തിളച്ച ഒരുച്ചതിരിഞ്ഞ നേരത്ത് രാമേട്ടനെ അത്യാവശ്യമായി തേടിയെത്തിയ ചങ്ങാതി രാഘവേട്ടൻ കാണുന്നത്, ഇറയത്തെ ചാരുകസേരയിൽ ഏട്ടൻ കിടക്കുന്നതാണ്. സമീപത്ത് ഒരു പാത്രം തട്ടിമറിഞ്ഞു
കിടപ്പുണ്ട്. തിണ്ണമേൽ തോർത്തുമുണ്ട്, വെള്ളം നിറച്ച മൊന്ത. പതിവ് ഉച്ചമയക്കമെന്നു കരുതി തട്ടി വിളിച്ചപ്പോൾ അനക്കമില്ല .എന്തൊ പന്തികേടു മണത്ത രാഘവേട്ടൻ പെട്ടന്നാണതു ശ്രദ്ധിച്ചത്. ഇടതു കൈത്തണ്ട നീലിച്ചു കനത്തു കിടക്കുന്നു. അതിൽ നാലോളം ചുകന്ന കുത്തുകൾ. സംശയമില്ല വിഷപാമ്പുതന്നെ. ഏഴിമല ഗ്രാമവാസികൾക്കിടയിൽ ആ വാർത്ത പറഞ്ഞു പരന്നു. നാട്ടുകാർ ഓടിക്കൂടി. പാമ്പുകടിച്ചയാൾക്ക് ഇങ്ങിനെ ശാന്തനായി കിടക്കാൻ കഴിയുമോ? പിന്നെ നാലോളം കുത്തുകൾ!ഏതിനം പാമ്പാണാവോ ഈ ചതി ചെയ്തത്? നാട്ടുകാരിൽ പലവിധ സംശയങ്ങൾ ഉണർന്നു. അതവർ പങ്കുവച്ചു. ജനനവും മരണവും നിരന്തരം നടന്നു വരുന്ന നാട്ടിൽ മരണമെന്നത് പുതുമയല്ല. എങ്കിലും രാമേട്ടൻ മരിച്ച രീതി നാട്ടുകാരെ അമ്പരപ്പിച്ചു. നാട്ടിലെ പേരുകേട്ട വിഷചികിത്സകനും ഒപ്പം നല്ലൊരു കൃഷിക്കാരനുമായിരുന്നു . അയാളെപ്പറ്റി നല്ലതു മാത്രമേ ജനങ്ങൾക്കു ഓർക്കാനും പറയാനുണ്ടായിരുന്നുള്ളൂ. പേരുകേട്ട ആശുപത്രികൾ രക്ഷപ്പെടുത്താനാകാതെ കൈയൊഴിഞ്ഞ വിഷം തീണ്ടിയ കേസുകൾ രാമേട്ടൻ ഏറ്റെടുത്ത് രക്ഷപ്പെടുത്തിയ കഥകൾ ഗ്രാമീണരോർത്തു. പുലർകാലേത്തന്നെ കൊടും വിഷമുള്ള പാമ്പുകൾ പെരുകിത്തടിച്ച ഏഴിമലക്കാട്ടിൽ ഒറ്റക്കു നടന്നു കയറി വിശേഷപ്പെട്ട പച്ചിലകൾ നിറച്ച സഞ്ചിയുമായി രാമേഴ്ശ്ശൻ കാടിറങ്ങും. ആ നാട്ടിൽ രാമേട്ടനു മാത്രമേ കാടുകയറാൻ ധൈര്യമുള്ളൂ. കാട്ടിലെ ചെടികളയാൾ പറിക്കാറില്ല. ഇലകളേ പറിക്കൂ. എന്നിട്ടവ മറ്റു ചില ഔഷധങ്ങളോടു ഇട ചേർത്ത് മരുന്നു കൂട്ടുണ്ടാക്കും .ഏതു തരം പാമ്പിന്റെയും വിഷത്തിന് രാമേട്ടന്റെ അടുത്ത് മരുന്നുണ്ട്. ആ മരുന്ന് ഇന്നു വരെ ഫലിക്കാതിരുന്നിട്ടുമില്ല. ചികിത്സക്ക് പ്രതിഫലം കണക്കു പറഞ്ഞ് മേടിക്കുന്ന ശീലവുമില്ല. ആ വിഷചികിത്സകൻ രാമേട്ടൻ, പാമ്പുകടിയേറ്റു മരിച്ചത് നാട്ടുകാർക്ക് വിശ്വസിക്കാനായില്ല. അതും എല്ലാ ഔഷധക്കൂട്ടുകളും കൈയെത്തും ദൂരത്ത് സൂക്ഷിച്ചു വച്ചിട്ടുള്ള വീട്ടിൽ വച്ച്.
കോളേജ് വിദ്യഭ്യാസത്തിനു ശേഷം ഒറ്റ മകൾ ഡോക്ടർ പഠനത്തിനു പോകണമെന്നു വാശി പിടിച്ചപ്പോൾ രാമേട്ടൻ അമാന്തിച്ചില്ല. ശീതീകരിച്ച മുറിയിൽ ജീവിതത്തിൽ അന്നുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത തുക അയാൾ ഒപ്പിട്ടു വാങ്ങി മകളുടെ പ്രവേശനത്തിനായി നല്കി. മകളുടെ പഠനം മുഴുവനാക്കുന്നതിനിടെ പല തവണ അയാൾക്കാ വലിയ കെട്ടിടത്തിലെ ശീതീകരിച്ച മുറിയിൽ പോകേണ്ടതായി വന്നു. പഠനശേഷം മകൾ ,ഒപ്പം പഠിച്ച കൂട്ടുകാരനിൽ ജീവിതം തേടിയപ്പോൾ രാമേട്ടൻ തന്റെ ജീവിതത്തിൽ തനിച്ചായി. ശീതീകരിച്ച കെട്ടിടത്തിൽ നിന്നും നോട്ടീസുകൾ പല തവണ രാമേട്ടനെ തേടി വന്നു. അവ പെരുമ്പാമ്പിനെ പോലെ തന്നെ കെട്ടി വരിഞ്ഞ് വിഴുങ്ങുന്നതായയാൾ സ്വപ്നം കണ്ടു. തന്റെ കൃഷിസ്ഥത്തേക്ക് അയാൾ പോകാതെയായി. അവിടം മണ്ണിട്ട് തൂർത്ത് ആരോ കെട്ടിട നിർമ്മാണം തുടങ്ങിയ വിവരമറിഞ്ഞു അയാൾ അവിടെ പോയി അവരോടു കലഹിച്ചെങ്കിലും അതിന്റെ വ്യർത്ഥത തിരിച്ചറിഞ്ഞു വിഷണ്ണനായി വീട് പറ്റി . പല തവണ മകളോട് വിവരങ്ങൾ അറിയിച്ചെങ്കിലും മകളിൽ നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. ഒരിക്കൽ രാമേട്ടൻ തന്റെ കൂടെ മകളെയും മരുമകനേയും കാണാൻ പോയതും അവർ കാണാൻ കൂട്ടാക്കാതെ മടക്കി അയച്ചതും രാഘവേട്ടൻ ഓർത്തു.
രാമേട്ടന്റെ ദാരുണ മരണത്തെപ്പറ്റി പലരും പല കഥകളും പറഞ്ഞു. സർപ്പങ്ങളുടെ ശാപമെന്ന് ഒരു കൂട്ടർ പറഞ്ഞു. രാമേട്ടന്റെ അച്ഛന്റെ കാലത്ത് സർപ്പം വന്ന് ഉമ്മറപ്പടിയിൽ തലതല്ലി ചത്തിട്ടുണ്ടത്ര. അതിന്റെയൊക്കെ ശാപമായിരിക്കും ഈ ദുർമ്മരണമെന്ന് പ്രായം ചെന്നവർ അടക്കം പറഞ്ഞു. നാട്ടുകാർക്ക് നല്ലതുമാത്രം ചെയ്തു പോന്ന ഒരു കുടുംബം കുളം തോണ്ടീല്ലെ? ഉഗ്രശാപം തന്നെ !പിന്നെ മകൾ .ആ പെൺകുട്ടി ഒരു കരപറ്റിയതിൽ സ്ത്രീകൾ ആശ്വാസം കൊണ്ടു. രാമേട്ടനെ അടുത്തറിയാവുന്ന ചങ്ങാതി രാഘവേട്ടൻ മാത്രം പറഞ്ഞു
'ഓനറിയാത്ത ഏത് പാമ്പാ ഈ ഭൂമിലുള്ളത്.? ഏത് പാമ്പിന്റെ വെഷാ അവൻ എറക്കാത്തത്? ഇത് ഓൻ...