mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


മാഷേ, ഈ അച്ചു പുളി ഉണ്ടല്ലോ അതേതു ഫാമിലിയിൽ വരും? അപ്രതീക്ഷിതമായി കേട്ടതുകൊണ്ട് വിമൽ ചോദ്യകർത്താവിനെ തലയുയർത്തിയൊന്നു നോക്കി. സസ്യശാസ്ത്ര വിഭാഗം മേധാവിയാണല്ലോ, കൂടാതെ പ്ലാൻ്റ് ടാക്സോണമി

അരച്ചു കലക്കി കുടിച്ച ആളാണെന്നു ക്ലാസ്സിൽ ഇടയ്ക്കിടെ പ്രഖ്യാപിച്ചിട്ടും ഉണ്ട്. ഉള്ളിൽ പതഞ്ഞു പൊങ്ങിയ നീരസം ഒട്ടും പുറത്തേക്കു കാണിക്കാതെ സേതുലക്ഷ്മിക്കുള്ള മറുപടി വന്നു. അച്ചു പുളി എന്നല്ലാണ്ട് മറ്റെന്തെങ്കിലും പേരു കൂടി അതിനുണ്ടോന്നു അന്വോഷിക്കൂ, നിലവിൽ പരിചയമില്ല ,നമുക്ക് കണ്ടു പിടിക്കാം എന്നും പറഞ്ഞു കൊണ്ട് സ്റ്റാഫ് റൂം ലക്ഷ്യമാക്കി വിമൽ നടന്നു.

ലാബ് അസിസ്റ്റൻ്റ് ബാലേട്ടൻ്റെ പാട്ടു കേട്ടങ്ങനെയിരിക്കുമ്പോ സേതുലക്ഷ്മിയിതാ മുന്നിൽ നിൽക്കുന്നു. 'മാഷേ ഞാൻ പറഞ്ഞത് കിട്ടിയോ?' ഒരല്പം ദേഷ്യത്തോടെ പറഞ്ഞു.
"നിനക്കെന്താ ചെവിക്ക് വല്ല തകരാറും ഉണ്ടോ? "
'ഉണ്ട് ', പൊടുന്നനെയുള്ള ഉത്തരം കേട്ട് ഒരു നിമിഷം വിമൽ നിശബ്ദനായി. ഗാനാലാപനം നിർത്തി ബാലേട്ടൻ അവർക്കരികിലേക്കു വന്നു.
"സേതുലക്ഷ്മി ഇന്നലെ വന്നില്ലായിരുന്നോ? കണ്ടതേയില്ല."
ഇല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി. അവൾ ക്ലാസ്സിലേക്കു തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ബാലേട്ടൻ ശബ്ദം നന്നെ താഴ്ത്തിക്കൊണ്ടു പറഞ്ഞു, "പാവം... ആരെങ്കിലും ഒരാളെ കുട്ടിക്ക് കൊടുക്കായിരുന്നില്ലേ?"
അപ്പോൾ മാത്രമാണ് സേതുലക്ഷ്മി അമ്മാവൻ്റെ സംരക്ഷണത്തിൽ കഴിയുകയാണെന്നു മനസിലായത്. ജോയിൻ ചെയ്തിട്ട് 4 മാസം കഷ്ടി ആയേയുള്ളു.

അജ്ഞാതമായ ഒരപാടു കഥകൾ കാണാമറയത്തൊളിച്ചിരിപ്പുണ്ടാവും. അവളോടു രാവിലെ തോന്നിയ ദേഷ്യം അലിഞ്ഞില്ലാതായപോലെ, മനപൂർവ്വം ഇൻസൾട്ട് ചെയ്യാൻ സംശയം ചോദിച്ചതായാണു തോന്നിയത്. ക്വാർട്ടേഴ്‌സിൽ എത്തിയേനു ശേഷമാണ് ഫോൺ നോക്കിയത്, 15 മിസ്ട് കോൾ. തിരികെ വിളിച്ചപ്പോൾ അനു നല്ല ചൂടിലായിരുന്നു.
"എൻ്റെയും മോൻ്റെയും എന്തെങ്കിലും ഓർമയുണ്ടാ? കാടും മലയും കേറാനുള്ള വിചാരം മാത്രമേയുള്ളു" അടുത്തയാഴ്ചയിൽ നടക്കാനിരിക്കുന്ന സ്റ്റഡി ടൂർ ഉദ്ദേശിച്ചാണ് ഇപ്പോഴേ പരാതിയെന്നു മനസ്സിലായി. ഒരു വിധത്തിൽ സമാധാനിപ്പിച്ചു. എങ്കിലും വീണ്ടും ഒന്നിരുത്തി ചിന്തിച്ചു, അവൾ പറഞ്ഞതിൽ എന്താ തെറ്റുള്ളത്. അപ്പോഴാണ് അച്ചു പുളിയും സേതുലക്ഷ്മിയും ഒരുമിച്ച് മനസ്സിലേക്കു വന്നത്. പലപ്പോഴും കണ്ടിട്ടുണ്ട്. ആൾക്കൂട്ടത്തിൽ നിന്നും ഉൾവലിഞ്ഞ് ചുറ്റിലും ഏകാന്തത തീർക്കുന്ന അവളുടെ പ്രകൃതം. ഇടയ്ക്ക് കയറി അവളുടെ ചോദ്യം വന്നതും ഇന്നാദ്യമായിട്ടാണ്, നേരിയ സഹതാപത്തിന്നപ്പുറം ഇടയ്ക്കിടെ അവൾ ക്ലാസ്സ് കട്ട് ചെയ്യുന്നതിൻ്റെ ശരിയായ കാരണം ചോദിച്ച് മനസ്സിലാക്കണം.

എന്നാൽ പിറ്റേന്നവളെ കണ്ടതുമില്ല. സ്റ്റഡി ടൂറിൻ്റെ കാര്യങ്ങൾക്കായി മീറ്റിംഗ് വിളിച്ച് അവർക്കുള്ള നിർദ്ദേശങ്ങളും അനുബന്ധിച്ചുള്ള കാര്യങ്ങളുമൊക്കെയായി സേതുലക്ഷ്മിയോടുള്ള ചോദ്യങ്ങളൊക്കെ പിന്നെയാവാം എന്നുവെച്ചു.

അങ്ങനെ സ്റ്റഡി ടൂർ പ്രയാണം ആരംഭിച്ചു. ശബ്ദം കൂട്ടി വെച്ചുള്ള പാട്ടും ഡാൻസും ഒന്നും പറയണ്ട. ക്ലാസ്സിൽപരക്കെയുറങ്ങുന്ന ചിലരുടെ ഡാൻസും കൂകി വിളിയും കണ്ട് വിമൽ കണ്ണ് തള്ളിയിരുന്നു പോയി. അധികനേരം അങ്ങനെയിരിക്കാൻ പറ്റിയില്ല. നിർബന്ധിച്ചെണീപ്പിച്ചതാണെങ്കിലും പാട്ടിലും ഡാൻസിലും മതിമറന്ന് പഴയ കോളേജ് കുമാരനായതു പോലെ വിമലിനു തോന്നി. അതിനിടയിലാണ് ഒരു നാരങ്ങ കയ്യിൽ കിട്ടിയത്. തൊലി കളയാതെ അതു കൊണ്ടു കരയിക്കാൻ പറ്റിയ പാർട്ടിയെ നോക്കി നടന്നു, ഭാഗ്യം, സേതുലക്ഷ്മീടെ തൊട്ടടുത്ത് വേറാരും ഇല്ല, നേരെ അവളുടെ അടുത്തേക്കു നീങ്ങി. ഇങ്ങനെയിരുന്നാ ശരിയാവോ എന്നുള്ള ചോദ്യത്തിന് നേരെ മുഖമുയർത്തിയതും അയ്യോ നീറുന്നു എന്നും പറഞ്ഞവൾ കണ്ണുകൾ പൊത്തിപ്പിടിച്ചു. അവളോടു ചോദിക്കാൻ കുറേയുണ്ട്, അവളുടെ തൊട്ടടുത്ത് തന്നെയിരുന്നു. അവൾ അയാളെ ശ്രദ്ധിച്ചതേയില്ല. അല്പനേരം കഴിഞ്ഞ് ബാലേട്ടൻ്റെ അടുത്തു പോയിരുന്നു. നാരങ്ങകൾ ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു. മാഷേ എന്നു വിളി കേൾക്കുമ്പോഴേക്കും നാരങ്ങാ തൊലി കൊണ്ടുള്ള പ്രയോഗം നടത്തിക്കഴിഞ്ഞ സന്തോഷത്തിൽ വിമൽ ചിരിച്ചു പോയി. സേതുലക്ഷ്മി നാരങ്ങ തൊലിയെടുത്ത് പ്രതികാരം ചെയ്യാൻ വന്നതാണോ? മാഷെന്നെ വീണ്ടും പറ്റിച്ചല്ലോ എന്നും പറഞ്ഞവൾ ചിരിക്കാൻ തുടങ്ങി.

മൂന്നാറിൻ്റെ, വാക്കുകൾക്കതീതമായ മനോഹാരിത ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരല്പം ആസ്വദിക്കാൻ പറ്റിയെന്ന ചാരിതാർത്ഥ്യം തിരിച്ചെത്തിയപ്പോൾ വിമലിനു തോന്നി കൂടാതെ സേതുലക്ഷ്മിയെക്കുറിച്ച് കൂടുതലറിയാനും. ചെറുപ്പം തൊട്ടേ അമ്മാവൻ്റെ കൂടെ. പ്രമേഹം കൂടിയതിനു പിന്നാലെ തൊലി പൊട്ടി ഉണങ്ങാത്ത വ്രണം വന്നു. ഒരു കാൽ മുറിച്ചു മാറ്റി. അങ്ങേർക്ക് തീരെ വയ്യാതാവുമ്പോഴാണ് സേതു ലീവെടുക്കുന്നത്, സേതു...അങ്ങനെ വിളിക്കാനാ രസം.

അനുവിൻ്റെ വായിൽ നിന്നും പരാതികളോരോന്നായി വന്നുകൊണ്ടിരുന്നു. ചായപ്പൊടി കുറച്ചുടെ വാങ്ങായിരുന്നു, വൈറ്റ് ചോക്ലേറ്റ് വാങ്ങാമായിരുന്നു, എല്ലാ ദിവസവും ഉറങ്ങുന്നേനു തൊട്ടു മുൻപേ വിളിച്ചില്ല. അതൊന്നും ശ്രദ്ധിക്കാതെ പാവക്കുട്ടിയെടുത്ത് കളിക്കുന്ന കുഞ്ഞുമോനെ നോക്കി. അവനു പരാതിയൊന്നുല്ല. നിനക്ക് ഇവനെ കണ്ടു പഠിച്ചൂടെ അനുമോളേ. അതു കേൾക്കാത്ത ഭാവത്തിൽ അനു അടുക്കളയിലക്കു തിരിഞ്ഞു. ഫോണിൽ നിർത്താതെയുള്ള മെസേജുകളുടെ ശബ്ദം കേട്ടുകൊണ്ടാണ് കണ്ണു തുറന്നത്. നോക്കുമ്പോ അനു ഫോണും പിടിച്ചിരിപ്പുണ്ട്. അവളുടെ ഉണ്ടക്കണ്ണ് കുറച്ചൂടെ വലുതായപോലുണ്ട്. ഒന്നും പറയാതെ ഫോൺ നീട്ടിയപ്പോ ഉള്ളിൽ ചെറിയൊരു പേടിയുണ്ടായിരുന്നു. മാഷേ , എനിക്കു മാഷില്ലാണ്ട് ജീവിക്കാൻ പറ്റില്ല. നീരജ. സമയം ഏതാണ്ട് 12 ആയികാണും.മെസേജുകൾ വന്നുകൊണ്ടിരുന്നു. ഇതെന്താ കഥ, നീരജ, അവളോട് അരുതാത്ത ഒരു നോട്ടം കൂടി ഉണ്ടായിട്ടില്ല, സംസാരിക്കാറുമില്ല. ഇതെന്തു പ്രാന്താണെന്നു മനസ്സിലാവുന്നില്ലല്ലോ, സേതുവിനോടല്ലാതെ മറ്റൊരു സ്റ്റുഡൻ്റിനോടും അടുപ്പത്തോടെ സംസാരിച്ചിട്ടില്ല. അനുവാണെങ്കിൽ ബാഗെടുത്ത് അവളുടെ തുണികൾ കുത്തി നിറയ്ക്കുന്ന തിരക്കിലാണ്, വെറുതെയല്ല നിങ്ങൾക്ക് ഞങ്ങളുടെ വിചാരം ഇല്ലാത്തത്, കരയുമ്പോഴും പരാതിക്ക് ഒരു പഞ്ഞവുമില്ല. അനൂ, നീരജ എൻ്റെ സ്റ്റുഡൻ്റ് ആണെന്നുള്ളത് സത്യമാണ്, ബാക്കിയൊക്കെ ആ കുട്ടിയുടെ തോന്നലാണ്. നാളത്തെ ഒരു ദിവസം കാത്തിരിക്കൂ. കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ , വിശ്വാസമില്ലെങ്കിൽ പോവാം. പായ്ക്കിംഗ് നിർത്തി അവൾ അരികത്ത് വന്നിരുന്നു. എൻ്റെ തലയിൽ തൊട്ടു സത്യം ചെയ്തു തരണം. തലയിലോ, കാലിലോ തൊട്ടു സത്യം ചെയ്യാം. അങ്ങനെ ഒരു മാതിരി പറഞ്ഞുവെച്ചു. അനു ഉറങ്ങിയെങ്കിലും വിമൽ നിലവിലുള്ള പ്രശ്നം എങ്ങനെ പരിഹരിക്കും എന്നാലോചിക്കുകയായിരുന്നു. ബാലേട്ടനോട് പറഞ്ഞാലോ എന്നായി ആദ്യ ചിന്ത, എങ്ങാനും പുറത്തായാൽ പിന്നെ വരുന്ന പുകിലൊക്കെ. ഓർക്കുമ്പോഴേ പേടിയാവുന്നല്ലോ. അങ്ങനെ ആലോചിച്ചാലോചിച്ച് ഒരുത്തരം കിട്ടി... സേതു.

മാഷ് പേടിക്കേണ്ട... നീരജയെ ഞാൻ പറഞ്ഞു മനസ്സിലാക്കാം. അത്രയും കേൾക്കുമ്പോ തന്നെ ഉള്ളു തണുത്തു.
സേതു എന്തു മായാജാലം കാണിച്ചെന്നറിയില്ല, കരഞ്ഞുകൊണ്ട് നീരജ പറഞ്ഞു, സോറി. ഇനി ആവർത്തിക്കില്ല മാഷേ. നീരജയെ സമാധാനിപ്പിച്ച് പറഞ്ഞയച്ച് സേതുവിനെ നോക്കി. ചെറുപുഞ്ചിരി സമ്മാനിച്ച് അവൾ പറഞ്ഞു "മാഷേ ... നാളെ കാണാം."

പിറ്റേന്നു സേതു ക്ലാസ്സിൽ വന്നില്ല. അമ്മാവൻ്റെ ഫോണിലേക്കു വിളിച്ചു. രാത്രിയിൽ സേതു തിരിച്ചു വിളിച്ചു. അമ്മാവൻ മരിച്ചു. അടുത്തിനി കോളേജിലേക്കില്ല. തിരികെ ആശ്വാസ വാക്കു പറയാൻ കൂടി സാവകാശം നൽകാതെ കോൾ കട്ട് ചെയ്തു. രാത്രിയിൽ ഉറക്കം വന്നതുമില്ല, നേരം പുലർന്നപ്പോ യാത്ര തിരിച്ചു. അനുവിനേയും കൂട്ടി സേതുവിൻ്റെ വീട്ടിലേക്ക്. അയൽപക്കത്തെ രണ്ടു സ്ത്രികളൊഴിച്ച് അവിടെ മറ്റാരുമുണ്ടായില്ല. വിമൽ സേതുവിനോടായി പറഞ്ഞു, രക്ത ബന്ധം അളവുകോലായിട്ടില്ലെങ്കിലും ഞാൻ നിൻ്റെ സ്വന്തം ചേട്ടനായും അനു ചേട്ടത്തിയമ്മയുമായി നിനക്കുണ്ടാവും. ഇനിയിവിടെ തനിച്ചു താമസിക്കണ്ട. അത്യാവശ്യം വേണ്ടത് മാത്രം എടുത്തോളു. വണ്ടിയിൽ അവളുടെ ബാഗെടുത്ത് വയ്ക്കുന്നതിനിടയിൽ ഞാനിപ്പം വരാം എന്നും പറഞ്ഞവൾ ഓടി. തിരികെ വന്നപ്പോ അവൾ പച്ചയും ചുവപ്പും കറുപ്പും നിറത്തിലുള്ള കുഞ്ഞു പഴങ്ങൾ വിമലിനു നേരെ നീട്ടി. എത്ര ചെറുതാണ്, കുഞ്ഞു നെല്ലിക്കയുടെ വലുപ്പം പോലുല്ല, നന്നെ ചെറുതാണ്, മുന്തിരി കുലയെ ഓർമിപ്പിക്കുന്ന രീതിയിൽ മൂന്നു നിറങ്ങളിൽ ഒരുമിച്ച് ക്രമീകരിച്ചിരിക്കുന്നു. മാഷേ... ഇതാണ് അച്ചു പുളി. കഴിച്ചു നോക്കൂ, പച്ച കഴിച്ചപ്പോ കയ്പ്പും പുളിയും, ചുവപ്പാണെങ്കിൽ പുളിയും ചെറു മധുരവും... കറുപ്പാണെങ്കി നല്ല മധുരമാണ്. ഇല കണ്ടപ്പോ വിമലിനു അച്ചു പുളിയെ പിടികിട്ടി , ടസെൽ ബെറി എന്നു വിളിക്കുന്ന ആൻ്റിഡെസ്മ വെനോസം, ഫില്ലാൻതേസിയേ കുടുംബം...

അനു സേതുവിനേയും കൂട്ടി കാറിൽ കയറിയിരിപ്പായി. അച്ചു പുളിയിലേക്ക് വെറുതേ നോക്കി ചിരിച്ചു കൊണ്ട് വിമൽ ഓർത്തു, സേതുവിനെയും അച്ചു പുളിയേയും ചേർത്തു വായിക്കാൻ എന്തൊക്കെയോ ഉണ്ടെന്നയാൾക്കു തോന്നി. മനസ്സു നിറഞ്ഞ ചിരിയോടെ അയാൾ കാറിന്നരികിലേക്കു നീങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ