(Krishnakumar Mapranam
എത്രയും പെട്ടെന്നു തന്നെ ഇവിടം വിടണം. ഈ സ്ഥലം താൽക്കാലികമായൊരു അഭയസ്ഥാനം മാത്രം. അവർ തന്നെ പിൻതുടരുന്നുണ്ടാകും. രണ്ടു ദിവസം മുൻപാണ് രാത്രിയിൽ ഹോട്ടലിൻ്റെ മുന്നിൽ ഒരു പെണ്ണും രണ്ടു യുവാക്കളും തമ്മിൽ ബഹളമുണ്ടാക്കിയത്.
ഒരു ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് പട്ടണത്തിലെത്തിയത്. ഒട്ടേറെ അലഞ്ഞ് അവസാനം വിശപ്പും ദാഹവും കൊണ്ട് ഒരു ഹോട്ടലിൽ എത്തി. ഹോട്ടലിൻ്റെ ഉടമ ഹമീദ് ഒരു മനുഷ്യപ്പറ്റുള്ള പ്രകൃതമായതുകൊണ്ട് തൻ്റെ അവസ്ഥ കേട്ട് മനസ്സലിവു തോന്നി താൽക്കാലികമായി ഈ ഹോട്ടലിൽ ക്ളീനിംഗിനു നിർത്തുകയാണുണ്ടായത്. അധികം ശമ്പളമൊന്നുമില്ലെങ്കിലും പട്ടിണി കൂടാതെ കഴിക്കാം. ഇവിടെ നിന്നുകൊണ്ട് പതുക്കെ വേറെയെന്തെങ്കിലും ജോലിയ്ക്ക് ശ്രമിക്കുകയും ചെയ്യാമല്ലോയെന്ന് ഞാൻ വിചാരിച്ചു.
ഞങ്ങൾ മൂന്നുപേരാണ് രാത്രിയിൽ ഹോട്ടലിൽ തങ്ങുന്നത്. ശിവയും ധനേഷും ഞാനും. ശിവ സപ്ളയറും, ധനേഷ് പാചകകാരനുമാണ്. രാത്രി പത്തരയാവും ഹോട്ടൽ അടയ്ക്കുമ്പോൾ. പുലർച്ചെ അഞ്ചുമണിയോടെ തുറക്കുകയും വേണം. ക്ളീനിംഗും മറ്റും കഴിഞ്ഞ് രാത്രി പന്തണ്ടാകുമ്പോഴാണ് ഞങ്ങൾ കിടക്കുക. കഴിഞ്ഞ രാത്രിയിൽ ഒരു ബഹളം കേട്ടാണ് ഞങ്ങൾ ഉണർന്ന് പുറത്തെത്തിയത്.
ഒരു പെണ്ണിനെ രണ്ട് പേർ ചേർന്ന് ഓട്ടോയിൽ കയറ്റി അവിടെ എത്തിയിരിക്കുകയാണ്. എന്തോ കാരണത്താൽ യുവാക്കളും പെണ്ണും തമ്മിൽ തർക്കങ്ങളും ബഹളങ്ങളും ആയി. അവർ ലഹരിയിലായിരുന്നു. ഹോട്ടലിൻ്റെ മുന്നിൽ വന്ന് അവർ മദ്യം കഴിക്കാനുള്ള ശ്രമമാണ്.
ഞങ്ങൾ അവരോട് ഈ ഹോട്ടലിൻ്റെ മുന്നിലിരുന്നുള്ള പരിപാടികൾ പറ്റില്ലെന്നും അവിടെ നിന്നും മാറിപോകാനും പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ഞങ്ങളോട് കയർത്തു. സംസാരം അവസാനം അടിപിടിയിലുമെത്തി. ഞാൻ ഒരു യുവാവുമായി മൽപിടിത്തം നടത്തുകയും അതിനിടയിൽ ഒരു യുവാവിൻ്റെ വയറ്റിൽ ചവിട്ടും കിട്ടി. ഞങ്ങൾ മൂന്നുപേരും കൂടി അവരെ വളഞ്ഞതോടെ രക്ഷയില്ലാതെ യുവാക്കൾ പെണ്ണിനെയും കൊണ്ട് ഓട്ടോയിൽ കയറി സ്ഥലംവിട്ടു. പക്ഷെ ഓട്ടോയിൽ കയറിയതും ഞങ്ങളെ അവർ വെല്ലുവിളിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞു കാണും മുൻപുപോയ അവർ ഏതാനും ഗുണ്ടകളുമായി വന്നെത്തി. അവർ ഹോട്ടലിൻ്റെ ഷട്ടർ തല്ലിപൊളിച്ചു. പുറത്തെത്തിയ ഞങ്ങളിൽ സപ്ളയർ ശിവയ്ക്ക് അവരുടെ കത്തികൊണ്ട് മുറിവുമേറ്റു. അവരുമായി അധികം പിടിച്ചു നിൽക്കാൻ കഴിയാതെ ഞങ്ങളോടി. എൻെറ പിന്നാലെ നിവർത്തിപിടിച്ച കത്തിയുമായി അവർ വരുന്നുണ്ടായിരുന്നു. രക്ഷപ്പെടാൻ ഞാൻ ഓടി. ഇരുട്ടിലേയ്ക്കു മറഞ്ഞ് അവസാനം ഞാൻ ഈ പാലത്തിനു ചുവട്ടിൽ എത്തിചേർന്നു.
അവരിപ്പോൾ നഗരം മുഴുവനും എന്നെ അന്വേഷിച്ചു നടക്കുന്നുണ്ടാകണം. അധികം താമസിയാതെ ഈ ഒളിയിടം അവർക്ക് കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും കാണില്ല. അവരെന്നെ വക വരുത്തും മുൻപേ ഇവിടം വിട്ടേ മതിയാകൂ. മറ്റൊരു തീരംതേടിയുള്ള യാത്ര.