കുളിരു തിരതല്ലുന്ന പുലർകാലെ എഴുന്നേറ്റ് എല്ലാ വീട്ടുപണിയും ധൃതിയിൽ തീർത്ത്, മകനെ സ്കൂളിലേക്കയച്ച് അവൾ ഇറയത്ത് തിണ്ണമേൽ വന്നിരുന്ന് അല്പ നേരം ആശ്വസിച്ചു. മുൾവേലിക്കപ്പുറമുള്ള
നാട്ടുവഴിത്താരയിലേക്ക് കൺ പായ്ചപ്പോഴാ ണത് ശ്രദ്ധിച്ചത്, കുടുംബശ്രീ പ്രവർത്തകയായ ഭർത്താവിന്റെ അമ്മ പോകുന്ന പോക്കിൽ മുൾപടി മലർക്കെ തുറന്നിട്ടിരിക്കുന്നു. ഈയമ്മക്കൊരു ശ്രദ്ധയില്ല. അതിൻ്റെ ദൂഷ്യം മുഴുവൻ അനുഭവിക്കുന്നതീ ഞാനും! ഈശ്വരാ താൻ നട്ടുവളർത്തി പൂവിട്ടു നിൽക്കുന്ന ചെണ്ടുമല്ലി, കാശിത്തുമ്പ, കുറ്റി മുല്ല.... പശുവോ ആടോ അകത്തു കയറിയാൽ എല്ലാം വെടുപ്പാക്കിയതു തന്നെ.ധൃതിയിൽച്ചെന്ന് പടിയടച്ചു. തിരിച്ചു വരുമ്പോൾ എവിടെയോ ചെയ്തു തോർന്ന മഴയുടെ തണവുൾക്കൊണ്ടു വന്ന ഇളങ്കാറ്റ് വീശി. പൊടുന്നനെ മാനവും കറുത്തിരുണ്ടു. കഷ്ടം തന്നെ! മഴ പെയ്താൽ വാസന്തിയുടെ ഇന്നത്തെ കല്യാണമാകെ അലങ്കോലമാകുമല്ലോ? അവൾ തെല്ലിട ചിന്തയിലാണ്ടു. കാറ്റിന്റെ ശ്രുതിഭേദം കാതോർത്തപ്പോൾ അവളുറപ്പിച്ചു. ഇല്ല .. ഈ മഴയെ കാറ്റുകൊണ്ടു പൊയ്ക്കൊള്ളും. കല്യാണം യാതൊരു പ്രയാസവുമില്ലാതെ സമംഗളം നടക്കുകയും ചെയ്യും. ശരി. എന്നാൽ തന്നെ അലട്ടുന്ന പ്രശ്നത്തിന് ഒരു പോംവഴി ആയില്ലല്ലോ? ടെയ്ലർ ശിവരാമൻ ഇങ്ങിനെ ഒരു ചതി ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. ഇന്നലെ തന്നെ ഏൽപ്പിക്കേണ്ട ബ്ലൗസ്.... ഇന്ന് കല്യാണത്തിന് പോകേണ്ട സമയമായിട്ടും പണി തീർത്ത് കിട്ടിയില്ല .കഴിഞ്ഞ അവധിക്ക് നാട്ടിൽ വന്ന ഭർത്താവ് തന്ന ഇളം ചുവപ്പിൽ പൂക്കളുള്ള ഫോറിൻ സാരി ഇതുവരെ ഒന്നുടുക്കാൻ കഴിഞ്ഞില്ല. എത്രയോ വിശേഷാവസരങ്ങൾ കടന്നു പോയിക്കഴിഞ്ഞു. ബ്ലൗസൊരുപാടുണ്ടെങ്കിലും ആ സാരിക്ക് യോജിച്ച ബ്ലൗസ് ഇല്ല. ഒടുവിൽ വാസന്തിയുടെ കല്യാണം മുന്നിൽക്കണ്ട്, കടകളായ കടകളെല്ലാം അലഞ്ഞ് കിട്ടിയ ബ്ലൗസ് തുണി ശിവരാമനെ മുന്നേ ഏൽപ്പിച്ചതായിരുന്നു. കല്യാണത്തിന് ഒരു ദിവസം മുന്നേ തിരിച്ചു തരാമെന്ന് ഉറപ്പും പറഞ്ഞിരുന്നു. എന്നിട്ടാണ് ഈ നേരമായിട്ടും ബ്ലൗസ് തുന്നി നല്കാതെ പറ്റിച്ചു കളഞ്ഞത്. ഓർക്കുന്തോറും അവൾക്ക് സങ്കടം അടക്കാനായില്ല. നാട്ടിൽ വേറെ തയ്യൽക്കാരില്ലാഞ്ഞിട്ടല്ല. ശിവരാമൻ തയ്ചാലെ ഒരു പൂർണ്ണതയുള്ളൂ. അതിട്ടു നാലാൾ കൂടുന്നിടത്തു പോയാൽ ഏവരുടേയും മിഴിമുനകൾ തന്നിലേക്കെത്തും. അതാണനുഭവം . ശരിയായ വസ്ത്രധാരണം ആത്മവിശ്വാസം കൂട്ടുമെന്നത് ശിവരാമനിലൂടെയാണ് മനസ്സിലാക്കിയത്.തൻ്റെ സ്ഥിരം തുന്നൽക്കാരനാണയാൾ. ഇന്നുവരെ പറഞ്ഞ സമയത്ത് പണി തീർത്ത് തന്നിട്ടുമുണ്ട്..ഇതെന്തു പറ്റിയോ? ഒരിക്കൽ അയാൾ തയ്ചു നല്കിയ ഇളം പച്ച ചുരിദാറിട്ട് മകൻ്റെ സ്കൂളിലേക്ക് പോയപ്പോൾ വഴിയിൽ പരിചയപ്പെട്ട സ്ത്രീ താൻ പഠിക്കുന്നതെവിടെന്ന് ചോദിച്ചത് അവൾക്കോർമ്മ വന്നു. ചുരിദാറൊക്കെ ഇട്ട് കല്യാണത്തിനൊക്കെ പോകുന്നതെങ്ങിനാണ്? അശാന്തമായ മനസ്സോടെ അവൾ ഉൾ മുറിക്കകത്തു കയറി. നേരെ വസ്ത്രം ധരിക്കാനൊത്തില്ലെങ്കിൽ കല്യാണത്തിന് പോകാതിരിക്കുന്നതാണ് നല്ലത്. ഇനി വല്ലവണ്ണം പോയാൽത്തന്നെ വേഗം വീടു പറ്റിയാൽ മതി എന്നതു മാത്രമാവും ചിന്ത. അവൾ അലമാരി തുറന്ന് ഡ്രസ്സുകൾ അടുക്കി വച്ച ഷെൽഫുകൾ ഒന്നൊന്നായി പരിശോധിച്ചു. ചുരിദാറടക്കം അവിടെ ഇരിക്കുന്ന മിക്കവാറും ഡ്രസ്സുകൾ ശിവരാമൻ തുന്നിയവയാണ്. അലമാരക്കകത്തെ ഉള്ളറയിൽ ഭദ്രമായി മടക്കി വച്ച മനോഹരമായ ഫോറിൻ സാരിയിൽ അവളുടെ കണ്ണുടക്കി. അതു തുറന്നപ്പോൾത്തന്നെ ഹൃദ്യമായ ഗന്ധം മുറിയിലെമ്പാടും പരന്നു. ഇതാണവസ്ഥയെങ്കിൽ ഇനിയിപ്പൊ കല്യാണത്തിനു താൻ പോകാനില്ല. ഇനി കാണുമ്പോൾ വാസന്തി പരിഭവിക്കുമായിരിക്കും. അവളോട് എന്തെങ്കിലും കാരണം പറഞ്ഞൊഴിയാം. അല്പനേരം ഇനിയെന്തു ചെയ്യേണ്ടു എന്ന മട്ടിൽ സാരിയിൽ നോക്കിയിരിക്കുമ്പോഴാണ് മുൾവേലി തുറക്കുന്ന നേരിയ ശബ്ദം കേട്ടത്. ഇത്ര നേരത്തെ കുടുംബശ്രീ പരിപാടികൾ തീർന്നോ എന്നാലോചിച്ച് അലമാര ചാരി ഉമ്മറത്തേക്ക് വന്നപ്പോഴാണ് വന്നയാളെ കണ്ടത്.തുന്നക്കാരൻ ശിവരാമൻ്റെ സഹായി പയ്യൻ.കൈയ്യിലൊരു കടലാസു പൊതിയുമുണ്ട്. ബ്ലൗസ്! മനസ്സിലൊരു കുളിർ കാറ്റ് വീശി. "ശിവരാമേട്ടൻ അത്യാവശ്യായിട്ട് എവിടെക്കോ പോയി .എവിടെക്കാന്നു കൂടി പറഞ്ഞില്ല. ഇതിവിടെ ഏൽപ്പിക്കണംന്ന് പറഞ്ഞു" പയ്യനതും പറഞ്ഞ് പൊതി തിണ്ണ മേൽ വച്ച് പെട്ടെന്ന് പൊയ്ക്കളഞ്ഞു. ഫോറിൻസാരിക്കും ബ്ലൗസിനും യോജിച്ച ഒരു പൊട്ടുകൂടെ ഇട്ട ശേഷം അലമാരിയിൽ പതിച്ച കണ്ണാടിക്കു മുന്നിൽ പോയി നിന്നു. അഭിമാനവും സന്തോഷവും ഇഴചേർന്ന ചെറുപുഞ്ചിരി അവളുടെ മുഖത്ത് വിടർന്നു. ഇത്ര മനോഹരമായ വസ്ത്രം അടുത്ത കാലത്തൊന്നും ധരിച്ചിട്ടില്ലെന്ന് അവൾക്കു തോന്നി. ഇനിയിപ്പൊ കല്യാണപ്പെണ്ണാരെന്ന് നാട്ടുകാർ സംശയിച്ചാലും അവരെ കുറ്റം പറയാനാവില്ല. അവളൊന്നൂറിച്ചിരിച്ചു. പുറത്ത് നല്ല തെളിമയുള്ള അന്തരീക്ഷം . മഴക്കാ റൊക്കെ എങ്ങോ പോയ് മറഞ്ഞിരിക്കുന്നു. തെല്ലിട ആ അന്തരീക്ഷത്തെ നിറഞ്ഞാസ്വദിച്ച ശേഷം അവൾ വീട് പൂട്ടി .ചാവി കട്ട്ളപ്പടിമേൽ വച്ചു. സാരിയുലയാതെ ശ്രദ്ധാപൂർവ്വം ചെരിപ്പിട്ടു. മുൾവേലിയും അടച്ച് ആദ്യം വന്ന ഓട്ടോയിൽ കയറി.. കണ്ടോ ആ ഓട്ടോക്കാരന് എന്തൊരു ഭവ്യതയാണെന്നു നോക്കണേ ? ഓട്ടോക്കാരൻ വണ്ടിയോടിക്കുന്നതിനിടയിൽ പിൻഗ്ലാസ്സിലൂടെ തന്നെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ഇതൊന്നും താൻ കാണുന്നില്ലെന്നാണ് വിചാരം. ശരി നടക്കട്ടെ. അവളത് കണ്ടില്ലെന്ന് നടിച്ച് പുറം കാഴ്ചകളിൽ ശ്രദ്ധാലുവായി. അങ്ങിനെ കല്യാണ വീടെത്തി. അല്പം വൈകിയോ? ഇല്ല കെട്ട് തുടങ്ങാറായില്ല. ഭംഗിയായി അലങ്കരിച്ച കമാനം കടന്ന്,നാട്ടുകാരുടെ വിസ്മയ മിഴിമുനകൾ സ്വീകരിക്കാനൊരുങ്ങി മന്ദം മന്ദം മുന്നോട്ടു നടക്കവേയാണ് പൊടുന്നനെ അവളമ്പരന്നു പോയത്. സംഭവിച്ചുകൂടാത്തത് സംഭവിച്ച പോലെ ഒരു പ്രതീതി. അവിടവിടെ വിഷണ്ണരായിരിക്കുന്ന ആളുകൾ. ചിലർ അടക്കിപ്പിടിച്ച സംസാരിക്കുന്നു .ഇനിയെന്തു ചെയ്യേണ്ടു എന്ന മട്ടിൽ ചിന്താ മൂകരായി ഇരിക്കുന്ന വയസ്സൻമാർ.. ആരും തന്നെ ശ്രദ്ധിക്കുന്നില്ല. ഒരിടത്ത് ഒതുങ്ങി നില്ക്കുകയായിരുന്ന ശാന്തേടത്തി തന്നെക്കണ്ടതും ഓടി വന്നു. ഒരു മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയി അടക്കി പറഞ്ഞു. 'കുട്ട്യേ കല്യാണൊക്കെ മൊടങ്ങിയ പോലായി. കല്യാണപ്പെണ്ണിനെ കാണാനില്ല. പിന്നെ കേക്കണോ ആ ടെയ്ലർ ശിവരാമനേം കാണാനില്ല .രണ്ടു പേരേം റെയിൽവേ സ്റ്റേഷനില് വച്ച് കണ്ടൂന്ന് ആരോ പറേണതും കേട്ടു .' ശാന്തേടത്തിയുടെ മുഖത്ത് തെല്ലിട ഗൂഢ മന്ദഹാസം വിരിയുന്നത് കണ്ടു നിന്നപ്പോൾ ഫോറിൻസാരിയുടുക്കാൻ മറ്റൊരു വിശേഷാവസരം ഏതെന്ന് ആലോചിക്കുകയായിരുന്നു അവൾ.