മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

മതി, ഇവിടെ തീരുകയാണ്. ഓരോ കാലത്തും പ്രതിബദ്ധതകളില്ലാത്ത പ്രണയങ്ങളുണ്ടായിട്ടില്ലല്ലോ!.  അവന്റെ മുന്നിലെന്തായിരുന്നു? പള്ളിയും പട്ടക്കാരും. തന്റെ മുന്നിലോ? ചന്ദനക്കുറിയ്ക്കു താഴെ കാണുന്ന കുറേ ചുവന്ന കണ്ണുകള്‍.

അതെ കണ്ണുകള്‍,  ഞങ്ങളെ ഒരുമിച്ച് വിളക്കിച്ചേര്‍ത്തതും കണ്ണുകളാണ്. അവന്റെ ഹൃദയം ഞാനും എന്റെ ഹൃദയം അവനും കണ്ടത് കണ്ണുകളിലൂടെയാണ്.  പക്ഷേ അതിന് ഞങ്ങളുടെ വീട്ടുകാരില്‍ കണ്ടത്ര ചുവപ്പില്ലായിരുന്നു.  അന്ന് ഞാന്‍ അവന്റെ കൂടെ ബൈക്കില്‍ പോയതിനായിരുന്നു അച്ഛനെന്നെ തല്ലിയത്. ശരീരത്തിലെ പാടുകള്‍ മാഞ്ഞുപോയെങ്കിലും മായാത്ത പാടുകള്‍ മനസ്സിനന്ന് അച്ഛന്‍ സമ്മാനിച്ചു. ആ സംഭവത്തിനുശേഷം എന്നും ഞാനും അവനും തമ്മില്‍ കാണാറുള്ള വാകമരച്ചോലയും ഞങ്ങളുടെ നേരെ സദാചാരത്തിന്റെ അമ്പുകളെയ്തതെന്തിനായിരുന്നു?  ആര്‍ക്കറിയാം.

ഞങ്ങളൊരുമിച്ചാല്‍ ഭൂകമ്പമുണ്ടാവുമെന്ന കണക്കെ ഞങ്ങളിരുവരുടേയും തണല്‍വൃക്ഷങ്ങള്‍ നിലകൊണ്ടപ്പോള്‍ ഒളിച്ചോടിയ ആ രാത്രി,  അല്ല ഒളിച്ചോട്ടമല്ല.  രണ്ടുപേര്‍ ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ഇറങ്ങിത്തിരിക്കുന്നതിനെ ഒളിച്ചോട്ടമായി വ്യാഖ്യാനിച്ചതാരാവും? അനേകം ചങ്ങലകള്‍ക്കിടയിലാണ് ജീവിതമെന്ന തെറ്റായ ധാരണയില്‍ ജീവിക്കുന്ന ഭൂരിപക്ഷങ്ങളിലാരെങ്കിലുമായിരിക്കും.    അന്നുരാത്രി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അമ്മയും അച്ഛനും എല്ലാം മനസ്സിലൂടെ മിന്നിമാഞ്ഞപ്പോള്‍ തിരികെ വീട്ടിലേക്ക്. ആ രാത്രിയില്‍ അവന് എന്നെ മനസ്സിലായതുപോലെ പിന്നീടുള്ള മൂന്നുപകലുകള്‍ എന്റെ വീട്ടുകാര്‍ക്ക് എന്നെ മനസ്സിലായില്ല. ഉണ്ടായിരുന്നെങ്കില്‍ മുറിയ്ക്കപ്പുറത്തെ ലോകത്തേക്ക് എനിക്ക് അന്ന് ഭ്രഷ്ഠ് കല്‍പ്പിക്കപ്പെടില്ലായിരുന്നു. എന്നും എപ്പോഴും എന്നോട് സംസാരിക്കുമ്പോള്‍ നിനക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയാണെന്ന് പറയാറുള്ള വലിയച്ഛന്‍ പോലും എന്നെ തള്ളിപ്പറഞ്ഞില്ലേ!  എവിടെയാണ് പിഴച്ചത്?   വളരെ ആലോചിച്ചെടുത്ത എന്റെ തീരുമാനത്തിനോ? അതോ രണ്ടു മതങ്ങളിലായി പിറന്നുപോയതോ?  

പുറത്തിറങ്ങിയാല്‍ കാലുമുറിയ്ക്കുമെന്ന അച്ഛന്റെ ഭീഷണിയും കൊന്നുകളയുമെന്ന ഏട്ടന്‍മാരുടെ മുന്നറിയിപ്പും വിലപ്പോവാതെ വന്നപ്പോഴല്ലേ അമ്മയില്‍ നിന്നും ചത്തുകളയുമെന്ന ഭീഷണി വന്നത്. ഇത്രയൊക്കെയായിട്ടും എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ് എന്നതാണ് മനസ്സിലാവാത്ത ഒരേ ഒരു കാര്യം. നിങ്ങള്‍ വ്യത്യസ്ത മതക്കാരാണെന്നായിരുന്നു അതിനു ലഭിച്ച മറുപടി. അമ്മയില്‍ നിന്ന്, അച്ഛനില്‍ നിന്ന്, ചേട്ടന്‍മാരില്‍ നിന്ന്, വലിയച്ഛനില്‍ നിന്ന്, നാട്ടുകാരില്‍ നിന്ന്.  എല്ലാം ഇതേ മറുപടി.   മതം.    ഒന്നര വര്‍ഷത്തെ പ്രണയത്തിനിടയില്‍ ഒരിക്കല്‍പോലും ഞങ്ങളില്‍ യാതൊരുവിധ സ്വാധീനമോ അതിര്‍വരമ്പോ സൃഷ്ടിക്കാന്‍ കഴിയാത്ത ഒന്ന്.  അതായിരുന്നു മതം. ഞങ്ങള്‍ തമ്മില്‍ ആണിന്റേയും പെണ്ണിന്റേയുമല്ലാതെ എന്താണ് വ്യത്യസ്തമായുള്ളതെന്നും ഞങ്ങളെങ്ങനെ വൈരുദ്ധ്യപ്പെട്ടിരിക്കുന്നെന്നും ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. ഇന്നുവരെ. 

ഇന്ന് ഈ ദിവസം.  നവംബര്‍ 7.  അവനെ എനിക്ക് നഷ്ടമായിട്ട് രണ്ടുമാസം തികയുന്നു. അവനില്ലായ്മയുടെ നീണ്ട അറുപത്തി ഒന്നു ദിനങ്ങള്‍. നഷ്ടമായതല്ല, അവനെ തട്ടിപ്പറിച്ചെടുത്തതാണ്. നിങ്ങളുടെ മതം. അതിന്റെ തുരുമ്പെടുത്ത വിശ്വാസപ്രമാണങ്ങള്‍. എല്ലാവരും ആഗ്രഹിച്ചതുപോലെ നടന്നു.ഞങ്ങള്‍ ഒരുമിച്ചില്ല. ആരുടേയും അഭിമാനത്തിന് ക്ഷതം സംഭവിച്ചില്ല.

പക്ഷേ എനിക്ക്?  

അവന്‍ പറയുമായിരുന്നു. മരണശേഷം മറ്റൊരുലോകം ഉണ്ടാവില്ലെന്ന്.  പക്ഷേ,  ഈ കയറിനുമുന്നില്‍,  മരക്കസേരയുടെ മുകളില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍... അവന്‍ പറഞ്ഞ വാക്കുകള്‍ തെറ്റാണെന്ന് തോന്നിപ്പോവുന്നു. അവനെന്നെ വിളിക്കുകയാണ്. മറ്റൊരു ലോകത്തുനിന്ന്. മുന്നില്‍ തൂങ്ങിയാടുന്നത് എനിക്കുള്ള വരണമാല്യമാണ്. അവന്റെ സ്വന്തമാവാനുള്ള വരണമാല്യം. 

ഇനിയുള്ള നിമിഷങ്ങളില്‍ മറിഞ്ഞുവീണ കസേരയ്ക്കു മുകളില്‍,  ഭൂമിയിലെ സര്‍വ്വ തടസ്സങ്ങളേയും ഭേദിച്ച് അവന്റെ അടുത്തേക്കുള്ള യാത്രയാണ്. ഒരു മുഴം കയറിന്റെ ദൂരം മാത്രമുള്ള യാത്ര.  തോല്‍പ്പിച്ചെന്നു കരുതുന്നവര്‍ക്ക് മുന്നില്‍ നിങ്ങളാണ് തോറ്റതെന്നു പറഞ്ഞുകൊണ്ട് ഒരു യാത്ര.   അവനിലേക്കുള്ള യാത്ര.......

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ