(Krishnakumar Mapranam)
അമ്മ നഷ്ടപ്പെട്ട രണ്ടു കുട്ടികള്‍ അച്ഛനേയും കാത്ത് ഇറയത്തു തന്നെ ഇരിക്കുകയായിരുന്നു. രാത്രി ഏറിവന്നതും അവര്‍ക്കു ആധിയായി. പെട്ടെന്ന് ഇരുട്ടിൽ നിന്ന് ഒരാള്‍ ആടിയാടി വന്നു. പേടിച്ചെഴുന്നേറ്റ കുട്ടികള്‍ അത് അച്ഛനാണെന്നറിഞ്ഞതോടെ സങ്കടവും ദേഷ്യവും കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞുപോയി.
''അച്ഛാ ഞങ്ങള്‍ പേടിച്ചു പോയി എന്തിനാ ഇങ്ങനെ കുടിച്ചു വരുന്നേ …"
മുതിര്‍ന്നത് മകളായതിനാല്‍ അവളാണ് അങ്ങിനെ ചോദിച്ചത്. അയാള്‍ അവളെ തുറിച്ചു നോക്കി.
''നീയാരാടീ അത് പറയാന്‍ ...ങേ നിന്നോടാ ചോദിച്ചേ... കൊല്ലും ഞാന്‍ ...എന്‍റെ കാശുംകൊണ്ട് ഇനീം കുടിക്കും പോടി പുല്ലേ ''
അതു പറഞ്ഞ് അയാൾ അവളെ ഒരു തള്ളു വച്ചു കൊടുത്തു. അവൾ മറിഞ്ഞു വീഴാതിരിക്കാൻ വാതിലിൽ പിടിച്ചു. അരികെ പിടിച്ചു മാറ്റാന്‍ നിന്ന മകനെ അയാള്‍ കൈവീശി അടിച്ചു.
അയാള്‍ ആടിയാടി മുറിയില്‍ പോയി പുലഭ്യം പറഞ്ഞ് ലഹരിയില്‍ മയങ്ങി വീണു .
രാത്രിയില്‍ അടുക്കളയില്‍ അത്താഴം തണുത്തു വിറങ്ങലിച്ചു. രണ്ടുമക്കളും തഴപ്പായയില്‍ ഹൃദയവേദനയോടെ കണ്ണീരോടെ ഉറങ്ങുകയാണെന്ന ഭാവത്താല്‍ കണ്ണടച്ചു കിടന്നു. അര്‍ദ്ധ യാമത്തില്‍ മദ്യലഹരി വിട്ടുണര്‍ന്ന അയാള്‍ക്ക് സ്വബോധം തിരിച്ചു കിട്ടിയപ്പോള്‍ മക്കളെ തല്ലിയതും തള്ളിയിട്ടതും ഓര്‍മ്മവന്നു. എഴുന്നേറ്റ് ലൈറ്റിട്ട് അസ്വസ്ഥമായ മനസ്സുമായി അയാള്‍ മക്കളുറങ്ങുന്നതും നോക്കി നിന്നു. ഒരു നിമിഷം മനസ്സിൽ ഒരു തേങ്ങൽ അറിയാതെ പുറത്തു വന്നു. ചെറിയൊരു നെഞ്ചുവേദന അയാള്‍ക്കനുഭവപ്പെട്ടു. നെഞ്ചുതലോടി അസ്വസ്ഥനായി അയാൾ ഉലാത്തികൊണ്ടിരുന്നു.
അതുവരെയും ഉറങ്ങാതിരുന്ന മക്കളെഴുന്നേറ്റു. പരിഭ്രമത്തോടെ അയാളുടെ അരികിലെത്തി.
''എന്താ അച്ഛാ ...എന്താപറ്റിയത് …"
മകള്‍ അടുക്കളയില്‍ പോയി തണുത്ത വെള്ളവുമായി അയാള്‍ക്കു മുന്നിലിരുന്നു . മകന്‍ അച്ഛന്‍റെ നെഞ്ചു തലോടികൊടുത്തു .
അയാള്‍ അന്നാദ്യമായി മക്കളുടെ മുന്നിലിരുന്ന് കരഞ്ഞു .
"മക്കളെ പൊന്നുമക്കളെ... അച്ഛനോട് ക്ഷമിക്ക് ...."