mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

dog

Haridas B

സൂര്യൻ പടിഞ്ഞാറിനറ്റം ആഴിയിൽ എരിഞ്ഞടങ്ങാൻ തുടങ്ങുകയാണ്, വലിയ വട്ടത്തിൽ പ്രഭ തൂകി നിൽക്കുന്ന സായന്തന സൂര്യനെ നോക്കി ആളുകൾ ആഹ്ലാദിക്കുന്നതു കണ്ട്, അയാൾക്ക് ചിരിക്കാനാണ് തോന്നിയത്.

ഒരു പകൽ മുഴുവൻ തന്റെ കർമ്മം നിർവ്വഹിച്ച് അസ്തമയത്തിനു വേണ്ടി യാത്രയാകുന്ന വേളയിൽ സൂര്യന്റെ സ്വച്ഛ ശാന്തമായ രൂപം കാഴ്ച്ചക്കാരിൽ ആഹ്ലാദം ജനിപ്പിക്കുന്നതും ആനന്താതിരേകത്താൽ ആർത്തു വിളിക്കുന്നതും അയാൾക്ക് കേൾക്കാം.

അയാളും ഒരു പിൻ നടത്തം തുടങ്ങിക്കഴിഞ്ഞു. സായന്തനത്തിന്റെ അനിവാര്യതകളിൽ, തിളങ്ങുന്ന വലിയ വട്ടങ്ങൾ ഒന്നും ഇല്ലാതെ ജീവിതത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന്‌ രക്ഷനേടാൻ എന്തൊക്കെയൊ കുത്തിക്കുറിച്ചിരുന്നു.'കവി' എന്നൊരു പേരും ആരൊക്കേയൊ ചാർത്തിത്തന്നു. കവികൾ എപ്പോഴും എഴുതിക്കൊണ്ടിരിക്കണം എരിയുന്ന പ്രാണന്റെ പൊരിച്ചിൽ കവിക്ക് ഉണ്ടാവാൻ പാടില്ല. ആരുടേയും മുൻപിൽ കൈ നീട്ടാനും പാടില്ല കവിയല്ലെ?

കടൽക്കരയിലെ ജനക്കൂട്ടത്തിന് ഇടയിലൂടെ അയാൾ അലസമായി നടന്നു.

ചെവിക്കുടയിലെ പാതിയെരിഞ്ഞു കെട്ടുപോയ ബീടിക്കുറ്റിയെടുത്ത് കത്തിച്ചു കൊണ്ട്, ആളൊഴിഞ്ഞ ഒരു ഇടംനോക്കി അയാൾ ഇരുന്നു. രണ്ടു ദിവസമായി എന്തെങ്കിലും ഭക്ഷണം കണ്ടിട്ട്, ഒറ്റക്കിരുന്നു മടുത്തപ്പോൾ ഒരുപാട് നിഗൂഢതകൾ ഒളിപ്പിക്കുന്ന കടലിനെ കുറച്ച്നേരം നോക്കി കടൽക്കാറ്റ് ഏറ്റ്  ഇരിക്കാൻ ആഗ്രഹിച്ചു വന്നതാണ്.

അയാൾ ഇരിക്കുന്നതിന്റെ തൊട്ടടുത്തായി ഒരു നായ്ക്കുട്ടി ഒട്ടിയ വയറുമായി പ്രതീക്ഷമുറ്റിയ മിഴികൾ വിടർത്തി നോക്കുന്നത് അയാൾ കണ്ടു. വെറുതെ അതിന്റെ ദയനീയഭാവം കണ്ട്, ഒന്ന് സ്നേഹപൂർവ്വം വിരൽ ഞൊടിച്ചു. നായ്ക്കുട്ടി അവശതയോടെ എഴുനേറ്റ് വാൽ ആട്ടിക്കൊണ്ട്, അയാളുടെ അരുകിൽ വന്നു നിന്നു.

കയ്യിലിരിക്കുന്ന ബീഡിക്കുറ്റി ചുണ്ടിൽ വെക്കുന്നതു കണ്ട് ആ സാധു തെറ്റിദ്ധരിച്ചിരിക്കണം അയാൾ എന്തൊ ഭക്ഷിക്കുക യാണെന്ന്.

അയാളുടെ മനസുപോലെ കയ്യിൽ എരിയുന്ന കനൽച്ചൂടാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ നായ്ക്കുട്ടി അയാളുടെ കാൽപ്പാദത്തെ മുട്ടിയുരുമ്മി വീണ്ടും കിടന്നു.

കയ്യിലെ ബീഡി പുകച്ചുരുളുകളായി ആമാശയം നിറഞ്ഞ് പുറത്തുവന്നു തീർന്നപ്പോൾ അയാൾ വീണ്ടും എഴുനേറ്റുനടന്നു. തിരിഞ്ഞു നോക്കുമ്പോൾ ആ നായ്ക്കുട്ടിയും വേച്ചു വേച്ച് അയാളെ പിൻതുടരുന്നത് അയാൾ കണ്ടു!

'ആർദ്രമായ ഒരു നോട്ടവും ഒന്ന് വിരൽ ഞൊടിച്ചതുമല്ലാതെ അതിന് താനോന്നും കൊടുത്തില്ല. കയ്യിൽ ഒന്നുമില്ലന്നറിഞ്ഞിട്ടും, ഇനിയൊട്ടു
കിട്ടാനുള്ള സാധ്യതയും ഇല്ലന്നറിഞ്ഞിട്ടും പിൻതുടരുകയാണ്.' അയാൾ സ്വയം ചോദിച്ചു. 'നിർമ്മലമായ സ്നേഹത്തിന് കൊടുക്കവാങ്ങലുകൾ ആവശ്യമുണ്ടോ?' നായ്ക്കുട്ടി അയാൾ നിൽക്കുമ്പോൾ പുതഞ്ഞ് തണുത്ത മണ്ണിൽ കിടക്കും, അയാൾ പോയാൽ വീണ്ടും എഴുനേറ്റ് വേച്ച് നടക്കും.

അയാൾ നടുപ്പുനിർത്തി, ഇനിയും നടന്നാൽ പാവം ആ നായ്ക്കുട്ടിയും തന്നെ പിൻതുടരും. അയാൾ വീണ്ടും ഇരുന്നു. ഇപ്രാവശ്യം ദീർഘനാളത്തെ സ്നേഹിതനേപ്പോലെ നായ്ക്കുട്ടി അയാളുടെ ഇരു കാൽപ്പാതങ്ങളിലാണ് കിടന്നത്, അത് ഇനിയും നടക്കല്ലേ എന്നോരു അപേക്ഷ പോലെ അയാൾക്കു തോന്നി, എന്തെങ്കിലും ആഹാരം നായ്ക്കുട്ടിക്കു കൊടുക്കാനുള്ള മാർഗ്ഗത്തെക്കുറിച്ചാണ് പിന്നീട് അയാൾ ചിന്തിച്ചത്. ആരോടും സഹായം അഭ്യർത്ഥിക്കാൻ അയാളുടെ ആത്മാഭിമാനം അനുവദിച്ചില്ല.

"സാർ, എഴുതുന്ന ആളല്ലെ?" 
ചോദ്യം കേട്ട ദിക്കിലേക്ക് അയാൾ നോക്കി. ഒരു പെൺകുട്ടിയാണ്. അയാൾ പതിയെ തലയാട്ടി, 
"സാറിന്റെ അസ്തമയത്തിനുമപ്പുറം എന്ന കവിത, ഞാൻ വായിച്ചിരുന്നു, നന്നായിരുന്നു. ഒരു സെൽഫി എടുത്തോട്ടെ"

പെൺകുട്ടി, അയാളുടെ മൗനം സമ്മതത്തിലേക്ക് വഴുതിവീഴും മുൻപ് നിലത്തിരുന്ന് ഒരു സെൽഫി എടുത്തു.

"നായ്ക്കുട്ടി സാറിന്റെയാ?" അവൾ പോകുന്ന കൂട്ടത്തിൽ ചോദിച്ചു. അയാൾ അവളെ തിരിച്ചു വിളിച്ചു.

"നായ്ക്കുട്ടി എന്റേയല്ല, പക്ഷെ ഇവൻ വല്ലാതെ വിശന്ന് തളർന്നിരിക്കുന്നു. ഞാൻ പൈസ കരുതിയിരുന്നില്ല."

"ഓ..." 
അവൾ ഒരു നൂറ് രൂപാനോട്ട് അയാളെ ഏൽപ്പിച്ചു.

അയാൾ അവൾക്ക് നന്ദി പറഞ്ഞുകൊണ്ട് എഴുനേറ്റു. ഇപ്രാവശ്യം നായ്ക്കുട്ടി അയാൾക്ക് ഒപ്പം നടന്നില്ല, പക്ഷെ, അയാളെ തന്നെ നോക്കിക്കിടന്നു. സ്നേഹം പിൻതുടർന്ന് പോകേണ്ടതില്ല തേടിവരുമെന്ന് കുറച്ചു നേരത്തെ ആത്മബന്ധ ബോധത്തിൽ നിന്ന് അവൻ തിരിച്ചറിഞ്ഞിരിക്കണം.

പലഹാരപ്പൊതിയുമായ് തിരിച്ചു വന്ന് അത് നായ്ക്കുട്ടിക്കു മുൻപിൽ അയാൾ നിവർത്തി വച്ചു. പക്ഷെ, നായ്ക്കുട്ടി അയാളുടെ മുഖത്തേക്ക്
ആർദ്രമായി നോക്കി നിന്നതല്ലാതെ അത് തൊട്ടില്ല. കഴിക്ക്, കഴിക്ക്, എന്ന് പറഞ്ഞിട്ടും അവൻ പലഹാരത്തിൽ നോക്കും പിന്നീട് അയാളുടെ മുഖത്തേക്കും.

'താൻ അവന്റെ വിശപ്പ് അറിഞ്ഞ പോലെ, അവനും തന്റെ വിശപ്പ് അറിഞ്ഞിരിക്കുന്നു!' അയാൾ അതിൽ നിന്ന് കുറച്ച് എടുത്തു കഴിച്ചു കഴിഞ്ഞപ്പോൾ ബാക്കി നായ്ക്കുട്ടി ആർത്തിയോടെ കഴിക്കുന്നതു കണ്ട്, എന്നോ നീർ വറ്റിപ്പോയ അയാളുടെ മിഴികൾ നിറഞ്ഞു, 'താനിതുവരെ ഇത്ര തീവ്രമായ ഒരു സ്നേഹം അനുഭവിച്ചിരുന്നോ?'

അയാളുടെ നിരാശ പതിയെ കടലിൽ അലിഞ്ഞു മറയുന്ന സൂര്യനേപ്പോലെ, കുറേശ്ശെ അലിഞ്ഞ് ഇല്ലാതെയായി, 'തനിക്ക് സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും ഒരു ജീവൻ ഉണ്ടായിരിക്കുന്നു.'

അയാൾക്ക് ആ നായ്ക്കുട്ടിയെ നിർലോഭമായി സ്നേഹം പരത്തുന്ന ചെങ്കനൽ നക്ഷത്രത്തിന്റെ പേരു ചൊല്ലി, സൂര്യൻ എന്ന് വിളിക്കാനാണ് തോന്നിയത്!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ