മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Abbas Edamaruku)


എല്ലാവരും പ്രണയിക്കുംപോലെ ആരെയെങ്കിലും എനിക്കും ഒന്ന് പ്രണയിക്കണം. ഈ ചിന്ത മനസ്സിൽ കടന്നുകൂടിയിട്ട് നാളുകൾ ഒരുപാടായി. ആരെ പ്രണയിക്കും, അതിനുപറ്റിയ ആളെ എവിടെനിന്നു കണ്ടെത്തും? എന്തായാലും നാട്ടിൽ ഒന്ന് അന്വേഷിച്ചുനോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

പെട്ടെന്നൊരു ആവേശത്തിന് ഇറങ്ങിതിരിച്ചെങ്കിലും, അധികം വൈകാതെ എനിക്ക് മനസ്സിലായി ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്. പ്രണയം, പ്രണയിക്കുക എന്നൊക്കെ പറയുന്നത് സ്വഭാവികമായി സംഭവിക്കുന്ന, അറിയാതെ വന്നുചേരുന്ന ഒന്നാണെന്ന ബോധോദയം എനിക്ക് അപ്പോഴാണ് ഉണ്ടായത്. പിന്നെ എങ്ങനെയാണ് പ്രണയിക്കാനുള്ള ആളെ കണ്ടുപിടിക്കുക? ഇനി കണ്ടുപിടിച്ചാൽ തന്നെ ആ വെക്തിക്ക് എന്നോട് പ്രണയം തോന്നണമെന്നില്ല. എന്നെ പ്രണയിച്ചു കൊള്ളണമെന്നില്ല. പിന്നെ എന്തു ചെയ്യും?

വീടിന്റെ പരിസരത്തും, ചുറ്റുവട്ടത്തുമൊക്കെ പ്രണയിക്കാൻ പറ്റിയ ഒരാളെ തപ്പി ഞാൻ വീണ്ടും അലഞ്ഞു. എന്റെ നാട്ടിൽ ഈയിടെയായി ഒരുപാടു പ്രണയങ്ങൾ മൊട്ടിടുകയും, പൂവിടർന്ന് പരിമളം പരത്തുകയുമൊക്കെ ചെയ്തിരുന്നു. ആ ഒരു പ്രതീക്ഷയുടെ പുറത്തുകൂടിയാണ് ഞാൻ ഇങ്ങനൊരു പ്രവർത്തിക്ക് ഇറങ്ങിത്തിരിച്ചത്.

ഒരിക്കലും പ്രണയത്തിലേർപ്പെടുമെന്ന്‌ പ്രതീക്ഷിക്കാത്ത പലരും ഈയിടെ പ്രണയിച്ചു വിവാഹം കഴിച്ചു. ചിലരാവട്ടെ പ്രണയം അതിരുവിട്ടതിന്റെ പേരിൽ നാടുവിട്ട് ഒളിച്ചോടി. ആ കൂട്ടത്തിൽ വിവാഹിതരും, അവിവാഹിതരും, ഭർത്താക്കന്മാരും, ഭാര്യമാരുമൊക്കെ ഉണ്ടായിരുന്നു. അല്ലെങ്കിലും പ്രണയിക്കുന്ന മനസ്സുകളിൽ, പ്രണയം തലയ്ക്കുപിടിച്ചുകഴിഞ്ഞ അവസ്ഥയിൽ, പ്രായത്തിനോ, ബന്ധങ്ങൾക്കോ ഒന്നും സ്ഥാനമില്ലല്ലോ?

ഭർത്താവിന്റെ പെരുമാറ്റദൂഷ്യം സഹിക്കവയ്യാതെ ഭാര്യ കാമുകനൊപ്പം പ്രണയിച്ച് ഒളിച്ചോടിയിട്ട് അധികമായിട്ടില്ല. ഭാര്യയുടെ സംശയരോഗം സഹിക്കവയ്യാതെ. ഭർത്താവ് അയൽവക്കത്തെ ഒരുവന്റെ ഭാര്യയെ പ്രണയിച്ച് ഒളിച്ചോടിയത് കഴിഞ്ഞയാഴ്ചയാണ്. വേറേയും കുറേ പ്രണയങ്ങൾ നാട്ടിൽ ഉണ്ടായി. എന്റെ സുഹൃത്തുക്കൾ, സഹപാഠികൾ അങ്ങനെ പലരും ഇതിൽ പെടും. ചിലരുടെ പ്രണയം സ്വാഭാവികമായിരുന്നെങ്കിൽ, ചിലർ മനപ്പൂർവം പ്രണയിക്കുകയായിരുന്നു. ഈ ഓർമ്മകൾ മനസ്സിൽ അയവിറക്കിയതോടെ പ്രണയിക്കാനുള്ള എന്റെ പൂതി വർധിച്ചു.

എന്നെ പ്രണയിക്കാനും നാട്ടിൽ ആരെങ്കിലും ഉണ്ടാവില്ലേ? ഉണ്ടാവണം. ആ വിശ്വാസത്തോടെ എന്റെ പ്രണയത്തിന്റെ അപേക്ഷയുമായി ഞാൻ പലരേയും സമീപിച്ചു. ഞാൻ സമീപിച്ചവരിൽ. സുന്ദരികളും, വിരൂപകളും, അന്യമതസ്ഥരുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, അവരാരും എന്റെ അപേക്ഷ സ്വീകരിച്ചില്ല.

ചിലർക്ക് എന്നെ ഇഷ്ടമായില്ല, മറ്റുചിലർക്ക് എന്നെ ഇഷ്ടമായി. പക്ഷേ, ബന്ധങ്ങൾ ഇട്ടെറിഞ്ഞുകൊണ്ട് എന്റെയൊപ്പം ഇറങ്ങിവരാൻ... എന്നെ പ്രണയിക്കാൻ പേടി. ചിലരാകട്ടെ എന്നെ പുച്ഛിച്ചു തള്ളി, ചിലർ കളിയാക്കി ചിരിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തു.

എനിക്കാകെ നിരാശയായി. ഒരുപാട് പ്രതീക്ഷകളുമായി പ്രണയിക്കാൻ ഒരാളെ തേടിയിറങ്ങിയിട്ട് പരാജിതനായി മടങ്ങേണ്ടുന്ന അവസ്ഥ. ഇനി എന്ത് ചെയ്യും? എവിടെനിന്ന് എന്റെ ആഗ്രഹസഫലീകരണത്തിനു പറ്റിയ ഒരാളെ കണ്ടെത്തും? ഒടുവിൽ എന്റെ പ്രശ്നപരിഹാരത്തിനുള്ള ഒരു പോംവഴി ഞാൻ കണ്ടെത്തി.

ഒന്നുകിൽ പ്രണയിച്ചു പരാജയപ്പെട്ട ഒരുവളെ കണ്ടെത്തുക, അല്ലെങ്കിൽ പ്രണയനായകൻ നഷ്ട്ടപ്പെട്ടു വിരഹമനുഭവിക്കുന്ന ഒരുവളെ തേടിപ്പിടിക്കുക.അങ്ങനെയാണ് ഞാൻ ഒടുവിൽ 'നഫീസു'വിന്റെ മുന്നിൽ എത്തിച്ചേർന്നത്.

നഫീസുവിനെ എനിക്ക് സ്‌കൂൾകാലം തൊട്ടേ അറിയാം. അവളോടെന്നും എനിക്ക് പറഞ്ഞറിയിക്കാനാവാത്തൊരു ഇഷ്ടവും, അടുപ്പവുമൊക്കെ തോന്നിയിട്ടുണ്ട്. കാരണം അവളുടെ സൗന്ദര്യവും, പെരുമാറ്റവും എന്നോടുള്ള ഇടപെടലുമൊക്കെത്തന്നെ.

ഒരുപാടു പേർ പ്രണയാഭ്യര്ഥനയുമായി പിന്നാലെ നടന്നിട്ടും അതിനൊന്നും കീഴ്പ്പെടാതെ വീട്ടുകാരുടെ നിർദേശപ്രകാരം ഒരുവനെ വിവാഹം കഴിക്കുകയും അവന്റേതുമാത്രമായി ഒതുങ്ങിക്കഴിയുകയും ചെയ്തിട്ടും ഒരു പെൺകുട്ടി ഉണ്ടായപ്പോൾ ഭർത്താവ് മറ്റൊരുവളെ തേടി പോയതിലുള്ള വിരഹദുഃഖം അനുഭവിക്കുന്നവളാണ് നഫീസു.

കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും ഇന്നും തന്നെ ഉപേക്ഷിച്ചുപോയ ഭർത്താവിനേയും, അയാളുടെ കുടുംബത്തേയും അവൾ ഇഷ്ട്ടപ്പെടുന്നു. താൻ തയ്യൽജോലി ചെയ്ത് ഉണ്ടാക്കുന്ന സമ്പാദ്യത്തിൽ നിന്നും ഒരു വിഹിതം തന്റെ നിർദനനായ ഭർത്താവിനും കുടുംബത്തിനും കൊടുക്കാറുമുണ്ട് അവൾ. ഇന്നും തന്നെ ഉപേക്ഷിച്ചുപോയ ഭർത്താവിനെ മാത്രം പ്രണയിച്ചുകൊണ്ട്, ഇനി മറ്റൊരു വിവാഹമേ വേണ്ടാ എന്ന തീരുമാനത്തിൽ കഴിയുകയാണ് അവൾ. പലപ്പോഴും ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. സ്ത്രീകൾക്ക് മാതൃകയാണ് നഫീസു, അവളെ കണ്ട് പഠിക്കട്ടെ പെണ്ണുങ്ങൾ എന്ന്.

മടിച്ചുനിൽക്കാതെ നഫീസുവിന് മുന്നിൽ ഞാനെന്റെ പ്രണയാപേക്ഷ സമർപ്പിച്ചു. ആദ്യത്തെ രണ്ട് വട്ടവും അവളെന്റെ അപേക്ഷ സ്നേഹപൂർവ്വം നിരസിച്ചു. മൂന്നാമത്തെ വട്ടവും ഞാൻ പ്രണയാഭ്യര്ഥനയുമായി സമീപിച്ചപ്പോൾ. എന്റെ പ്രണയത്തെ സ്വീകരിച്ചുകൊണ്ട് അവളെന്നെ ചേർത്തു നിറുത്തിക്കൊണ്ട് ചോദിച്ചു.

"ഞാൻ എന്തുകൊണ്ടാണ് നിന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചതെന്ന് അറിയാമോ? നിന്നെ പ്രണയിക്കാമെന്ന് സമ്മതിച്ചത്? "

"ഇല്ല."

ഞാൻ അവളുടെ മിഴിയുടെ ആഴങ്ങളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

"തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ നൊമ്പരം എത്ര വലുതാണെന്ന് എനിക്കറിയാം. ഞാനത് നന്നായി അനുഭവിച്ചറിഞ്ഞവളാണ്. പ്രണയം ഒരിക്കലും നശിക്കുന്നില്ല. നശിക്കുന്നത് പലപ്പോഴും പ്രണയിക്കുന്നവരാണ്. തിരിച്ചു കിട്ടാത്ത പ്രണത്തിന്റെ മുൻപിൽ. നിന്നെ ഒരിക്കലും അങ്ങനെ നശിക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മരണം വരെയും ഇനിയെന്റെ പ്രണയം നിന്നോട് മാത്രമായിരിക്കും."

അവളെന്നെ ചേർത്തു പുണർന്നു ചുംബിച്ചു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ