(Krishnakumar Mapranam)
താനൊരു അനാഥനായിരുന്നുവെന്ന് അറിഞ്ഞതുമുതൽ മനസ്സാകെ അസ്വസ്ഥമായി. യഥാർത്ഥത്തിൽ ഈ വീട്ടിൽ ഇപ്പോൾ താനാരുമല്ല. ഇവിടെയുള്ളവർ തൻ്റെ അമ്മയും അച്ഛനുമല്ലെന്നുള്ള വിവരം ഞെട്ടിച്ചു കളഞ്ഞു.
ഓർമ്മവയ്ക്കുമ്പോൾ താനിവിടെയുണ്ട്. അന്നൊക്കെ അമ്മയ്ക്കും അച്ഛനും തന്നോട് വല്ലാത്ത സ്നേഹമായിരുന്നു. സ്ക്കൂളിൽ നിന്നും ഒരുദിവസം വീട്ടിലെത്തിയപ്പോൾ അമ്മയെയും അച്ഛനെയും കണ്ടില്ല. അമ്മയ്ക്ക് എന്തോ വയ്യായ്ക വന്നിട്ട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതാണെന്ന് അയൽപക്കത്തെ ശാരി ചേച്ചിയാണ് പറഞ്ഞത്. അച്ഛനേയും അമ്മയേയും കാണാതെ വിഷമിച്ചു കരഞ്ഞ എന്നെ ശാരിചേച്ചി സമാധാനിപ്പിച്ചു.
അന്ന് അച്ഛനും അമ്മയും ആശുപത്രിയിൽ നിന്നും വന്നില്ല. ശാരിചേച്ചിയുടെ വീട്ടിലാണ് അന്ന് താമസിച്ചത്. രാത്രിയിൽ ശാരിചേച്ചിയാണ് പറഞ്ഞത്. അടുത്തുതന്നെ വീട്ടിൽ ഒരതിഥി വരുമെന്ന്. ആശുപത്രിയിൽ നിന്നും അടുത്ത ദിവസം അമ്മയും അച്ഛനും എത്തി. ഞാൻ അമ്മയെ കണ്ട് ആശ്വാസത്തോടെ കെട്ടിപിടിക്കാൻ ചെന്നതും അമ്മയെന്നെ അകറ്റിനിറുത്തി. എനിക്ക് വല്ലാത്ത വിഷമമായി. അച്ഛനതു കണ്ട് അമ്മയ്ക്ക് വയ്യാത്തതുകൊണ്ടാണെന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.
എൻ്റെ അമ്മ ഗർഭിണിയാണെന്നറിഞ്ഞതോടെ അമ്മയുടെയും അച്ഛൻ്റെയും ബന്ധുക്കൾ വീട്ടിൽ എത്തിയിരുന്നു. തന്നെ എടുത്തുവളർത്തിയതിൽ അവർക്കൊക്കെ അനിഷ്ടമായിരുന്നതുകൊണ്ട് അവരൊക്കെ അകൽച്ച പാലിച്ചാണ് നിന്നിരുന്നത്.
പുതിയൊരു അതിഥിയെ വരവേൽക്കാൻ തയ്യാറെടുക്കുന്ന ആ വീട്ടിൽ എന്നോടുള്ള സ്നേഹത്തിന് കുറവ് അനുഭവപ്പെടുകയായിരുന്നു. ഞാൻ സ്ക്കൂളിൽ നിന്നും വരുമ്പോൾ എന്നെ താലോലിക്കുകയും എൻ്റെ വർത്തമാനങ്ങളും വിശേഷങ്ങളും കേൾക്കാൻ കൊതിച്ചിരുന്ന അമ്മയും അച്ഛനുമൊക്കെ ദിവസം ചെല്ലുന്തോറും ഓരോരോ കാരണങ്ങൾ പറഞ്ഞ് എന്നെ അവഗണിയ്ക്കാൻ തുടങ്ങിയപ്പോൾ എൻ്റെ മനസ്സിനകത്ത് വല്ലാത്ത വിഷമം നേരിട്ടു.
ഞാൻ എൻ്റെ സങ്കടങ്ങൾ ആരോടു പറയും. രാത്രി മറ്റൊരു മുറിയിൽ തനിച്ച് എനിക്കു കിടക്കേണ്ടി വന്നു. ഞാൻ ആരുമറിയാതെ കരഞ്ഞു. അച്ഛന് എന്നോട് അൽപ്പം സ്നേഹമുണ്ടായിരുന്നു. പക്ഷേ അമ്മയുടെ സ്വഭാവം വളരെ പെട്ടെന്നാണ് മാറിയത്.
കുറച്ചുമാസങ്ങൾക്കു ശേഷം ആശുപത്രിയിൽ വച്ച് അമ്മ ഒരു പെൺക്കുഞ്ഞിന് ജന്മം നൽകി. അനുജത്തിയുടെ വരവോടെ അമ്മയ്ക്കും അച്ഛനും എന്നോടുള്ള സ്നേഹം പിന്നേയും കുറഞ്ഞു വന്നു. എന്നോടുള്ള മനോഭാവത്തിനും മാറ്റം വന്നു തുടങ്ങി. അമ്മയായിരുന്നു എന്നോട് ഏറ്റവും അകൽച്ച കാണിച്ചിരുന്നത്. വീട്ടിലെ പല പണികളും എന്നെകൊണ്ടവർ ചെയ്യിക്കുന്നതും പതിവായി.
ഞാനിപ്പോൾ ആറാം ക്ളാസിലാണ്. ഒരു വേലക്കാരൻ പയ്യനോടുള്ള സമീപനമാണ് അമ്മ എന്നോട് പലപ്പോഴും കാണിക്കുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും എന്നെ വഴക്കു പറയുകയും ഇടയ്ക്കൊക്കെ തല്ലാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം അനുജത്തിയുടെ പിറന്നാൾ കേമമായിട്ടാണ് ആഘോഷിച്ചത്. ആദ്യമൊന്നും കടന്നുവരാത്ത ബന്ധുക്കളൊക്കെ ഇപ്പോൾ ഇടയ്ക്കിടെ വീട്ടിലെത്താറുണ്ട്. അനുജത്തിയുടെ പിറന്നാളിന് ധാരാളം വിരുന്നുകാരുമുണ്ടായിരുന്നു. അനുജത്തിയുടെ ജനനത്തോടെയാണ് അച്ഛൻ്റെ ബിസിനസ്സിൽ അഭിവൃദ്ധിയുണ്ടായതെന്ന് അമ്മ കാണുന്നവരോടൊക്കെ പറയും.
അച്ഛൻ പറഞ്ഞതനുസരിച്ച് ചെമ്പുപാത്രമെടുക്കാൻ അടുക്കളയിലേയ്ക്ക് ചെല്ലുമ്പോൾ വലിയമ്മ അമ്മയുമായി സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ പറയുകയാണ്
"ചെക്കനെന്തായാലും പണിയൊക്കെയെടുത്ത് തുടങ്ങീലോ...നന്നായി…"
"ആ..ഞാൻ പറഞ്ഞിട്ടാണ്...അങ്ങേര്..കൂട്ടാക്കാതെ ..നിന്നു.."
"സൂക്ഷിച്ചോ...അധികം..അടുപ്പിക്കേണ്ട..ആരുടെ വിത്താണെന്നറീല്ലലോ"
"പറ്റിപ്പോയി..ചേച്ചി…"
"അന്നേ പറഞ്ഞതല്ലേ… ദത്തെടുക്കേണ്ടെന്ന്…. കേട്ടില്ല... അൽപ്പം കൂടി കാത്തിരിക്കാൻ ഞാൻ പറഞ്ഞതല്ലേ…"
"എന്തു ചെയ്യാനാണ്…ചേച്ചി."
"നിൻ്റെ മകളനുഭവിക്കേണ്ട സ്വത്താണ്... എവിടെനിന്നോ വന്ന ഒരുത്തന് കൊടുക്കേണ്ടി വരുന്നത്..അകറ്റിനിർത്തണം...അതന്നേ.."
ഞാൻ ഞെട്ടിപോയി. താനൊരു അനാഥനാണെന്നോ?
വെറുതെയല്ല അവഗണനയും അകൽച്ചയും. ഒറ്റപ്പെടുത്തലും. എൻ്റെ കണ്ണുനിറഞ്ഞു വന്നു.എൻ്റെ വേദനകൾ കൂടികുടി വന്നു.
ഇനി ഇവിടെ എന്തിനാണ് നിൽക്കുന്നത്. തൻ്റെ ആരുമല്ലാത്ത ഇവിടെ ഇനിയെന്തിന് കഴിയണം. അല്ല താൻ എവിടേയ്ക്കാണ് പോവുക?
കുറച്ചു കഴിഞ്ഞാൽ ചിലപ്പോൾ ഇവർതന്നെ അടിച്ചിറക്കിയാലോ..? അതിലും ഭേദം ഇവിടെനിന്നും പോവുകയാണ് . പലപല ചിന്തകളാണ് മനസ്സിലൂടെ പോയത്. അവസാനം തീരുമാനിച്ചു.
എൻ്റെ വഴി വേറെയാണ്. ദൈവം വായ് കീറിയിട്ടുണ്ടെങ്കിൽ ഇരയും തരും.പോവുക തന്നെ. പക്ഷേ പഠിപ്പ്. പഠിക്കണമെന്നും വലിയൊരാളായി തീരണമെന്നൊക്കെ വിചാരിച്ചു. അതിനി നടക്കുമോ?
ആരുമറിയാതെ പോവണം അച്ഛനും അമ്മയും എന്നെ കാണാതാകുമ്പോൾ വിചാരിക്കും. ശല്യം പോയി കിട്ടിയെന്ന്. ഓർത്തപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല. സ്ക്കൂളിൽ കൊണ്ടുപോകുന്ന ബാഗിൽ പുസ്തകത്തോടൊപ്പം രണ്ടു ഷർട്ടും ട്രൗസറും കൂടി ചുരുട്ടി കേറ്റിവച്ചു. രാത്രി എല്ലാവരും ഉറങ്ങികഴിഞ്ഞപ്പോൾ പതുക്കെ പുറത്തുകടന്നു. നീണ്ടുകിടക്കുന്ന വഴി. ഞാൻ തീർച്ചയാക്കി എന്നെ അവഗണിച്ചവരുടെ ഇടയിൽ എന്നെങ്കിലും വലിയൊരാളായി കടന്നു വരണം. എൻ്റെ കൊച്ചുമനസ്സിൽ വലിയൊരു ലക്ഷ്യമുണ്ട്. അത് എങ്ങിനെയെങ്കിലും ഞാൻ സാധിച്ചെടുക്കും. വേദനയുള്ളിലുണ്ടെങ്കിലും വലിയൊരു ലക്ഷ്യത്തിലേയ്ക്കായി ഉറച്ച കാലടികളോടെ ഞാൻ നടന്നു.