കോളിംഗ് ബില്ലിൽ നിന്നുള്ള നിർത്താത്ത ബെല്ലടി കേട്ടിട്ടാണ് അവൻ ഉണർന്നത്. സമയം ഒൻപതു മണിയാകുന്നു അമ്മ രാവിലെ ഗുരുവായൂർക്ക് പോയതാണ്. അമ്മയെ രാവിലെ ബസ് സ്റ്റാൻഡിൽ കൊണ്ടു പോയി വിടാൻ എഴുനേറ്റിരുന്നു. ചെന്നെയിൽ നിന്നും അവൻ തലേന്ന് രാത്രി വൈകിയാണ് എത്തിയത്. അതുകൊണ്ട് അമ്മയെ വിട്ടിട്ടു വന്നപ്പോൾ ഉറക്ക ക്ഷീണം കാരണം വീണ്ടും വീണു പോയി.
കതകു തുറന്നപ്പോൾ പഴയ സ്ക്കൂൾ സഹപാഠികൾ, താനെത്തുമെന്നറിഞ്ഞ് ഓടിയെത്തിയതാണ്. സ്ക്കൂൾബാച്ചിന്റെ പത്താം വാർഷികത്തിനു ക്ഷണിക്കാനും കൂടിയുള്ള വരവാണ്, "ടീച്ചറെന്തിയേടാ" അരുണിന് അമ്മയെ പേടിയാണ്. പണ്ടവന്റെ ക്ലാസ്ടീച്ചറായിരുന്നു. അന്നവന്റെ കുരുത്തക്കേടുക്കൾക്ക് കിട്ടിയ അടിയുടെ ചൂട് അവൻ ഇടക്കിടക്ക് ഓർമ്മിച്ചെടു ക്കു മായിരുന്നു. അരുൺ ജംഗ്ഷനിൽ ടെക്സ്റ്റയിൽസ് നടത്തുന്നു. കൂടെ വന്ന സജീവ് അടുത്ത ടൗണിൽ സ്ക്കൂൾ മാഷാണ്. ആദർശശാലിയായ ഒരു മാഷിന്റെ മകനായതുകൊണ്ട് പണക്കാരനായിട്ടും എയ്ഡഡ് സ്കൂളിൽ പകിട കൊടുത്തു ജോലിവാങ്ങാതെ സി.ബി.എസ്.ഇ സ്ക്കൂളിലാണ് അവന് ജോലി. അച്ഛന്റെ ഒടുക്കത്തെ പിശുക്കാണ് തന്റെ ദുരവസ്ഥക്ക് കാരണമെന്നാണ് അവന്റെ അഭിപ്രായം.
"അമ്മ ഗുരുവായൂർ ഒരു കല്യാണത്തിനു പോയടാ"
"എടാ ഇവൻ അതറിഞ്ഞോണ്ട് ചോദിച്ചതാ" സജീവ് അരുണിനെ കളിയാക്കി പറഞ്ഞു. "അവൻ നിന്നെ കാണാൻ കാണിക്കയുമായാണ് വന്നിരിക്കുന്നത്. ഇന്നലെ അമ്മ അവന്റെ കടയിൽ പോയിരുന്നു." അരുൺ കയ്യിലിരുന്ന പൊതി ടിപ്പോയിൻ വെച്ചു. അച്ഛന്റെ മിലിട്ടറി ക്വോട്ടയാ ..നീ വരുന്നതു പ്രമാണിച്ചു ഞാൻ നേരത്തെ ഒപ്പിച്ചതാ ... അല്ലാതെ ഒന്നാം തീയതി ഇന്നു ഡ്രൈ ഡേ അല്ലേ...
തൊട്ടു കൂട്ടാൻ എന്തേലും റെഡിയാക്കാം.
കൂട്ടുകാരുമായി അതുമാലോചിച്ച് പോർട്ടിക്കോയിൽ ഇരിക്കുമ്പോഴാണ് അടുത്ത വീട്ടിൽ അവളെ കണ്ടത്. അല്പം തടിയൊക്കെ വെച്ചു സുന്ദരിയായിരിക്കുന്നു. അവന്റെ നോട്ടം തന്നിലേക്കാന്നെന്ന് മനസ്സിലാക്കിയ അവൾ ഓടി ജെനി ചേച്ചിയുടെ അടുക്കലേക്ക് ഓടിപ്പോയി. "എന്തോന്നാടാ രാവിലെ ഒരു ഇരപിടുത്തം" തന്റെ നോട്ടത്തെ ശ്രദ്ധിച്ച തുണി കച്ചവടക്കാരന്റെ കമ്മന്റ് കാതിൽ വീണു." കൊള്ളാല്ലോ ഇതേതാ ഒരു ചേച്ചി". അരുണിനെ അടക്കി നിർത്തി അവൻ ജെനി ചേച്ചിയുടെ അടുക്കലേക്ക് നടന്നു.
അരുണിന്റെ വഷളൻ നോട്ടം എതിരിടാൻ കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ ചേച്ചി മാറിലേക്ക് എടുത്തിട്ടു." ആരാ അനിയൻ കൂട്ടാ വീട്ടിൽ വന്നിരിക്കുന്നേ .... കൂട്ടുകാരാണോ .....നിന്റെ കൂട്ടുകാരനാ ആ വായാടി തുണികടക്കാരൻ". അവൻ അറിയാതെ ചിരിച്ചു പോയി. അവൻ കേൾക്കണ്ടാ ഒരുളക്ക് ഉപ്പേരി റെഡിമെയ്ഡായി എത്തും. ചേച്ചി അവന്റെ മൂത്ത ചേച്ചിയോടൊപ്പം പഠിച്ചതാണ്. ആ അടുപ്പം കൊണ്ടാണ് അമ്മ ജെനി ചേച്ചിയെ അമ്മയുടെ അമ്മാവന്റെ മകളുടെ കൊച്ചു മകനുമായുള്ള കല്യാണത്തിന് ഇയാളായി നിന്നത്. ഇടക്ക് അമ്മ അവിടത്തെ വഴക്കൊക്കെ കേട്ടു കുണ്ഠിതപ്പെടാറുമുണ്ട്.
"അമ്മ ഗുരുവായൂർ പോയതറിഞ്ഞ് വന്നതാണോ കൂട്ടുകാർ" ചേച്ചിക്ക് അവരെ അത്ര പിടിച്ചിട്ടില്ലെന്നു സംസാരത്തിലെ ധ്വനിയിൽ അവനു മനസ്സിലായി. ചേച്ചി പ്രളയത്തിൽ അവരൊക്കെയല്ലേ നമ്മൾക്കു സഹായത്തിനുണ്ടാ യോളെന്ന് ചേച്ചിയുടെ അടുത്തു പറയണമെന്ന് തോന്നിയെങ്കിലും അവൻ ഒന്നും പറഞ്ഞില്ല. അടുത്തു നിന്ന സുന്ദരി കോതയെ നോക്കി കണ്ണിറുക്കി അവൻ രഹസ്യമായി ചോദിച്ചു." എവിടുത്തുകാരിയാ.... ഇവിടെ മുമ്പ് കണ്ടിട്ടില്ലല്ലോ. ചേട്ടായി ബാംഗ്ലൂരിൽ നിന്നു വന്നപ്പോ കൊണ്ടുവന്നതാ. നിനക്കിഷ്ടപ്പെട്ടോ? ഗേറ്റ് ആരോ വലിച്ചു തുറക്കുന്നത് കേട്ട് ചേച്ചി ഷാള് പിടിച്ചിട്ടു കൊണ്ട് ഉമ്മറത്തേക്ക് പോയി. അവൻ ആ സുന്ദരിയെ നോക്കി ഊറിച്ചിരിച്ചു കൊണ്ട് നിൽക്കുമ്പോൾ ചേച്ചിയുടെ ഉച്ചത്തിലുള്ള സംസാരം ഉമ്മറത്തു കേട്ടു. രണ്ടുമൂന്നുപേർ മാസ്ക്കും ഉപകരണങ്ങളുമായി അവൻ നില്കുന്നിടത്തേക്ക് വരുന്നത് കണ്ടു. അവരുടെ പുറകിൽ ചേച്ചി പരിതാപം പറഞ്ഞു കൊണ്ടും." നിങ്ങൾ ഇവരെ പറഞ്ഞു മനസ്സിലാക്കു .... ഇതു പറഞ്ഞു അവർ അവനു സമീപത്തു നിന്ന ആ സുന്ദരിയെ പിടികൂടി. അവനു കലശലായ ദേഷ്യം തോന്നി ..." ഹേയ് അതിനെ വിട്ടേ...' അതു ഞാൻ പറഞ്ഞു വെച്ചതാ ....ആഹാ അപ്പോ നാട്ടിൽ പക്ഷിപ്പനി പടരുന്നത് അറിഞ്ഞില്ലേ മാഷും .... അവരുടെ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരി ഉച്ചത്തിൽ കളിയാക്കി ചിരിച്ചു. അപ്പോഴേക്കും യേട്ടൻ ബാംഗ്ലൂരിൽ നിന്നു. കൊണ്ടുവന്ന പുള്ളി കോഴി സുന്ദരിയുടെ ആർ ത്തനാദം മുഴങ്ങി ....കൂടെ മിലിറ്ററി റമ്മിന്റെ കൂടെ കോഴിക്കാലു കടിച്ചു വലിക്കുന്നത് സ്വപ്നം കണ്ട അവന്റെയും അലുമിനികളുടെയും ഉച്ചക്കിനാവിന്റെയും!!.....