(Krishnakumar Mapranam)
അയാള്‍ മരിച്ചിട്ട് ഒരുവര്‍ഷം തികയുന്നു. ആത്മഹത്യ ചെയ്തെന്നാണ് എല്ലാവരും വിധിയെഴുതിയത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?.
രാത്രിയില്‍ ഭക്ഷണം കഴിച്ചു കിടന്നതായിരുന്നു. കുറച്ചു നേരത്തിനു ശേഷം വല്ലാത്ത അസ്വസ്ഥതയും പെരുപ്പും തോന്നി. കുറെയേറെ ചര്‍ദ്ദിയ്ക്കുകയും ചെയ്തു.അതോടെ അവശതയോടെ കുഴഞ്ഞു വീഴുകയാണുണ്ടായത്.പിന്നെയൊക്കെ അവ്യക്തമായിരുന്നു.
കുഴിമാടത്തില്‍ കിടന്ന അയാള്‍ പതുക്കെ കണ്ണുകള്‍ തുറന്നു.
ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്തൊക്കെ മാറ്റങ്ങളായിരിക്കും തന്‍റെ വീടിനു സംഭവിച്ചിരിക്കുക . അതൊന്നറിയാന്‍ അയാള്‍ക്കു ആകാംക്ഷയായി.
തന്‍റെ ഭാര്യ തന്നെയും ഓര്‍ത്ത് കണ്ണുനീര്‍വാര്‍ക്കുകയായിരിയ്ക്കില്ലേ ? തന്‍റെ പിഞ്ചുമകള്‍ ഉമ എന്തു ചെയ്യുകയായിരിയ്ക്കും.? അച്ഛനെ അന്വേഷിക്കുമ്പോള്‍ ഭാര്യ അവളെ എന്തു പറഞ്ഞാണ് സമാധാനിപ്പിയ്ക്കുന്നുണ്ടാവുക. തന്‍റെ വീട്ടിലെ അവസ്ഥ എന്തായിരിയ്ക്കും?. ഭാര്യയേയും, മകളെയും ഒന്നു കാണണമെന്ന് അയാള്‍ക്ക് അതിയായ ആഗ്രഹമുണ്ടായി.
എന്തൊരു സ്നേഹമായിരുന്നു അവള്‍ക്ക്. അവളെകുറിച്ചോര്‍ത്തതും അയാള്‍ക്കു വിഷമമായി . അയാള്‍ വേഗം കുഴിമാടത്തില്‍ നിന്നും പുറത്തുകടന്നു.
ഇരുട്ടു നിറഞ്ഞ രാത്രി. അങ്ങിങ്ങു ചിവീടുകളുടെ ശബ്ദം. അയാള്‍ വീടിനെ ലക്‌ഷ്യമാക്കി നടന്നു. അകത്ത് വെളിച്ചം കാണുന്നുണ്ട്. ബെഡ്റൂമിലും. അയാള്‍ സിറ്റൌട്ടിലേയ്ക്കു കയറി. തുറന്നു കിടക്കുന്ന ജനാലയിലൂടെ അകത്തേയ്ക്ക് നോക്കിയതും അയാള്‍ ഞെട്ടി. ബെഡ്റൂമില്‍ കിടക്കയില്‍ തൻ്റെ ഭാര്യയോടൊപ്പം ആരോ കിടക്കുന്നു..അവര്‍ ഉറങ്ങിയിട്ടില്ല. പതിഞ്ഞ സ്വരത്തിലുള്ള സംസാരം കേള്‍ക്കുന്നു.
ശ്വാസമടക്കി, കാതോര്‍ത്തു. പിന്നെ തന്‍റെ സ്ഥാനത്തു കിടക്കുന്ന ആളെ നോക്കി. അത് മറ്റാരുമായിരുന്നില്ല. എല്ലാകാലത്തും തൻ്റെ ഒപ്പമുണ്ടായിരുന്ന വിശ്വസ്ത സുഹൃത്തായിരുന്നു കിടക്കയിൽ. അയാള്‍ക്ക് തല പെരുത്തു. വാതില്‍ ചവുട്ടി തുറന്ന് രണ്ടിനേയും വെട്ടി നുറുക്കാന്‍ കൈതരിച്ചു. പക്ഷെ ഒന്നിനും അയാള്‍ക്ക് ആവുമായിരുന്നില്ല.
ഭാര്യയുടെ ശബ്ദം കേട്ടൂ, “ഇനി ഇങ്ങിനെ ഒളിച്ചു ജീവിക്കാന്‍ എന്നെകൊണ്ട് വയ്യ...നമുക്ക് എത്രയും വേഗം വിവാഹിതരാവണം"
സുഹൃത്തിന്‍റെ മറുപടി ശബ്ദം, “ഇങ്ങിനെ ജീവിക്കുന്നതിലെന്താണ് തെറ്റ്...ഞാന്‍ നിന്‍റെ കാര്യങ്ങള്‍ നോക്കുന്നുണ്ടല്ലോ ..."
“എന്നും ഇങ്ങിനെ മതിയോ..ഈ ഒളിച്ചും പതുങ്ങിയുമുള്ള ജീവിതം…"
“നിനക്ക് ഒരു കുട്ടിയില്ലേ..അതുകൊണ്ട്....."
ഭാര്യയുടെ ദേഷ്യസ്വരം, "ദേ നോക്ക്..എല്ലാം നിങ്ങള്‍ക്കു വേണ്ടിയാണ് ചെയ്തത്.. നിങ്ങളോടൊപ്പം ജീവിക്കാന്‍ എന്നിട്ടിപ്പോള്‍ വാക്കു മാറ്റുന്നോ ...."
സുഹൃത്തിന്‍റെ സമാധാനിപ്പിയ്ക്കുന്ന സ്വരം, “നീ കുറച്ചുകൂടി ക്ഷമിക്കൂ.....ഞാനൊന്നു എന്‍റെ വീട്ടുകാരെ കൊണ്ടു സമ്മതിപ്പിക്കട്ടെ.."
അയാളുടെ തലപുകഞ്ഞു ഇനിയും കേട്ടിരിയ്ക്കാന്‍ ശക്തിയില്ല. അയാള്‍ക്ക് എല്ലാം മനസ്സിലാവാൻ തുടങ്ങി. തന്നെ കുഴിമാടത്തിലേയ്ക്ക് എത്തിച്ചത് തന്‍റെ ഭാര്യയും സുഹൃത്തുമായിരുന്നു എന്നുള്ള വിചാരം അയാളെ കലിയിളക്കി. പക്ഷെ അയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.
ഇനി ഒരുനിമിഷം പോലും ഇവിടെ നില്ക്കാന്‍ തനിയ്ക്ക് വയ്യ. അയാള്‍ ഇറങ്ങി നടന്നു. കൂറ്റാകൂരിരുട്ടില്‍ നേരെ മാവിന്‍ ചുവടിനപ്പുറത്തെ കുഴിമാടത്തിലേയ്ക്ക് . പിന്നെ അതിലിറങ്ങി വീണ്ടും കണ്ണുകളടച്ചു കിടന്നു.