mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Abbas Edamaruku )
തന്റെ ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുകൊണ്ട് 'ജയമോഹൻ' അടുത്തുള്ള ബസ്റ്റോപ്പിനുനേർക്ക് നോക്കി. ഇപ്പോൾ കടന്നുപോയ ബസ്സിൽ ആരെങ്കിലും വന്നിറങ്ങുന്നുണ്ടോ...ഇല്ല ആരും ഇറങ്ങിയതായി കണ്ടില്ല. ഇന്നെന്താണിങ്ങനെ...ഇതുവരെ ഒരുരാത്രിയിലും ഉണ്ടാകാത്ത അനുഭവമാണല്ലോ ഇന്ന്... അവൻ മനസ്സിൽ ചിന്തിച്ചു. ഗ്രാമത്തിലേക്ക് ആരും വരാനില്ല. പട്ടണത്തിലേക്ക് പോകേണ്ടവരും ഇല്ല... ഉണ്ടെങ്കിൽ പണ്ടേ ഫോൺവിളിയെത്തിയേനെ.

സന്ധ്യകഴിഞ്ഞപ്പോൾ മുതൽ കാത്തുകിടക്കാൻ തുടങ്ങിയതാണ്...ഇപ്പോൾ പാതിരാത്രി ആവുന്നു. മനുഷ്യർക്കൊക്കെ എന്തുപറ്റി... സമയം പന്ത്രണ്ട് ആയിരിക്കുന്നു.നല്ല തണുത്ത ഇളംകാറ്റ് വീശുന്നുണ്ട്. മാനത്ത് നിറനിലാവ് പുഞ്ചിരിതൂകി നിൽക്കുന്നു.അകലെ ഗ്രാമത്തിലെ വീടുകളിൽ ഇപ്പോഴും അണയാത്ത ലൈറ്റുകളുടെ പ്രകാശം കാണാം.നിലാവെളിച്ചത്തിൽ തിരക്കൊഴിഞ്ഞ ടൗണിന്റെ മദ്യത്തിലുള്ള ബസ്സ്റ്റോപ്പിലേക്കും ഷട്ടറിട്ട ഒഴിഞ്ഞ കടത്തിണ്ണകളിലേക്കും നോക്കി അവൻ അങ്ങനെയിരുന്നു.പുതിയൊരു പ്രഭാതത്തെ വരവേൽക്കാനായി ടൗൺ ഉറങ്ങുകയാണ്. ഇന്നിനി ആരും വരുമെന്നു തോന്നുന്നില്ല... എന്തായാലും അടുത്ത ബസ്സ് കൂടി കടന്നു പോയിട്ട് വീട്ടിലേക്കു മടങ്ങാം.

പെട്ടെന്നാണ് എന്തോ ശബ്ദംകേട്ടത്.അവൻ മുഖം പുറത്തേക്കിട്ടു പിന്നിലേക്ക് തിരിഞ്ഞു നോക്കി. അതാ ഒരു പെൺകുട്ടി നിൽക്കുന്നു. തന്നോളം പൊക്കവും ശരീരവുമൊക്കെയുള്ള സമയപ്രായക്കാരിയായ ഒരു സുന്ദരി. ഈ സമയത്ത് ഇവൾ എവിടെനിന്നു വന്നു... അവൻ വിസ്മയത്തോടെ അവളെ നോക്കി. വെള്ളചുരിദാറാണ് വേഷം. അതിന്റെ ഷാൾ കാറ്റിൽ പാറി പറക്കുന്നു. കൈയിൽ ഒരു ബാഗുണ്ട്. അല്പംമുൻപ് മുൻപ് കടന്നുപോയ വണ്ടിയിൽ വന്നിറങ്ങിയതാവുമോ... സ്റ്റോപ്പുമാറി. അവിടുന്ന് മുന്നോട്ട് നടന്നതാവണം.അവൻ ആകാംക്ഷയോടെ അവളെ നോക്കി എന്നിട്ട് ചോദിച്ചു.

"ആരാ...എവിടേക്കാ.?"

"എനിക്ക് ഇടമറുക് ഗ്രാമത്തിൽ പോകണം "അവൾ മറുപടി പറഞ്ഞു.

"താങ്കളെ തനിച്ച് ഈ സമയത്ത് കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നുന്നു...എങ്ങനെ ഇവിടെവന്നു...ബസ്സിൽ വന്ന് ഇറങ്ങിയതായി കണ്ടതുമില്ല." അവൻ പറഞ്ഞു.

അവൾ മറുപടിയൊന്നും പറഞ്ഞില്ല അല്പസമയം അവനെ നോക്കിനിന്നിട്ട് വീണ്ടും പറഞ്ഞു.

"എനിക്ക് ഗ്രാമത്തിൽ വരെ പോകണം."

"പോകാം...അതിനുമുമ്പ് താങ്കൾ ആരാണെന്നും, എങ്ങനെ ഈ അസമയത്ത് ഇവിടെയെത്തി എന്നും പറയൂ..."

"ഞാൻ നിങ്ങളെപ്പോലൊരു മനുഷ്യൻ...ഒരു പാവം പെണ്ണ്. സുഹൃത്തിനെപ്പോലെ കരുതിക്കോളൂ..."അവൾ വണ്ടിയിൽ കടന്നിരുന്നു.

അവൻ പിന്നെ ഒന്നും ചോദിച്ചില്ല. എന്തും വരട്ടെ എന്ന് വിചാരിച്ചുകൊണ്ട് ഓട്ടോ സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. ഏതാനുംദൂരം പിന്നിട്ടു ടൗൺ കടന്നതും അവൾ കൈയിട്ട് അവനെ തോണ്ടി. മടിയിലിരുന്ന ബാഗ് സീറ്റിലേയ്ക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.

"വണ്ടി ഒന്ന് നിറുത്തൂ...എനിക്ക് നന്നായി ഓടിക്കാനറിയാം... ഞാനൊന്ന് ഓടിച്ചോട്ടെ... എന്റെയൊരു ആഗ്രഹമാണ്... താങ്കൾ പിന്നിലിരിക്കൂ..."

ഒരു നിമിഷം അവൻ സംശയദൃഷ്ടിയോടെ അവളെ നോക്കി എന്നിട്ട് വണ്ടിയിൽ നിന്നിറങ്ങി പിന്നിലേക്ക് കയറി. ഡ്രൈവിംഗ്സീറ്റിൽ കടന്നിരുന്ന അവൾ ഓട്ടോ സ്റ്റാർട്ടാക്കി. ശക്തമായി ആക്സിലേറ്റർ ഞെരിച്ചു.വണ്ടി വേഗത്തിൽ മുന്നോട്ടുനീങ്ങി.

നിമിഷങ്ങൾ കടന്നു പോയി. ജയമോഹന് വല്ലാത്ത അമ്പരപ്പ് ഉണ്ടായി. സമയം ഒരുപാട് കടന്നുപോയിട്ടും ഓട്ടോ ഇതുവരെ ഇടമറുക് ഗ്രാമത്തിന്റെ വീഥികളിലേക്ക് പ്രവേശിച്ചിട്ടില്ല. വഴിതെറ്റിയാണോ വണ്ടി പോകുന്നത്...ഇവൾ ഏതുവഴിയാണ് വണ്ടി ഓടിക്കുന്നത്. പുറത്തുള്ളതൊന്നും കാണാനാവുന്നില്ല... കണ്ണിനാകെ ഒരു മൂടൽ ബാധിച്ചിരിക്കുന്നു.

"നിറുത്തൂ...എങ്ങോട്ടാണീ പോകുന്നത്.?"

അത്ഭുതത്തോടും നേരിയ ഭയത്തോടുംകൂടി അവൻ ചോദിച്ചു. അവൾ പക്ഷേ, അത് കേട്ടതായി ഭാവിക്കാതെ വണ്ടി മുന്നോട്ട് ഓടിച്ചു കൊണ്ടിരുന്നു. ഗട്ടർ നിറഞ്ഞ വഴിയിലൂടെ വണ്ടി ഇളകിയാടി മുന്നോട്ടുനീങ്ങി.

"നിറുത്താൻ എവിടേക്കാണ് പോകുന്നത്.?" അവൻ വീണ്ടും അലറി.

"താങ്കൾക്ക് അറിഞ്ഞുകൂടെ നമുക്ക് പോകേണ്ടുന്ന സ്ഥലത്തേക്ക് തന്നെയാണ് വണ്ടി ഓടിക്കുന്നത്." അവൾ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു.

പെട്ടെന്നാണ് അവൻ ആ മുഖം ശ്രദ്ധിച്ചത്. അവനിൽ ഒരു ഞെട്ടൽ ഉണ്ടായി. അവളുടെ മുഖം എവിടെയോ കണ്ടുമറന്നതുപോലെ... എവിടെവച്ചാണ് ഓർമ്മകിട്ടുന്നില്ല.

"നമ്മൾ ഇതെവിടേയ്ക്കാണ് പോകുന്നത് വഴിതെറ്റിയിരിക്കുന്നു."

"ഒരിക്കലുമില്ല നമ്മൾ നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് തന്നെയാണ് പോകുന്നത്." അവൾ വീണ്ടും പൊട്ടിച്ചിരിച്ചു.

"ഇടമറുക് ഗ്രാമത്തിലേക്കോ... പക്ഷേ, ഗ്രാമം എവിടെ... ഇതേത് വഴി?"

"ഗ്രാമമോ... ഇപ്പോൾ എത്തും എത്താറായി" വണ്ടിക്ക് വീണ്ടും വേഗത വർധിച്ചു.

ഇരുട്ട്...എങ്ങും പരന്നുകിടക്കുന്ന ഇരുട്ട്. അവൻ ഭീതിയോടെ നാലുപാടും നോക്കി.തന്റെ ഗ്രാമത്തിൻറെ സാന്നിധ്യങ്ങൾ ഒന്നുംതന്നെ കാണുവാനില്ല. എന്തിന് ഒരു പച്ചപ്പ് പോലും എങ്ങുമില്ല. ശൂന്യത എങ്ങും ശൂന്യത. വർഷങ്ങളായി വണ്ടിയോടിക്കുന്ന താൻ ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലം. ആ സമയങ്ങളിലെല്ലാം അവൻ അവളുടെ മുഖം മനസ്സിൽ പരതുകയായിരുന്നു. എവിടെവെച്ചാണ് താൻ ഇവളെ കണ്ടിട്ടുള്ളത്. അവൻ കണ്ണുകളടച്ച് ഓർമ്മകളിൽ പരതി. അവൻ വല്ലാതൊന്നു ഞെട്ടി.

ഈശ്വരാ...ഇതവളല്ലേ... 'മായ' ഏതാനുംനാളുകൾക്കുമുൻപ് പ്രണയനൈരാശ്യത്തിന്റെ പേരിൽ മുതിരപ്പാറയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തവൾ. അതെ...അവൾതന്നെയാണ് തന്റെ മുമ്പിലിരിക്കുന്നത്. അവൻ ഞെട്ടലോടെ കണ്ണുതുറന്നു.

ഓട്ടോറിക്ഷ നിന്നിരിക്കുന്നു. ഡ്രൈവിങ് സീറ്റിൽ അവളില്ല.ചുറ്റും പലപ്പൂവിന്റെ ഗന്ധം പുണർന്നുനിൽക്കുന്നു. അവൻ കണ്ണുകൾ ഒന്നുകൂടി ചിമ്മിതുറന്നുനോക്കി. അവളെ എങ്ങും കാണാനില്ല. അവനൊഴികെ ആരുമില്ല വണ്ടിയിൽ. അവളുടെ ബാഗ് പോലും. ഇതുവരെ വണ്ടി ഓടിച്ചുവന്ന, തന്നോട് സംസാരിച്ചുകൊണ്ടിരുന്ന അവളെവിടെ.?

പൊടുന്നനെ ശക്തമായ കാറ്റ് വീശാൻതുടങ്ങി കരിയിലകളും പൊടിപടലങ്ങളും പാറിക്കളിക്കുന്നു. കുറച്ചകലെ നിലാവ് പെയ്തിറങ്ങി കുളിച്ചുനിൽക്കുന്നത പാറയുടെ നിറുകയിൽ അവൾ നിൽക്കുന്നത് അവൻ കണ്ടു. അതാ അവൾ തന്നെ അരികിലേയ്ക്ക് മാടിവിളിക്കുകയാണ്.

"വരൂ...എന്റെ അരികിലേയ്ക്ക് വരൂ...എന്നോടൊപ്പം ചേരൂ..."

മോഹങ്ങളും സ്വപ്നങ്ങളും തകർന്നടിഞ്ഞ ഒരുപാവം പെണ്ണിന്റെ ആത്മാവ് അവൾക്കുകൂട്ടായി തന്നെ വിളിക്കുകയാണ്‌.അനാഥനായ തനിക്ക് ഇന്നോളം ജീവിതത്തിൽ ആർക്കും കൂട്ടാകാൻ കഴിഞ്ഞിട്ടില്ല... മരണംകൊണ്ടെങ്കിലും ഒരാൾക്ക് കൂട്ടാകാൻ കഴിഞ്ഞാൽ ഒരാളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ അവൻ ഒരുനിമിഷം അങ്ങനെ ചിന്തിച്ചു.

പിന്നെ ഒന്നും ആലോചിച്ചില്ല. ഓട്ടോറിക്ഷയിൽനിന്നിറങ്ങി പാറയുടെമുകളിലേയ്ക്ക് കുതിച്ചുപാഞ്ഞു. തുടർന്ന് അവളുടെ ആത്മാവിനെ പുൽകിക്കൊണ്ട് അവൾക്ക് കൂട്ടായി മുതിരപ്പാറയുടെ താഴ്വരത്തിലേയ്ക്ക് അവനും എടുത്തുചാടി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ