്ഞു. അതിനു ഞാൻ അയച്ച മറുപടി കത്തുകൾ നിനക്കു കിട്ടിയില്ലേ ?" എന്ന സുധാകരൻ്റെ ചോദ്യത്തിത്,
"ഓ ,നീ എനിക്ക് മറുപടി അയച്ചിരുന്നല്ലേ?" എന്നു പറഞ്ഞ് അയാൾ ആലോചനയിൽ മുഴുകി.

"ഗോപേട്ടാ.. ബാക്കി കൂടി പറയ്." തനൂജ ആകാംക്ഷയോടെ പറഞ്ഞു.

"കാത്തിരിപ്പുകൾക്ക് ദൈർഘ്യം കൂടുതലായ് തോന്നിയ നാളുകൾ.
ഗർഭകാലത്തൊന്നും അവൾക്ക് പ്രത്യേക ക്ഷീണമോ, അസ്വസ്ഥതയോ ഇല്ലായിരുന്നു. സുഖപ്രസവമാവും എന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷേ ഡോക്ടർ പറഞ്ഞ ഡേറ്റിന് ദിവസങ്ങൾ ബാക്കി നിൽക്കേ അവൾ പോയി. ഒന്നല്ല, രണ്ടു പേരായിരുന്നു അവർ. അവളും മക്കളും എന്നെക്കൂട്ടാതെ ഏതോ ദേവലോകം തേടി പോയി."

ഒരു തേങ്ങലോടെ ഗോപൻ പറഞ്ഞു. അയാളെ എന്തു പറഞ്ഞാ ശ്വസിപ്പിക്കുമെന്നറിയാതെ സുധാകരനും തനൂജയും സ്തബ്ദരായി നിന്നു പോയി.

"ആകെ തകർന്നു പോയ എൻ്റെ മാനസികനില തന്നെ തെറ്റി. രാഘവൻ നായരും വസുമതിയമ്മയുമാണ് എന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നത്. പകലും രാത്രിയും തിരിച്ചറിയാതെ വർഷങ്ങൾ പലതും കടന്നു പോയി. ഒന്നും മറക്കാൻ സാധിച്ചിരുന്നില്ല. എൻ്റെ മനസ്സിൽ നിന്നും അവൾ പോകില്ല. എല്ലാം മറക്കാനായ് തെറ്റായ പല ശീലങ്ങളും തുടങ്ങി. പക്ഷേ, തകർന്ന മനസിനെ ശാന്തമാക്കി , എല്ലാം മനസിലാക്കി ഞാൻ ജീവിതത്തിലേയ്ക്ക് തിരികെ വന്നിട്ട് ചുരുങ്ങിയ നാളുകളേ ആയുള്ളൂ."

"ഞാനും ഒരു യാത്ര പോവുകയാണ്. പോകും മുൻപ് എൻ്റെ വീട്ടുകാരെ കണ്ട് മാപ്പു പറയാനും യാത്ര ചോദിക്കാനും വന്നതാണ്. അവരുടെ മുൻപിൽ ഞാൻ ചെയ്തത് വലിയ തെറ്റാണല്ലോ ?"

"നീ എവിടെ പോകുന്നു ഗോപാ ?", സുധാകരൻ ചോദിച്ചു.

"ലക്ഷ്യമൊന്നുമില്ലാത്ത യാത്രയാണ്. ഒരൽപ്പം ശാന്തിയും സമാധാനവും എവിടെ കിട്ടുമോ , അതു തേടി.. ഞാനിറങ്ങട്ടെ കൂട്ടുകാരാ ..."

'ഏകാന്തപഥികൻ ഞാൻ ... ' എന്ന മൂളിപ്പാട്ടോടെ അയാൾ ഇറങ്ങി നടന്നു കഴിഞ്ഞു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ