കത്തുന്ന ഉച്ചവെയിലിൽ, വലിച്ചുകെട്ടിയ കുഞ്ഞുഷീറ്റിനു താഴെ മെറ്റൽകൂമ്പാരങ്ങൾക്കു പിന്നിലിരുന്ന് മെറ്റലടിക്കുന്ന രാധയുടെ, ചുറ്റികത്തഴമ്പുപൊട്ടിയ നീറ്റലിലേക്ക് രണ്ടിറ്റു കണ്ണുനീർതുള്ളികൾ അടർന്നുവീണു!
അരികിലിരുന്ന തുണിസഞ്ചിയിലെ തൂക്കുപാത്രത്തിൽ നിന്നും കുറച്ചു കഞ്ഞിവെള്ളം എടുത്തുകുടിച്ച് മുഖമുയർത്തി രാധ നോക്കിയത് തൊട്ടടുത്ത മരക്കൊമ്പിലെ തൊട്ടിലിലേക്കാണ്. കുഞ്ഞുണർന്ന് തൊട്ടിലിൽനിന്നും തലപുറത്തേക്കിട്ട് ചുറ്റും നോക്കുന്ന കാഴചയിലേക്ക് കണ്ണെത്തിയപ്പോഴേക്കും മോളെ എന്നൊരു നിലവിളിയോടെ രാധ ചാടിയെഴുന്നേറ്റു.
കണ്ടത് സ്വപ്നമാണെന്ന് തിരിച്ചറിയാനെടുത്ത സമയംകൊണ്ട് കട്ടിലിൽനിന്നും താഴേക്കിറങ്ങിയ കാലുകൾ അവളെയും കൊണ്ട് മോളുടെ മുറി ലക്ഷ്യംവെച്ച് നീങ്ങിയിരുന്നു.
ചാരിയിട്ട വാതിലിലൂടെ ശൂന്യമായ ബെഡ്ഡ് കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും ഒരു നടുക്കം ഓടിയിറങ്ങി ഉമ്മറത്തേക്കെത്തി നിന്നു. ചാരിയിട്ട മുൻവാതിലുകൾ അവളോടെന്തോ രഹസ്യം പറയുംപോലെ(!)
"ആസിയ താത്താ..... "
"മോനെ അജ്‌മലെ... "
പര്യമ്പുറവും കടന്ന് മുറ്റത്തിന്റെ കിഴക്കേക്കോണിലെ ആട്ടിൻകൂട്ടിലേക്ക് ആ വിളിയെത്തുമ്പോൾ തള്ളയാടിന്റെ പിൻകാലുകളിൽ പിടുത്തമിട്ട അജ്‌മലെ ഉറപ്പിൽ, കൈയിലെ മൊന്തയിലേക്ക് ആട്ടിൻപാൽ കറന്നെടുക്കുകയായിരുന്നു ആസിയാത്ത. പുലർവെളിച്ചം കാണിച്ചുകൊടുത്ത വെട്ടത്തിൽ രാധ ആട്ടിനൻകൂട്ടിനടുത്തേക്ക് ചെല്ലുമ്പോഴേക്കും, ആസിയാത്ത മൊന്ത നിറഞ്ഞുകവിയാൻ തുടങ്ങിയ പാൽപ്പത വിരലുകൊണ്ട് വടിച്ചുകളഞ്ഞ് ആട്ടിൻക്കൂട്ടിൽ നിന്നും ഇറങ്ങി വന്നു.
"എന്തുപറ്റി രാധമ്മേ?
പതിവില്ലാത്തനേരത്ത് അവളെ കണ്ടതിൽ എന്തോ പന്തികേടുമണത്ത അജ്മലിന്റേതായിരുന്നു ആ ചോദ്യം.
"അച്ചൂട്ടിയെ കാണുന്നില്ല'
"ഇജ്ജിത് എന്ത് ബർത്താനാണ് പെണ്ണെ പറയുന്നത്. കുടീല് കെടന്നൊറങ്ങിയ പെങ്കൊച്ചിനെ കാണാനില്ലെന്നോ!"
ഫുൾസ്റ്റോപ്പില്ലാത്ത ആസിയതാത്തയുടെ ചോദ്യങ്ങളിലേക്ക് വീണുപോയ രാധയുടെ കരച്ചിൽ ചിറ്റാനികാടിനെ ചുറ്റിവന്ന കാറ്റ് ഏറ്റെടുത്തു.
അച്ചൂട്ടി ആരോടും പറയാതെ എവിടെപ്പോയി എന്ന ചോദ്യം പലനാവുകളിലൂടെയും പുതിയ, പുതിയ കഥകൾ മെനഞ്ഞു!
ഒറ്റക്കൊരുത്തി, മെറ്റലുതല്ലി വളർത്തിയ മകൾ ഡോക്ടർ ആയപ്പോൾ പുകഴ്ത്തുവാനും അഭിനന്ദിക്കുവാനും മത്സരിച്ച നാവുകളിലൂടെ പുറത്തുവന്ന കഥകളിൽ നിറച്ചും ഇതുവരെ അവർ സ്നേഹം നടിച്ച് പൊതിഞ്ഞ് മറച്ചുവെച്ച അസൂയയുടെയും കുശുമ്പിന്റെയും മുള്ളാണികളായിരുന്നു!
ഇടമുറിയുന്ന കരച്ചിലുകളെയും, നെടുവീർപ്പുകളെയും നെഞ്ചേറ്റിയ ഉച്ചവെയിൽ ഒരു മടങ്ങിപ്പോക്കിനു തിടുക്കം കൂട്ടുമ്പോൾ വീടിന്റെ മുറ്റത്ത് നുണപറഞ്ഞുനിന്ന നാവുകൾക്ക് വിശ്രമം കൊടുത്തുകൊണ്ട് ഒരു ഓട്ടോറിക്ഷ വീട്ടുപടിക്കൽ കിതച്ചു നിന്നു.
അച്ചൂട്ടിയുടെ കൈപിടിച്ച് ഓട്ടോയിൽ നിന്നും ഇറങ്ങിയ മെലിഞ്ഞുണങ്ങിയ രൂപംകണ്ട്, മുറ്റത്തെ തൈത്തെങ്ങിൽ ചാരിനിന്ന് പെണ്ണിന്റെ ഇറങ്ങിപ്പോക്ക് വരുത്തിവെക്കാൻ പോകുന്ന വരും വരായ്കകളെ കുറിച്ച് ഗഹനമായ ചർച്ചക്കൊരുങ്ങിയ കണാരേട്ടന്റെ മുമ്പിലൂടെ അച്ചൂട്ടി ആ മനുഷ്യന്റെ കൈയും പിടിച്ച് അമ്മയുടെ മുമ്പിലെത്തി നിന്നു.
ഒരക്ഷരം മിണ്ടുവാനാവാതെ നിന്നിടത്ത് തന്നെ ഉറഞ്ഞുനിന്ന രാധയുടെ മുമ്പിൽ നിറഞ്ഞ ചിരിയോടെ അച്ചൂട്ടി നിന്നു.
"അമ്മേ "
അവൾ അമ്മയെ കെട്ടിപിടിച്ചു. ഉപേക്ഷിച്ചു പോയതായിരുന്നില്ല അമ്മേ. പ്രാരബ്ധങ്ങളും പട്ടിണിയും എല്ലാവരുടെയും എതിർപ്പിനെയും അവഗണിച്ചുകൊണ്ട് വിളിച്ചിറക്കികൊണ്ടുവന്ന അമ്മയോട് നീതിപുലർത്താൻ കഴിയുന്നില്ലെന്ന തോന്നലും ഒക്കെക്കൂടി അച്ഛന്റെ മനസ്സിലേക്ക് ഇരുളായി വന്ന് മൂടികൊണ്ടിരുന്നത് അമ്മ തിരിച്ചറിഞ്ഞിരുന്നില്ല. ഓരോ ദിവസവും കൂടുതൽ കൂടുതൽ മൗനിയാകുന്ന അച്ഛനിൽ അമ്മ മറ്റെന്തെക്കെയോ തിരയാൻ തുടങ്ങിയപ്പോൾ, ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ ഇല്ലാതായപ്പോൾ ഇറങ്ങിനടന്നതാണ്. എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ആരുടെയോ കാരുണ്യം കൊണ്ട് ഒരു അഭയകേന്ദ്രത്തിൽ എത്തി. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എത്താൻ വർഷങ്ങൾ വേണ്ടിവന്നു അച്ഛന്.
ഇന്നലെ എനിക്ക് വന്ന കത്ത് അഭയകേന്ദ്രത്തിൽ നിന്നുമായിരുന്നു. അമ്മയ്ക്കൊരു സർപ്രൈസ് തരാൻ വേണ്ടിയായിരുന്നു അമ്മയോട് പറയാതെ പോയത്.
എല്ലാം കേട്ട് ചുറ്റും കൂടിനിന്നവർ പലവഴിക്ക് പിരിഞ്ഞപ്പോൾ, മനസ്സിലാക്കാൻ വൈകിപ്പോയ മൗനനൊമ്പരങ്ങൾ തകർത്തെറിഞ്ഞ തന്റെ സ്വപ്നങ്ങളെ പെറുക്കിക്കൂട്ടാൻ ശ്രമിച്ച് നനഞ്ഞമിഴികളോടെ രാധ അപ്പുവിന്റെ കൈപിടിച്ച് വീടിന്നുള്ളിലേയ്ക്ക് നടന്നു...