ഓട്ടോയിലാണ് ഞങ്ങൾ രണ്ടു പേരും ബസ് സ്റ്റാൻഡിലെത്തിയത്. ഓട്ടോയുടെ കുലുക്കത്തിന്റെ തണലിൽ അവൻ പലവട്ടം മാറത്തേക്ക് ചായാൻ ശ്രമിച്ചതു പോലെ തോന്നി. അപ്പോഴൊക്കെ ഓട്ടോക്കാരൻ മീററീലൂടെ ഞങ്ങളെ നോക്കുന്നതു
പോലെ എനിക്ക് തോന്നിയതിനാൽ അവനെ നോക്കി കണ്ണുരുട്ടുണ്ടതായി വന്നു. അവന് ഒരു കുറുക്കെന്റെ സ്വഭാവമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്!! സ്റ്റാൻഡിൽ പതിവു പോലെ ബസ് ഷെൽറ്റർ തെക്കും വടക്കും പോകേണ്ട യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്ഥിരമായി കോളേജ് ഗ്യാങ്ങ് തമ്പടിച്ചിരിക്കുന്ന പാലച്ചോട്ടിലും നല്ല തിരക്ക് തന്നെ. എല്ലാരുടേയും നോട്ടം തന്നിലാണെന്നു തോന്നുന്നു. എനിക്കൽപം നാണവും ഭയവുമൊക്കെ തോന്നി വരുന്നു. ഇനി വൈകിട്ട് 8.00 മണി വരെ ഈ സാരിയുടുത്ത് ഒറ്റനിൽപ്. വല്ലാത്ത പെടാപ്പാട് തന്നെ അച്ഛന്റെ ഓരോരോ കാര്യങ്ങൾ. ആള് വല്യ നേതാവൊക്കെയാണേലും ഇങ്ങനെ ചില പണികൾ വീട്ടുകാർക്കു നൽകുന്നത് പതിവാണ്. അച്ഛൻ അമ്മയുമായി തലസ്ഥാന നഗരിയിലാണ്. നേരിട്ട് ചവറയ്ക്ക് വരുത്തതേയുള്ളു.
ബ്യൂട്ടീഷൻ അല്പം റേറ്റുകൂടിയ ആളാണെങ്കിലും അപാര ഒരുക്കലാണ് നടത്തിയതെന്ന് ഈ നോട്ടങ്ങളിൽ നിന്ന് മനസ്സിലാക്കാം! അധികമായി ഒന്നും ഇല്ല: റോസ് പൗഡറും ലിപ്സ്റ്റിക്കും പോലും. അവന്റെ കൂടെ പതിവു പോലെ പാലച്ചോട്ടിലേക്ക് പോയി ബഹളം വെച്ച് നിൽക്കാൻ തോന്നിയെങ്കിലും മനസ്സിനെ അടക്കി നിർത്തി.
ആദ്യം വന്ന ബസുകളിലെ തിരക്കു കാരണം കയറാൻ പറ്റാതെ നില്ക്കുമ്പോളാണ് അവൾ കൂട്ടുകാരികളുമായി സ്റ്റാൻഡിൽ നില്ക്കുന്നതു കണ്ടത്. ഡിഗ്രി ഫസ്റ്റ് ഇയറിലെ പുതിയ ബാച്ചാണ്. ഇവളുടെയും കൂട്ടുകാരികളുടേയും ജാഡ കാരണം ഫസ്റ്റ് ഇയേഴ്സിനെ പരിചയപെടാൻ ചെന്ന ഞങ്ങൾക്ക് അവസാനം അവരെ റാഗ് ചെയ്ത് തടി തപ്പേണ്ട അവസ്ഥയോർത്തപ്പോൾ ഉള്ളിൽ ചിരിവന്നു. പാലച്ചോട്ടിൽ എന്റെ കൂടെ ഓട്ടോയിൽ വന്നിട്ട് ഗ്യാങ്ങിന്റെ നടുവിൽ നിന്ന് എന്നെ നോക്കി കോപ്രായം കാണിക്കുന്ന അവന്റെ താല്പര്യത്തിനാണ് അവരുടെ ക്ലാസിൽ പോകേണ്ടി വന്നത്. എന്തായാലും അവനെ ഒന്ന് മൂപ്പിച്ചേക്കാം ..
മെല്ലെ അവൾക്കരികിലേക്ക് നീങ്ങിനിന്നു.
"ഡേ ലവന് വല്ലാത്തസൂക്കേട് തന്നെ... അവൻ കൊഴപ്പം തന്നെ" തന്നെ നോക്കി കോപ്രായം കാണിക്കുന്നതു കണ്ട് ഇഷ്ടക്കേടു തോന്നിയ അടുത്തു നിന്നേ ചേട്ടത്തി മുരളുന്നതു കേട്ടു. ചേട്ടത്തിയെ കണ്ടു മറന്നതാണ്. ഇത് അച്ഛന്റെ പാർട്ടിയിലെ വനിതാ നേതാവാണെല്ലോ? കഴിഞ്ഞയാഴ്ച്ച വീട്ടിൽ കുറച്ചുപേരുമായി വന്നിരുന്ന കാര്യം ഓർമ്മിച്ചെടുത്തു. പെട്ടന്ന് ഒഴിഞ്ഞ ബസ്സ് എത്തിയതോടെ ബസിൽ കയറാനുള്ള ബഹളമായി. വലിയ ഇടി നടത്താതെ സീറ്റ് കിട്ടുന്നതിന്റെ തത്രപ്പാടിലായി എല്ലാരും.
അവളെ മുട്ടിയുരുമി ഒരു സീറ്റ് പിടിച്ചിരുന്നപ്പോൾ മനസ്സിൽ ഒരു ലെഡു പൊട്ടിയിരുന്നു. ബസ് അനങ്ങി തുടങ്ങിയപ്പോൾ അവനെ ഒന്നു നോക്കണമെന്ന് തോന്നി. അവൻ എന്നത്തെയും പോലെ പെണ്ണുങ്ങളെ മുട്ടിയുരുമി ഫുട്ബോർഡിൽ ഡ്യൂട്ടിയി ലാണ്. അവളെ തൊട്ടുരുമി ഇരിക്കുന്നത് അത്ര ഇഷ്ടപ്പെട്ടിലെന്നുള്ളത് അവന്റെ നോട്ടത്തിൽനിന്നു മനസ്സിലാക്കാം "ഈ ചേട്ടത്തിയെ ഒന്നിരുത്തിയേ". ഏതെലും പെണ്ണുങ്ങൾ ഒന്നെഴുനേൽക്കണേ" ചേട്ടത്തിയുടെ മുഖഭാവത്തിൽ അവനോടുള്ള നീരസം മാറിയതായി തോന്നുന്നു. അവന്റെ പാര എനിക്കു നേരെയാണെന്ന് തോന്നുന്നു. ദേഷ്യം തോന്നിയെങ്കിലും അനങ്ങാതെ അവളോട് ഒട്ടിയിരുന്നു." ഇല്ലെ വായിനോക്കി ചെറുക്കന് എന്നാത്തിന്റെ കേടാ..അവളെന്റെ മുഖത്ത് നോക്കി അല്പം ഉറക്കെ ആത്മേ രോഷത്താൽ പിറുപിറുക്കുന്നതു കണ്ടപ്പോൾ ചിരി വന്നു.
"ചേട്ടത്തി തന്നെ അവരോടൊക്കെ ചോദിക്കു." അവൻ വിടാനുള്ള ഭാവമില്ലാ.
"നമ്മുടെ മാഷെ ടെ മോളാ അത്." എന്നെ ചൂണ്ടി അവൻ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. "സാറിന് പെൺമക്കൾ ഉണ്ടോ? ചേട്ടത്തിയുടെ ആത്മഗതം സംശയമാകുന്നതിന് മുൻപേ എഴുന്നേറ്റു അവനരികിലേക്ക് നിന്നു ശബ്ദം താഴ്ത്തി മുരളെണ്ടി വന്നു," എടാ നേർച്ചയായിപ്പോയി. ഇല്ലേൽ കാണാരുന്നു. അടുത്ത വർഷം നീ പെൺവേഷം കെട്ടുമ്പോൾ പലിശയടക്കം തന്നോളാം!!!
Editors note: ചവറയിലുള്ള കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ പുരുഷന്മാർ സ്ത്രീവേഷം അണിഞ്ഞെത്തുന്നത് ഒരു ആചാരമാണ്. Read more at https://en.wikipedia.org/wiki/Kottankulangara_Devi_Temple