"ആരെന്ന് പറയണമായിരുന്നു? അവനു മുറിവേറ്റിരുന്നു. തിരികെ നടക്കുമ്പോൾ, അന്നോളം പരിചിതമല്ലാത്ത ഒരു ശൂന്യതയിലേയ്ക്ക് അവൻ വഴുതി. ആരെന്നു പറയണമായിരുന്നു? വീണ്ടും വീണ്ടും ശൂന്യത ഭേദിച്ച് ആ ചോദ്യം മുറിവിൽ കുത്തിക്കൊണ്ടേയിരുന്നു. എന്തെങ്കിലും ഒന്നു പറയാമായിരുന്നു, എന്തെങ്കിലും…”
കലാലയത്തിന്റെ വലതു വശത്തുള്ള കൽപ്പടവിലിരുന്ന് കൂട്ടുകാരൻ എഴുതി തന്ന ഓട്ടോഗ്രാഫിലൂടെ കണ്ണോടിക്കുകയായിരുന്നു മനു. ഒന്നും രണ്ടുമല്ല പല തവണ വായിച്ചു. പ്രിയ സുഹൃത്തും സഖാവും ക്യാംപസിലെ താരവുമായ അഭിയുടെ വരികളാണിത്. തിരിച്ചും മറിച്ചും വായിച്ചിട്ടും ആ വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പൊരുൾ പൂർണമായും മനസിലാകാത്തതു പോലെ. ഓട്ടോഗ്രാഫ് മാറ്റി വച്ച് മടിയിൽ മുഖമമർത്തി കുറച്ചു നേരം ഒരേ ഇരിപ്പ് ഇരുന്നു. ഇടയ്ക്കൊക്കെ ഇങ്ങനെ തനിച്ചിരിക്കാറുണ്ട്, നിറങ്ങൾ അധികം കടന്നു വരാത്ത കലാലയത്തിന്റെ പല കോണുകളിൽ.
പക്ഷേ ഇന്നങ്ങനെയിരുന്നപ്പോൾ….. ബിരുദ പഠനം പൂർത്തിയാക്കി പഠിയിറങ്ങാൻ ഒരുങ്ങി നിൽക്കുന്ന വിദ്യാർത്ഥിക്ക് ഉപരി പഠനത്തിന്റേയും എല്ലാ മാസവും കിറുകൃത്യമായി കൈയ്യിലെത്താൻ പോകുന്ന നോട്ടുകളുടെ ഭംഗി ഓർമ്മിപ്പിച്ചു കൊണ്ട് മുന്നിൽ ജോലികളുടെ അനന്ത സാധ്യതയും പുഞ്ചിരിയോടെ നിൽക്കുകയാണെന്നിരിക്കെ ആത്മ പരിശോധന നടത്താൻ സമയമായിരിക്കുന്നു എന്നൊരു തോന്നൽ.എവിടെ നിന്ന് തുടങ്ങണം? അച്ഛൻ ഉപേക്ഷിച്ചു പോയ ബാല്യത്തിൽ നിന്നോ? രോഗങ്ങളോടു മത്സരിച്ചു തോറ്റ് കിടക്കയിൽ നിശബ്ദയായി കഴിയേണ്ടി വന്ന അമ്മയെ കണ്ടു തുടങ്ങിയ കൗമാരത്തിൽ നിന്നോ?’തന്റെയും അനിയത്തിയുടേയും പഠനത്തിനായി ആരോഗ്യം പോലും നോക്കാതെ വിയർപ്പൊഴുക്കി അധ്വാനിച്ച ശീതീകരിച്ച ത്രീ സ്റ്റാർ ഹോട്ടലിന്റ ആരും തിരിഞ്ഞു നോക്കാത്ത അടുക്കളയിൽ നിന്നോ? അതോ കഷ്ടപ്പാടുകൾ ഉള്ളിലൊതുക്കി പുറമേ പുഞ്ചിരി നടിച്ച് പഠിക്കാനെത്തിയ ഈ കലാലയത്തിന്റെ ഇടനാഴികളിൽ നിന്നോ? എവിടെ നിന്നു തുടങ്ങണം എന്നേ നിശ്ചയമില്ലാതെയുള്ളു. അവസാനിക്കുന്നതെപ്പോഴും ജീവിതത്തിനോടു നിരന്തരം പൊരുതി, കാലിടറി വീഴാതെ നിൽക്കാൻ നന്നേ പ്രയാസപ്പെടുന്ന, വിഷാദഛായയുള്ള ഒരു ഇരുപതുകാരനിലാണ്.ക്യാംപസ് ജീവിതത്തിൽ പ്രണയമില്ലാത്തത് നിനക്ക് മാത്രം ആയിരിക്കും എന്ന് കളിയാക്കിയിരുന്നവരോടൊക്കെ ഒരു പുഞ്ചിരിയോടെ അവൻ പറയുമായിരുന്നു…’ ക്യാംപസ് പ്രണയം ക്ലീഷേ അല്ലേ സുഹൃത്തേ..’ ഇതേ അഭിപ്രായമായിരുന്നു……… മാഗസീൻ എഡിറ്റർ എന്ന ഉത്തരവാദിത്വം ചുമലിലേറ്റി, കൂട്ടുകാരിൽ നിന്ന് ശേഖരിച്ച കഥകളും കവിതകളും ലേഖനങ്ങളും ക്യാന്റീനിലെ ആവി പറത്തുന്ന കട്ടൻ കാപ്പിയും പരിപ്പുവടയും കഴിച്ച് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പേരോ ക്ലാസോ വയ്ക്കാത്ത ഒരു കഥ ൈകയ്യിൽ കിട്ടുന്നതു വരെ, അതിനു പിന്നിലെ എഴുത്തുകാരിയെ കണ്ടെത്തുന്നതു വരെ! കഥയുടെ അവസാന വരികൾ മനസിനെ വല്ലാതെ അലട്ടാൻ തുടങ്ങിയപ്പോൾ പകുതി കുടിച്ചു വച്ച കട്ടൻ കാപ്പി അതേ പടി അവിടെ വച്ചിട്ട് ഇറങ്ങി നടന്നു.അന്ന് നേരെ വന്നിരുന്നതും ഈ കൽപ്പടവിലാണ്.
അന്ന് തനിച്ചിരുന്നപ്പോൾ ചിന്തിച്ചതു മുഴുവനും പേരോ ക്ലാസോ വയ്ക്കാത്ത ആ കഥയുടെ സൃഷ്ടാവിനെ എങ്ങന കണ്ടെത്തും എന്നതിനെക്കുറിച്ചായിരുന്നു… പത്തയ്യായിരം കുട്ടികൾ പഠിക്കുന്ന ഒരു കോളേജിൽ നിന്ന് കൈയ്യക്ഷരം നോക്കി കണ്ടു പിടിച്ചാലോ എന്ന ചിന്ത പോയതു തന്നെ മണ്ടത്തരമാണ്. കലാലയ രാഷ്ട്രീയത്തിലെവിടെയും എപ്പോഴും മുഴങ്ങി കേൾക്കുന്ന പേരാണ് ‘അഭി’ എന്നത്. അവനെ സംബന്ധിച്ചിടത്തോളം ഏറെക്കുറേ എല്ലാ മുഖങ്ങളും പരിചിതവുമാണ്. ആത്മ സുഹൃത്തും സന്തത സഹചാരിയുമായ മനു ഒരാവശ്യം പറഞ്ഞാൽ പറ്റില്ലെന്നു പറയാൻ അഭിക്ക് തരവുമില്ല.
സാഹിത്യ രചനകൾ നടത്തുന്നവരൊക്കെയും പുസ്തകങ്ങളെ അഗാധമായി പ്രണയിക്കുന്നവരാണെന്നും അവരൊക്കെയും ലൈബ്രറിയിലാണ് കൂടുതൽ സമയവും ചിലവഴിക്കുകയെന്നുമുള്ള മുൻ വിധിയോടെ ലൈബ്രറിയിൽ നിന്നാണ് അഭി തന്റെ ശ്രമം തുടങ്ങിയെങ്കിലും പക്ഷേ കഥാനായികയെ കണ്ടെത്തിയത് ഓഫീസ് റൂമിൽ പരീക്ഷാ ഫീസടയ്ക്കാൻ ക്യൂ നിന്ന രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ വരിയിൽ നിന്നുമാണ്!
‘നഗരത്തിന്റെ പരിഷ്കാരങ്ങൾ പലതും ഇനിയും പരിചയം വന്നിട്ടില്ലാത്തൊരു പെൺകുട്ടി….’
അങ്ങനെയാണ് കഥാനായികയെ പരിചയപ്പെടുത്തുമ്പോൾ അഭിയുടെ ജൂനിയർ ദേവിക കൊടുത്ത വിശേഷണം. പരീക്ഷാ ഫീസടച്ച് രസീത് വാങ്ങി തിരക്കിൽ നിന്നൊന്നു മാറിയപ്പോ ഴേയ്ക്കും അതു വരെ ക്ഷമയോടെ കാത്തു നിന്ന അഭി സംസാരം ആരംഭിച്ചു കഴിഞ്ഞു.
”ഇയാൾ സോഷ്യോളജി ഡിപ്പാർട്ട്മെന്റിലെയാ,അല്ലേ? അതും എസ്. ടു.?”
”അതെ”
മുഖത്ത് സ്വതസിദ്ധമായ പുഞ്ചിരി വരാൻ ഒരുങ്ങിയെങ്കിലും സീനിയറിനോട് ബഹുമാനം കുറഞ്ഞെന്നു കരുതിയാലോ എന്നു കരുതി ഭാവഭേദം കൂടാതെ ചോദിച്ചതിനു മാത്രം മറുപടി പറഞ്ഞു. ഇതു കണ്ടിട്ടെന്ന പോലെ അഭിയിലെ രാഷ്ട്രീയ നേതാവുണർന്നു! നമ്മൾ പണ്ടേ അറിയുന്നവരല്ലേ എന്ന മട്ടിൽ വളരെ സൗഹൃദപരമായി ഓരോന്നു പറയാൻ തുടങ്ങി. മുഖത്തെ പരിഭ്രമം ഒന്നു മാറിയെന്ന് തോന്നിയപ്പോഴേയ്ക്കും അഭി വിഷയത്തിലേയ്ക്ക് കടന്നു.
”താൻ അസലായി കഥകൾ എഴുതാറുണ്ടല്ലേ?”
വീണ്ടും മുഖത്ത് പരിഭ്രമം.
“പേടിക്കണ്ടാ.മാഗസീനിലേയ്ക്ക് താൻ കൊടുത്ത കഥ എന്റെ കൈയ്യിലാ കിട്ടിയത്. വായിച്ചപ്പോ ഒരുപാട് ഇഷ്ടപ്പെട്ടു, നന്നായിട്ടുണ്ട്. പക്ഷേ ഇയാളെന്താ പേരും ക്ലാസും ഒന്നും വയ്ക്കാത്തത്? അറിയപ്പെടാനുള്ള താൽപ്പര്യം ഇല്ലാഞ്ഞിട്ടാണോ?
കുറഞ്ഞ പക്ഷം ഒരു തൂലികാ നാമം എങ്കിലും വയ്ക്കാമായിരുന്നു!അല്ലാ ആളെ കണ്ടു പിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടിയേ! ”അത്….. ഞാൻ…. ഞാൻ കഥാകാരിയൊന്നുമല്ല. വെറുതെ ഓരോന്നു കുത്തിക്കുറിക്കും…. അത്രേയുള്ളു.. ഇതിപ്പോ ആദ്യായിട്ടാ ഒരു മാഗസീനിലേയ്ക്ക്.. അതും കൂട്ടുകാരികൾ നിർബന്ധിച്ചപ്പോ… പേരൊക്കെ വച്ചാൽ, മാഗസിനിൽ കഥ അച്ചടിച്ചു വരികയാണെങ്കിൽ പലരും വന്നു ചോദിച്ചാലോ എന്നു വിചാരിച്ചിട്ടാ… എന്റെയീ ചെറിയ സൗഹൃദയ വലയത്തിനുള്ളിൽ ഒതുങ്ങി കൂടാനാ ഇഷ്ടം…” ” അതു ശരി! പേടിക്കണ്ടാ. പേരു വയ്ക്കാതെ തന്നെ കൊടുത്തേയ്ക്കാം. അപ്പോ ശരി വരട്ടെ… എഡിസൺ ബൾബ് കണ്ടു പിടിച്ചതിനേക്കാൾ വലിയ കണ്ടു പിടിത്തം നടത്തിയെന്ന മട്ടിൽ അഭി നടന്നകന്നു. പെട്ടെന്ന് ഒന്നു തിരിഞ്ഞു നിന്നിട്ട് കൂട്ടിച്ചേർത്തു” തന്റെ കഥ വായിച്ചിട്ട് ഒരു ആരാധകൻ ആരാധനയോടെ ഇവിടെയൊക്കെ കറങ്ങി നടപ്പുണ്ടേ..!” അവളുടെ മുഖത്ത് വന്ന ഭാവവ്യത്യാസങ്ങൾ ശ്രദ്ധിക്കാൻ പോലും കൂട്ടാക്കാതെ അഭി ഓടിയകന്നു. കുറച്ചു നേരം അവളവിടെ തന്നെ നിന്നു.
ആരാധകനോ? എന്റെ കഥ വായിച്ചിട്ടോ? ആരായിരിക്കും? ആരാധനയെന്നു പറയുമ്പോൾ? ഉള്ളിലെവിടെയോ പരിഭ്രമത്തിന്റെ ഒരു ചെറിയ ഉറവ പൊട്ടിയിട്ടാകണം കൈയ്യിലിരുന്ന രസീത് വിയർപ്പിൽ കുതിർന്നു. നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കി ഓഡിറ്റോറിയത്തിൽ വച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ മാഗസിൻ പ്രകാശനം ചെയ്തപ്പോൾ മൂന്നു മാസം നീണ്ട മനുവിന്റെ പ്രയത്നത്തിന്റെ പ്രതിഫലനം മാഗസീനിൽ തെളിഞ്ഞു കാണാമായിരുന്നു. മാഗസീന്റെ ഒരു കോപ്പിക്കൊപ്പം ഒരു കത്ത് കൂടി വച്ച് മനു അഭിയുടെ കൈയ്യിൽ കൊടുത്തയച്ചു.” വാട്സ്ആപ്പും ഫെയിസ് ബുക്കും ഉള്ള ഈ കാലഘട്ടത്തിൽ കത്ത് എഴുതാൻ നിനക്ക് വട്ടാണോടാ ?” കത്ത് കയ്യിൽ വാങ്ങുമ്പോൾ അഭി കളിയാക്കാൻ മറന്നില്ല. സ്മാർട്ട് ഫോൺ സ്വന്തമായിട്ടില്ലാത്ത മനു ,ഒരു പക്ഷേ ഫോൺ ഉണ്ടായിരുന്നെങ്കിലും കത്ത് എന്ന മാധ്യമമേ അവന്റെയുള്ളിലെ കാൽപ്പനിക മനുഷ്യൻ തിരഞ്ഞെടുക്കുമായിരുന്നുള്ളൂ.
മാഗസിൻ റിലീസിന്റെയന്ന് വരാൻ കഴിഞ്ഞില്ലെന്ന ക്ഷമാപണത്തോടു കൂടി തുടങ്ങി ആദ്യമായി കഥ അച്ചടിച്ചു വന്നതിന്റെ സന്തോഷവും പേരു വയ്ക്കപ്പെടാത്തതിന്റെ ആശ്വാസവും നന്ദി എന്ന രണ്ടക്ഷരവും കൂടി ചേർത്ത് അഭിയെ അറിയിച്ചു. പ്രണയ ലേഖനമല്ലെന്ന ഉറപ്പ് ആദ്യമേ കൊടുത്തതു കൊണ്ട് അഭി കൊടുത്ത കത്ത് അവൾ മടിച്ചു മടിച്ച് വാങ്ങി.
”കഥ നന്നായിട്ടുണ്ട്. ആ കഥയിലെവിടെയൊക്കെയോ ഞാൻ എന്നെ കണ്ടു.പ്രത്യേകിച്ച് അവസാനത്തെ ഭാഗങ്ങളിൽ! ഇനിയും എഴുതണം.” ഇത്രമാത്രം!
” ഇതാരാ തന്നയച്ചത്?”
അതിശയവും അമ്പരപ്പും…
”തന്റെ ആകാംക്ഷ എനിക്ക് മനസിലാകും..പക്ഷേ ക്ഷമിക്ക്.. തൽക്കാലം കഥാനായകനെ പരിചയപ്പെടുത്താൻ അവനെനിക്ക് അനുവാദം തന്നിട്ടില്ല! താൻ കഥയിൽ പേരു വയ്ക്കരുത് എന്ന് ആവശ്യപ്പെട്ടതു പോലെ! ഇനിയും കഥയെഴുതണേ… വെറുതെ പാവം ആരാധകനെ വിഷമിപ്പിക്കണ്ടാ കേട്ടോ..! ”
ഒരു നിശബ്ദ പ്രണയത്തിനും കൂടി മൂക സാക്ഷിയായി മാറുകാണെന്ന് താനെന്ന് കലാലയ മുത്തശ്ശി ഒരു പക്ഷേ മനസിൽ പറഞ്ഞിട്ടുണ്ടാകണം…..
” അല്ലാ, എന്താ നിന്റെ ഉദ്ദേശം? എന്നെ ഹംസമാക്കുകയാണോ? ഇതിപ്പോ ആരാധനയെന്നും പറഞ്ഞ് നീ തന്ന കുറേ കത്തുകൾ ഞാനവൾക്ക് കൊണ്ടു കൊടുത്തു. ചോദിക്കാതെ തന്നെ അവൾ തന്ന കത്തുകൾ കൃത്യമായി ഞാൻ നിന്നേം ഏൽപ്പിക്കുന്നുണ്ട്, ഒരെണ്ണം പോലും പൊട്ടിച്ചു വായിക്കാതെ! ഈ ആരാധയുടെ പേര് പ്രണയമെന്ന് തിരുത്തി വായിക്കട്ടെ ഞാൻ?”
”എന്താടാ… നിനക്ക് എന്നെ നന്നായി അറിയാവുന്നതല്ലേ?എന്റെ പ്രശ്നങ്ങളും….. അതിലേയ്ക്ക് ഒരു പെൺകുട്ടിയെ കൂടി വലിച്ചിഴയ്ക്കാൻ തോന്നുന്നില്ല……..”
”സത്യം പറയെടാ.. ‘ജോമോന്റെ സുവിശേഷങ്ങൾ നീ എത്ര തവണ കണ്ടു? ഇതിനു സമാനമായ വരികൾ ദുൽഖർ ആ സിനിമയിൽ പറയുന്നു ണ്ടല്ലോ?”
”നിനക്ക് എല്ലാം തമാശയാ അഭീ…”
” അതു നീ എല്ലാ കാര്യങ്ങളും വളരെ സീരിയസായിട്ടെടുക്കുന്നതു കൊണ്ട് തോന്നുന്നതാ! അന്വേഷിച്ചിടത്തോളം നല്ല കുട്ടിയാ. നീ ഒരു വാക്ക് പറഞ്ഞാൽ മതി… അല്ലെങ്കിൽ തന്നെ ഇഷ്ടം തോന്നിയ പെണ്ണിനോടു അതു തുറന്നു പറയാനുള ചങ്കൂറ്റമൊക്കെ എന്റെ കൂട്ടുകാരനുണ്ട്…നീ ധൈര്യമായി ചെന്നു പറയെടാ!”
ഒന്നും മിണ്ടാതെ മനു നടന്നു പോയപ്പോൾ പിന്നിൽ നിന്ന് അഭി പിറുപിറുത്തു….’ ചില നേരത്ത്
ഈയെനിക്കു പോലും അവനെ പിടി കിട്ടുന്നില്ലല്ലോ…’
അക്ഷരങ്ങളിലൂടെ ജീവിക്കുന്ന ഒരുവൾക്ക് എങ്ങനെയാ അവന്റെ അക്ഷരങ്ങളെ സ്നേഹിക്കാതിരിക്കാൻ കഴിയുക? അഭിയുടെ കൈയ്യിൽ നിന്ന് ഓരോ തവണ കത്തു വാങ്ങുമ്പോഴും അക്ഷരങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പ്രണയത്തെ അവളേറെ പ്രതീക്ഷയോടെ തിരയുമായിരുന്നു….. ഓരോ തവണ മറുപടി എഴുതാനിരിക്കുമ്പോഴും ഉള്ളിലുളള പ്രണയം വാക്കുകളിൽ ഒളിപ്പിക്കാൻ അവളും ശ്രദ്ധിച്ചു!
” രണ്ടും കൂടി മൊയ്ദീനും കാഞ്ചന മാലയും കളിക്കുവാ.. എവിടെ വരെ പോകുമെന്ന് നോക്കട്ടെ!” മനുവിനെ കാണുമ്പോഴൊക്കെയും അഭി കളിയമ്പുകൾ ഉന്നം തെറ്റാതെ തൊടുത്തു വിട്ടു കൊണ്ടിരുന്നു.
ഒരു സെമസ്റ്ററും കൂടി ഓടിപ്പോയി.. S 6 പരീക്ഷയും പ്രാക്ടിക്കൽസും പ്രോജക്ടും വൈവയും കഴിഞ്ഞ് അഭിക്കും മനുവിനും യാത്ര പറഞ്ഞിറങ്ങേണ്ട ദിവസവുമെത്തി. ജൂനിയേഴ്സിനോടും ക്യാൻടീൻ നടത്തിപ്പുകാരോടും എന്തിനേറെ പറയുന്നു കോളേജു മുറ്റം തൂത്തു വൃത്തിയാക്കുന്നവരോടു വരെ വികാരാധീനനായി യാത്ര പറഞ്ഞ്, അറിയാതെ നിറഞ്ഞ കണ്ണു തുടച്ച് വലതു വശത്തെ കൽപ്പടവിൽ അവസാനമായി ഒന്നിരിക്കാനും മനുവിനോട് യാത്ര പറയാനുമായി വരുമ്പോഴുണ്ട്, അവിടെയാ കൽപ്പടവിൽ അവൾ ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്നു.
”നിങ്ങൾ തേഡിയേഴ്സ് ഇന്നു പോകുവാണല്ലേ…. ഇനി നമ്മൾ കാണാനേ സാധ്യത കുറവാ… അവസാനമായി ഒന്നു ചോദിച്ചോട്ടെ….. ഇന്നെങ്കിലും എന്നോട് പറയരുതോ മറഞ്ഞു നിന്ന് എന്റ്റെ കഥകളെ ആരാധിക്കുന്ന അയാൾ ആരാണെന്ന്???
കത്തുകളിലൂടെ മാത്രം അറിഞ്ഞ അയാളെ ഒന്നു കാണിച്ചു തന്നൂടേ?”
”ഞാനെന്താ കുട്ടീ നിന്നോട് പറയേണ്ടത്?
അതിനുള്ള അനുവാദം ഇനിയും എനിക്ക് തന്നിട്ടില്ലവൻ. നിങ്ങളുടെ കത്തുകൾ പരസ്പരം തന്നു എന്നതിനപ്പുറം എനിക്കറിയില്ല രണ്ടു പേരുടേയും മനസുകൾ.ഏതെങ്കിലും കത്തിൽ അവനെന്തെങ്കിലും?”
”ഇല്ല…….. ഒന്നും പറഞ്ഞിട്ടില്ല…… അറിയാനുള്ള ആകാംക്ഷയ്ക്കപ്പുറം എപ്പോഴോ ഒരിഷ്ടം ഉള്ളിലെവിടെയോ……. ചെറിയൊരു പ്രതീക്ഷ തോന്നിയതു കൊണ്ടാണ് ഇന്നിവിടെ കാത്തു നിന്നതും…… സാരമില്ല, ഇങ്ങനെയൊരു ക്ലൈമാക്സ് കൂടി പ്രതീക്ഷിച്ചിരുന്നതു കൊണ്ട് ഒരു കത്ത് ഞാൻ കൈയ്യിൽ കരുതിയിട്ടുണ്ട്.ഒരു കത്തിൽ തുടങ്ങിയ സൗഹൃദം……… അതവസാനിക്കുന്നതും ഒരു കത്തിൽ തന്നെയാകട്ടെ…… ഈ ഒരു കത്ത് കൂടി അയാളെ ഏൽപ്പിക്കണം. ഇനിയൊരു മറുപടിക്ക് കാത്തു നിൽക്കാതെ ഞാനും പോകുകയാണ്… പോട്ടെ………”
അവളുടെ കണ്ണ് നിറഞ്ഞതും അവളതു തുടച്ചതും കണ്ടിട്ടില്ലെന്ന മട്ടിൽ അഭി തന്റെ ദൃഷ്ടി ദൂരെയെവിടെയോ പതിപ്പിച്ചു നിന്നു.അവളങ്ങനെ തനിച്ചു നടന്നു പോകുന്നതു കണ്ടപ്പോൾ………….. ഉളളിലെവിടെയോ മുള്ളു തളച്ചു കയറുന്ന വേദന…… അന്നാദ്യമായി ചെയ്യുന്നത് ശരിയല്ല എന്ന ബോധ്യമുണ്ടായിട്ടും അഭി അവൾ തന്ന കത്ത് പൊട്ടിച്ചു വായിച്ചു.
” അക്ഷരങ്ങളെല്ലാം നിങ്ങളുടേതായിരുന്നു……. ഞാനവ കൂട്ടിച്ചേർക്കുക മാത്രമായിരുന്നു… ഒരു വാക്കിന്റെയും നോക്കിന്റെയും അകലത്തിലിരുന്നാണ് നിങ്ങളും ഞാനും ഒന്നും അറിയാതെ പോയത്.തിരിഞ്ഞു നോക്കണമെന്നു തോന്നി, നോക്കിയപ്പോൾ വേണ്ടെന്നും…. പോകുമ്പോൾ ഒന്നും പറയരുത്. ഒന്ന് തിരികെ നോക്കുക പോലും അരുത്, ഞാൻ വിളിക്കുകയുമില്ല…… ഞാനും നിങ്ങളും ചിരിക്കുകയാണെന്ന് കരുതാം….. പോകാം…. പറയാത്ത വാക്കും അവശേഷിച്ച നോക്കും കടം കിടക്കട്ടെ……. പറിഞ്ഞു പോകാത്ത ചിലതൊക്കെ പാടുകളായി അവശേഷിക്കട്ടെ…….നന്ദി….നന്ദി…… ”***
അഭി സ്തബ്ദനായി നിന്നു. ഉള്ളിൽ തുളച്ചു കയറിയ മുള്ള് കൂടുതൽ ആഴത്തിലിറങ്ങിയിരിക്കുന്നു…. ചില മുറിവുകൾ അങ്ങനെയാണ്….. കാലമെത്ര കഴിഞ്ഞാലും ഇടയ്ക്കിടയ്ക്ക് രക്തം പൊടിഞ്ഞു കൊണ്ടേയിരിക്കും….. അഭി കത്ത് മടക്കി ഷർട്ടിന്റെ പോക്കറ്റിലിട്ടു. ഇനി ഒരു കത്തു പോലും തന്റെ കൈ വഴി ആരിലുമെത്തില്ല… ഒരര മണിക്കൂർ കഴിഞ്ഞില്ല എവിടെ നിന്നോ ഓടിക്കിതച്ചു മനു എത്തി, കൈയ്യിലൊരു ഓട്ടോഗ്രാഫ് ബുക്കുമായി.
”എടാ നീയും കൂടിയേ ഇനി ഇതിലെഴുതാനുള്ളൂ.”
ഒന്നും മിണ്ടാതെ ഓട്ടോഗ്രാഫ് ബുക്ക് കയ്യിൽ വാങ്ങി, കിട്ടിയ പേജിൽ അഭി എഴുതി തുടങ്ങി……
” ആരെന്ന് പറയണമായിരുന്നു ? അവനു മുറിവേറ്റിരുന്നു. തിരികെ നടക്കുമ്പോൾ, അന്നോളം പരിചിതമല്ലാത്ത ഒരു ശൂന്യതയിലേയ്ക്ക് അവൻ വഴുതി… ആരെന്ന് പറയണമായിരുന്നു? വീണ്ടും വീണ്ടും ശൂന്യത ഭേദിച്ച് ആ ചോദ്യം മുറിവിൽ കുത്തിക്കൊണ്ടേയിരുന്നു… എന്തെങ്കിലും ഒന്നു പറയാമായിരുന്നു, എന്തെങ്കിലും…………..”
ഇരച്ചു കയറിയ സമ്മിശ്ര വികാരങ്ങൾ ഉള്ളിലമർത്തി ഓട്ടോഗ്രാഫ് തിരികെ കൊടുത്ത് ”പോട്ടേടാ” എന്നു മാത്രം പറഞ്ഞ് അഭി തിടുക്കത്തിൽ നടന്നു.
മനു മുഖമുയർത്തി വീണ്ടും ആ വരികളിലൂടെ കണ്ണോടിച്ചു.
അതേ, ആത്മപരിശോധനയ്ക്ക് സമയമായിരിക്കുന്നു.