നേരം പുലരാൻ തുടങ്ങിയിരിക്കുന്നു. അന്ധകാരം വിട്ടകലുമ്പോൾ ഒരു അഗ്നിപർവ്വതം കണക്കെ പുറത്തേക്ക് കുതിച്ചുചാടാൻ കൊതിച്ച് സൂര്യൻ കിഴക്കിന്റെ മാറിൽ വെള്ളപൂശാൻ തുടങ്ങി. ഇതൊന്നും മീനാക്ഷി തെരുവ് അറിഞ്ഞിട്ടില്ല. ഒരു ശവപ്പറമ്പിന്റെ മൂകതയാണ് മീനാക്ഷി തെരുവിൽ.
ഏതൊരു ഗ്രാമത്തിൽ ആദ്യം ഉണരുന്ന പാൽക്കാരനോ, പത്രക്കാരോ ആരും തന്നെ മീനാക്ഷി തെരുവിൽ നിദ്ര വിട്ട് ഉണർന്നിട്ടില്ല. പുറത്തേക്ക് പാൽ ചുരത്താൻ കൊതിച്ച് തള്ള പശു തന്റെ ഉടമസ്ഥനെ നോക്കി നിൽക്കുകയാണ്. പാതിരാക്ക് കണ്ണുതുറന്ന പൂവൻകോഴി പോലും കൂകി വിളിച്ചിട്ട് കാര്യമില്ല എന്ന കണക്കെ തൂങ്ങി നിൽക്കുന്നു. ഇത് മീനാക്ഷി തെരുവ് -
ഓർമ്മകൾക്കും സ്വപ്നങ്ങൾക്കും ഈ തെരുവിൽ സ്ഥാനമില്ല. മനസ്സിനെ പിറകോട്ട് നടത്തുമ്പോൾ ഓർമ്മകൾക്ക് ജീവൻ വയ്ക്കുകയാണ്. അതുപോലെ മനസ്സിനെ മുന്നോട്ടു നടത്തിയാൽ അതൊരു സ്വപ്നമായി. ഇന്നലെയും,നാളെയും ഇവിടെ സംഗമിക്കുമ്പോൾ ഇന്നിന് ജീവൻ വയ്ക്കുകയാണ്.
ഇതെല്ലാം മീനാക്ഷി തെരുവിന് അന്യമാണ്. പുറംലോകത്ത് ചിതറി കിടക്കുന്ന തിന്മയുടെ കൂരിരുൾ മുഴുവൻ വന്ന് മൂടിക്കിടക്കുന്നത് ഈ തെരുവിലാണ്. പാപത്തിന്റെ കറപുരണ്ട ഒരു ഇരുണ്ട അധ്യായം തന്നെയുണ്ട് മീനാക്ഷി തിരുവിനു സ്വന്തമായിട്ട്. മീനാക്ഷി തെരുവ് എന്ന പേരുതന്നെ ഇതിന് തെളിവാണ്.
ഇത് ഇന്നും ഒരു തെരുവല്ല. മറിച്ച് സമ്പന്നതയുടെ മടിത്തട്ടിൽ ഉറങ്ങുന്ന സമ്പന്നരുടെ കൂടാരമാണ് മീനാക്ഷി തെരുവ്. ആരുടെയോ ശാപം ഏറ്റതുപോലെ തിരിച്ചടികൾ മാത്രം ഏറ്റുവാങ്ങിക്കൊണ്ട് മീനാക്ഷി തെരുവിന്റെ ദിനങ്ങൾ കടന്നു പോകുന്നു. ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും ഒന്നിച്ച് ജീവിക്കുന്ന മീനാക്ഷി തെരുവിൽ, അന്ധതയുടെ കൂരിരുളിൽ, ഈശ്വരനെ സ്വന്തം മനസ്സിൽ കൂടിയിരുത്താൻ മറന്നുപോയ ഒരു സമൂഹമാണ് കഴിഞ്ഞു പോരുന്നത്.
പള്ളി മണികളും, അമ്പലമണികളും, ബാങ്ക് വിളിയും സമയം തെറ്റാതെ മുഴങ്ങുമ്പോൾ, ദൈവം കുടിയിരിക്കുന്ന ദേവാലയങ്ങൾ എന്നും ശൂന്യമായിരുന്നു. തലേദിവസത്തെ പാർട്ടിയിൽ ഉല്ലസിച്ച് വരുന്ന ഭാര്യ ഭർത്താക്കന്മാർ, ആ ആലസ്യത്തിൽ സ്വന്തം മക്കളെ പോലും വിളിച്ചുണർത്താൻ മറന്നുപോകുന്നു. ഇതെല്ലാം ഒരു ശാപമായി ഇന്നും മീനാക്കി തെരുവിൽ തുടർന്നു പോകുന്നു.
മീനാക്ഷി തെരുവിൽ പിറന്നുവീണ ഓരോ മനസ്സിലും അന്ധതയായിരുന്നു. ആ ഇരുട്ട് അവരുടെ ജീവിതത്തിലും തുടർന്നു. കാലം കടന്നു പോയിട്ടും,തലമുറകൾ മാറിയിട്ടും ആ ഇരുട്ട് അവരെ വിട്ട കന്നില്ല. സത്യത്തെ തേടാൻ ആരും മുന്നോട്ടു വന്നില്ല. അതുകൊണ്ടുതന്നെ ഒരു പ്രവാചകനും ആ തെരുവിൽ ജന്മം കൊണ്ടില്ല.
സമ്പന്നതയുടെ നടുവിൽ ജീവിതം ഉല്ലസിച്ചു തീർക്കുമ്പോൾ, ഇവിടെ ഉദയം കൊണ്ടത് അന്ധത നിറഞ്ഞ രാജാക്കന്മാരായിരുന്നു. മീനാക്ഷി തെരുവ് ഒരിക്കൽ ഈശ്വര പുരം ആയിരുന്നു. സമ്പൽസമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഈശ്വരപുരം.
ഇന്നലെയുടെ ഓർമ്മകൾക്കും നാളെയുടെ സ്വപ്നങ്ങൾക്കും അന്ന് അവിടെ സ്ഥാനം ഉണ്ടായിരുന്നു. പള്ളിമണികളും അമ്പലമണികളും ബാങ്ക് വിളികളും കാതോർത്തിരുന്ന ഒരു സമൂഹം അന്ന് അവിടെ ജീവിച്ചിരുന്നു. പിന്നീട് എപ്പോഴോ ഇവിടെ തിന്മയുടെ കൂരിരുൾ വീഴാൻ തുടങ്ങി. അതൊരു ശാപമായി ഇന്നും അവശേഷിക്കുന്നു.
'മീനാക്ഷി' എന്ന പെൺകുട്ടിക്ക് വേണ്ടി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ കലഹം. സ്നേഹിച്ച പുരുഷനെ തന്റെ വീട്ടുകാർ കൊല ചെയ്യുമ്പോൾ, മീനാക്ഷിക്ക് പകരം നൽകാൻ സ്വന്തം ജീവിതമേ ഉണ്ടായിരുന്നുള്ളൂ. കാലം കടന്നു പോകുമ്പോൾ ഈശ്വരപുരത്ത് മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.
ഇന്നലെയുടെ ഓർമ്മകളിലും നാളെയുടെ സ്വപ്നങ്ങളിലും ഇരുട്ടു വീഴാൻ തുടങ്ങി. ജനങ്ങളിൽ ഉണ്ടായിരുന്ന സ്നേഹത്തിനു മുകളിലൂടെ ചുവന്നു തുടുത്ത കണ്ണുകളുമായി ഒരു കഴുകൻ വട്ടമിട്ട് പറക്കാൻ തുടങ്ങി. ആ കഴുകന്റെ മുഖത്ത് ചിലർ മീനാക്ഷിയുടെ കണ്ണുകൾ തിരിച്ചറിഞ്ഞു.
കാലം ഈശ്വരപുരത്തെ മീനാക്ഷി തെരുവ് ആക്കി മാറ്റി.
തലമുറകൾ കടന്നുപോയിട്ടും ആ കഴുകൻ മരണമില്ലാതെ ഇന്നും മീനാക്ഷി തെരുവിലൂടെ വട്ടമിട്ട് പറക്കുന്നുണ്ട്... ഓരോ മനസ്സിലും തിന്മയുടെ കൂരിരുൾ നിറച്ചുകൊണ്ട്.
ഒരിക്കൽ മീനാക്ഷി തെരുവിലെ പള്ളി വികാരിയായിരുന്ന ഫാദർ സാമുവൽ, ജനങ്ങളിൽ ഒരു മാറ്റത്തിനായി മുന്നിട്ടിറങ്ങി. പക്ഷേ പകൽ വെളിച്ചത്തിൽ മനസ്സിൽ ഏറ്റുവാങ്ങുന്നത് രാത്രിയുടെ അന്ധതയിൽ മറക്കുന്ന ഒരു സമൂഹത്തെ ഫാദർ സാമുവേലിന് നേരിൽ കാണേണ്ടി വന്നു. മീനാക്ഷി തെരുവിന് പുറത്തിറങ്ങിയാൽ എല്ലാവരും മാന്യന്മാരാണ്.
ഡോക്ടർമാരും, ബിസിനസുകാരും, അധ്യാപകരും, വിദ്യാർത്ഥികളും അങ്ങനെ സമൂഹത്തിലെ മുൻപന്തിയിൽ ഉള്ളവരെല്ലാം മീനാക്ഷി തെരുവിനു പുറത്ത് ഉന്നതന്മാരും മാന്യന്മാരും ആണ്.
ചെറുപ്പം ഒരു അശ്വത്തെപ്പോലെ കുതിച്ചുചാടി. പുതുമഴയിൽ കുതിർന്ന യൗവനത്തിന്റെ സൗന്ദര്യം നുകർന്ന് കുതിച്ച യുവത്വം, എന്ന അശ്വത്തെ പിടിച്ചു കെട്ടാൻ ആർക്കുമായില്ല.
പക്ഷേ വാർദ്ധക്യം - അത് മീനാക്ഷി തെരുവിലെ ഓരോരുത്തരെയും ഒന്നിച്ചു കൂട്ടി.
ഫാദർ സാമുവേലിന്റെ വാക്കുകൾ അവരുടെ മനസ്സിലേക്ക് ഓടിയെത്തി. സമൂഹത്തിലെ ഉന്നതസ്ഥാനത്തുനിന്ന് വിരമിച്ചവർ സായാഹ്നങ്ങളിൽ ഒരുമിച്ചു കൂടി. സ്വന്തം കുടുംബത്തിലെ ഇരുട്ടിന്റെ ഭാണ്ഡക്കെട്ടുകൾ ഓരോന്നായി അവർ തുറന്നു. പക്ഷേ അപ്പോഴും ഒന്ന് അവശേഷിച്ചിരുന്നു. തങ്ങളും കടന്നുപോന്ന വഴിത്താരയിലൂടെയാണ് ഇന്ന് അവരും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഒരു മാറ്റം വേണം. മീനാക്ഷി തെരുവിലെ ശാപം തങ്ങളുടെ ഈ തലമുറയോടെ തീരണം. അതിന് തുടക്കം കുറിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ്. അങ്ങനെ ഒരു തീരുമാനവുമായി സായാഹ്നത്തിൽ അവർ പിരിഞ്ഞു.
പക്ഷേ പിന്നീട് ഒരിക്കലും അവർ സായാഹ്നങ്ങളിൽ ഒത്തു ചേർന്നിട്ടില്ല. സ്വന്തം വീടുകളിലെ മുറിക്കുള്ളിൽ അവർ തടവുകാർ ആവുകയായിരുന്നു. വാർദ്ധക്യത്തിന്റെ ചുളിവുകൾ വീണ ആ ഹൃദയങ്ങൾ അപ്പോൾ സ്വന്തം മക്കളെ നോക്കി അറിയാതെ മന്ത്രിച്ചു.
"നിന്റെ മക്കൾ നാളെ നിനക്കും വിധിച്ചിരിക്കുന്നത് ഇരുട്ടു നിറഞ്ഞ ഈ തടവറയാണ്.... "
അതൊരു സത്യമായി ഇന്നും അവശേഷിക്കുന്നു... ഒപ്പം ഒരു നൊമ്പരമായും. ഫാദർ സാമുവൽ തന്റെ മുറിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കി.സൂര്യൻ ഉണർന്നു കഴിഞ്ഞിരിക്കുന്നു. പക്ഷേ മീനാക്ഷി തെരുവ് ഇപ്പോഴും ഉറക്കത്തിലാണ്.
ആ കണ്ണുകൾ അറിയാതെ ദേവാലയത്തിന് അരികിലുള്ള സെമിത്തേരിയിലേക്ക് പാഞ്ഞു. ഇവിടെയും കുറെ പേർ ഉറങ്ങുന്നുണ്ട്. ഇന്നലെയുടെ വഴിയിലൂടെ നടന്നു പോയവർ. പക്ഷേ അവരും ഈ സമൂഹവും തമ്മിൽ യാതൊരു മാറ്റവുമില്ല.
കുറെ പേർ മണ്ണിനടിയിൽ ഉറങ്ങുന്നു.... ജീവിച്ചിരിക്കുന്നവർ മണ്ണിനു മുകളിലും.
ഇത് മീനാക്ഷി തെരുവിന്റെ മാത്രം നൊമ്പരമല്ല. വർത്തമാനകാലത്തിന്റെ ബാക്കിപത്രം പോലെ ഇന്നും തുടരുന്ന സത്യം. മീനാക്ഷി തെരുവിൽ അടിഞ്ഞുകൂടിയിരിക്കുന്ന തിന്മയുടെ കൂരിരുൾ ഈ ലോകത്ത് അവിടെ ഇവിടെയായി പരന്നു കിടക്കുകയാണ്. സമൂഹത്തിൽ മാറാരോഗം പോലെ കത്തി പടരുന്ന ഒരു നോവ് -
ഒരു നല്ല നാളെയുടെ സ്വപ്നവുമായി ഫാദർ സാമുവൽ മുന്നിലിരുന്ന ക്രൂശിത രൂപത്തിനു മുന്നിൽ മുട്ടുകുത്തി. ഒരുകാലത്ത് ഈശ്വര ചൈതന്യം നിറഞ്ഞ പഴയ ഈശ്വരപുരം, ഇന്ന് അലസതയുടെ മീനാക്ഷി തെരുവ് ആണ്. ഈ സമയം പ്രാർത്ഥനയ്ക്കുള്ള സമയം അറിയിച്ചുകൊണ്ട് പള്ളി മണി മുഴങ്ങാൻ തുടങ്ങി.