(Anvar KRP)
റോസിക്കുട്ടി പ്രസവിച്ചു. വാർത്ത കാട്ടുതീ പോലെ പരന്നു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽവച്ചു. പതിനെട്ടു വയസുള്ള അവിവാഹിതയായ പെണ്ണ് പ്രസവിച്ചുവെന്നോ? ഒരുമ്പെട്ടവൾ, എത്ര നല്ല കുടുംബമാ, ആകെ പറയിപ്പിച്ചു. നാശം അവൾ ദീനം വന്നു ചത്തു പോട്ടെ.
കുട്ടി ആണോ അതോ പെണ്ണോ? വടക്കേലെ മറിയമിന്റെ ശബ്ദത്തിൽ ഉത്കണ്ഠ നിറഞ്ഞിരുന്നു. ആണ്, അല്ല പെണ്ണ്. കുട്ടിയുടെ കരച്ചിൽ താൻ കേട്ടുവെന്നും അത് ആൺകുട്ടിയുടെ ശബ്ദമാണെന്നും വേലിക്കെട്ടും മാളു ആണയിട്ടു. അല്ല റോസി കുട്ടിയുടെ അമ്മ ചുവന്ന തട്ടത്തിലാണ് കുട്ടിയെ എടുത്തത് അതിനാൽ പെൺകുട്ടിയാണെന്ന് ഐശുവും.
പെണ്ണുങ്ങൾ എത്രപെട്ടെന്നാണ് ഒത്തുകൂടിയത്. അവർ രണ്ടു ചേരിയായി തിരിഞ്ഞു. മുഹൂർത്തത്തിനു ഭംഗി കൂട്ടി. മാളുവിന്റെ പിന്നിലും ഐശു വിന്റെ പിന്നിലും വൻ ജനാവലി തടിച്ചുകൂടി. മുദ്രാവാക്യങ്ങൾ എഴുതുന്നവർ ഇരു ചേരിയിലും ഉണ്ടായതുകൊണ്ട് തെറിവാക്കുകളും അസഭ്യങ്ങളും ചാറ്റൽ മഴയായി പെയ്തു. വാക്കു കസർത്തുകൾ കൈയാങ്കളിയിലേക്ക് നീങ്ങാൻ തുടങ്ങി. ഏതാനും നിമിഷങ്ങൾ കൊണ്ട് അവിടെയൊരു യുദ്ധഭൂമി പിറക്കുമെന്ന് തോന്നിച്ചു. അത് പിന്നെ ഒരു 'നിയമസഭ ' അല്ലാത്തതുകൊണ്ട് ആരും ആരെയും മാന്തുകയോ പിച്ചുകയോ ചെയ്തില്ല. ആരുടെയും കസേര ആരും എടുത്ത് എറിഞ്ഞില്ല.
അതിനിടയിൽ ആണായാലും പെണ്ണായാലും നമ്മൾക്ക് കുഴപ്പമില്ലെന്ന വാദവുമായി ഷീബയും എത്തി. അവിടെ രംഗപ്രവേശനത്തിന് ഒരു അവസരം കാത്തിരിക്കുകയായിരുന്നു അവർ. അവരുടെ ശബ്ദത്തിനു നല്ല മുഴക്കം ഉണ്ടായതിനാലും ഒന്നു രണ്ട് പരിപാടികളിൽ സർവകക്ഷി സഭക്കുവേണ്ടി മുദ്രാവാക്യം വിളിക്കാൻ പോയതിനാലും രണ്ടു ചേരിയിൽ നിന്നും കുറെ പേർ കൂറുമാറി, ശീബയിൽ ചേർന്നു. അല്ലെങ്കിലും പെണ്ണുങ്ങളല്ലേ വാക്കിന് അത്ര മൂർച്ചയൊന്നും കൽപ്പിക്കേണ്ടതില്ലല്ലോ? ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന മട്ടിൽ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിക്കണമെന്ന് ആരോ മുറവിളികൂട്ടി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചെന്ന് റേഡിയോ നിലയങ്ങളിലേക്ക് എഴുതി. അടുത്ത വാർത്ത സെഷനിൽ എഫ്എമ്മിൽ അങ്ങനെ വായിക്കുകയും ചെയ്തു.
കലക്ടർക്ക് കത്തെഴുതാൻ ചിലർ അടുത്ത ഗ്രാമത്തിൽ നിന്നും ആളെ വിളിക്കാൻ പോയി. അങ്ങനെ പോകരുതെന്നും അത് ഈ ഗ്രാമത്തിനു മോശമാണെന്നും പറഞ്ഞ് ചിലർ മുന്നോട്ടു വന്നെങ്കിലും ആ ഗ്രാമത്തിൽ കത്ത് എഴുതാൻ അറിയുന്നവർ ഇല്ലാത്തതുകൊണ്ട് വേണ്ടത്ര പ്രചാരം കിട്ടിയില്ല. മൂന്നു പേരും ശക്തിയുക്തം തെറിയഭിഷേകവുമായി മുന്നോട്ടു പോയി കൊണ്ടിരുന്നു. പ്രതിഷേധമാർച്ച് സംഘടിപ്പിക്കണമെന്ന് മൂന്നു കൂട്ടരും തീരുമാനമെടുത്തു. ആർക്കും തോറ്റുകൊടുക്കാൻ മനസ്സിലായിരുന്നു.
റോസി കുട്ടിയെക്കുറിച്ചോ നവജാതശിശുവിനെ കുറിച്ചോ ആരും അന്വേഷിച്ചില്ല. അവിവാഹിതയായവൾ എങ്ങനെ പ്രസവിച്ചുവെന്ന് ആരും അന്വേഷിച്ചില്ല. അവൾക്കു ഗർഭം ഉണ്ടായിരുന്നതായി ആർക്കും അറിയുമായിരുന്നില്ല. അവളുടെ വയർ അല്പം പൊങ്ങിയിരുന്നതായി മേരി കണ്ടിരുന്നുവെത്രെ. ആറിൽ കുളിച്ചപ്പോൾ കണ്ടതാണ്. എന്താണെന്ന് എത്ര ചോദിച്ചിട്ടും റോസി പറഞ്ഞു തന്നില്ല. കഴിഞ്ഞ മാസം പതിനഞ്ചാം തിയ്യതി അവൾ നിൽക്കാതെ ഛർദ്ദിച്ചിരുന്നു. അതിനുമുമ്പും അങ്ങനെ കണ്ടിട്ടുണ്ടെന്ന് അയൽക്കാർ പറഞ്ഞെങ്കിലും അത് വിശ്വാസയോഗ്യമായില്ല. ഛർദിക്കു കാരണമായി റോസി പറഞ്ഞത് അവൾ മഞ്ചാടിക്കുരു അരച്ചു കഴിച്ചിട്ട് ആണത്രേ. നാട്ടിൽ അടുത്തെവിടെയോ മഞ്ചാടിക്കുരു കിട്ടാനില്ലെന്ന് ആരും ഓർത്തില്ല. അവളുടെ അമ്മൂമ്മയും അവളുടെ വാദം ശരിവെച്ചു. അവർ പറഞ്ഞത് ഇങ്ങനെയാണ് മഞ്ചാടിക്കുരു കഴിച്ചാൽ ഛർദ്ദിക്കുമത്രേ. പണ്ടൊരു ദിവസം അമ്മൂമ്മ കഴിച്ചിട്ട് മൂന്നുദിവസം നിൽക്കാതെ ചർദിച്ചെന്നും നിൽക്കാൻ വേണ്ടി ആയിരം മഞ്ചാടിക്കുരുകൾ അയ്യപ്പൻ ക്ഷേത്രത്തിലേക്ക് നേർച്ച നേരേണ്ടി വന്നുവെന്നും അവരു പറഞ്ഞു. പെണ്ണുങ്ങൾക്ക് അത് മതിയായിരുന്നു. കണ്ണടച്ച് വിശ്വസിക്കാൻ. അന്നൊന്നും ആർക്കും സംശയം തോന്നിയില്ല. അവൾ എവിടെയാണ് ഇത്ര മാസവും അതൊളിപ്പിച്ചത്? അത് പെട്ടന്ന് ഒളിപ്പിക്കാൻ പറ്റിയതല്ലല്ലോ?
ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ തന്നെ അവർ തീരുമാനിച്ചു. ആൺകുട്ടി ആണെങ്കിൽ ഇനി ആകാശത്ത് ആദ്യം പറക്കുക കാക്ക യായിരിക്കും. മാളു പക്ഷക്കാർ പറഞ്ഞു. കാക്ക എപ്പോഴും പറക്കുന്ന ജീവിയാണല്ലോ എന്ന പ്രതീക്ഷയിലായിരുന്നു അവരത് പറഞ്ഞത്. പെൺകുട്ടിയാണെങ്കിൽ ഇനി ആകാശത്ത് ആദ്യം പറക്കുക പ്രാവ് ആയിരിക്കും. ഐശു വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ചിഹ്നമാണല്ലോ പ്രാവ് എന്നാണവർ കണക്കുകൂട്ടിയത്. പക്ഷേ രണ്ട് പേരെയും സ്തബ്ധരാക്കി എവിടെ നിന്നോ പറന്നു വന്ന ഒരു ചെമ്പോത്ത് ആണ് അവർക്ക് കുറുകെ പറന്നത്. അതോടെ ശീബക്കാർ കരഘോഷം മുഴക്കി. വിജയ തേരിലേറി. ഗ്രാമത്തിലൂടെ ഒരു ഘോഷയാത്ര നടത്താൻ അവർ തീരുമാനിച്ചു. യാത്രക്കുള്ള ബാനർ കടയിൽ ഏൽപ്പിക്കാൻ ആളുപോയി. ബാനർ പഴഞ്ചനാണെന്നും ഫ്ളക്സ് തന്നെ വേണമെന്നും ചിലർ വാദിച്ചു. ഗ്രൂപ്പിൽ തന്നെ ചേരി തിരിയുമെന്ന് തോന്നിയപ്പോൾ പാതി ബാനറും പാതി ഫ്ളക്സും ആക്കാം എന്ന് അവർ തീരുമാനിച്ചു.
അതുപറ്റില്ല മുഴുവൻ ഫ്ലക്സ് ആക്കണമെന്നും അല്ലെങ്കിൽ ഫ്ലക്സ് വേണ്ടെന്നും അവർ ഉറച്ചു നിന്നതോടെ ആകെ ബഹളമയം. ശീബ ഗ്രൂപ്പ് ഉടൻ പിരിയുമെന്ന് തോന്നിച്ചെങ്കിലും അവസാനം റാലി മാറ്റി വച്ചതോടെ പ്രശ്നം കെട്ടടങ്ങി.
അപ്പോഴും ആരും റോസിയെ അന്വേഷിച്ചിരുന്നില്ല. ആർക്കും അത് അറിയേണ്ടതില്ലല്ലോ? നവജാതശിശുവിനെ കുറിച്ച് അന്വേഷിച്ചില്ല കേട്ട വാർത്ത സത്യമാണോ എന്നറിയാൻ ഒരേജൻസിയും നിയമിക്കപ്പെട്ടില്ല. ഒരു സിബിഐയും അതേറ്റെടുത്തില്ല. അതൊക്കെ ആർക്കുവേണം. അതിൽ ആർക്കും വലിയ താൽപര്യമൊന്നും തോന്നിയില്ല.
അതിനിടെ മരുന്നു വാങ്ങാൻ കടയിൽ പോയ റോസിയുടെ അച്ഛൻ തിരികെ വരുന്നത് കണ്ടപ്പോൾ ചിരുത ചേച്ചിയൊന്ന് അടുത്തുചെന്ന് ചോദിച്ചു.
"അല്ല ജോസഫ് ഞങ്ങൾ കേട്ടതൊക്കെ സത്യമാണോ? റോസിക്കുട്ടി?"
"അത്"
വളരെ സന്തോഷത്തോടെ ജോസഫ് പറഞ്ഞു. "അതിനു മാത്രം ഒന്നുമില്ല! അവൾക്ക് ഒരവസരം കിട്ടിയപ്പോൾ അവൾ അത് മുതലാക്കി എന്നല്ലേ ഉള്ളൂ, അദിത്ര ആഘോഷിക്കാൻ എന്തിരിക്കുന്നു"
പെണ്ണുങ്ങൾ സ്തബ്ധരായി ഇത്ര ലാഘവത്തോടെ കാണുന്ന അച്ഛനോ? ഇത് കേസ് മറ്റേതാണെന്ന് അയാൾക്കറിയില്ലേ? സംഗതി എവിടെയോ പിടുത്തം വിട്ടു എന്നു മനസ്സിലാക്കിയ പെണ്ണുങ്ങൾ അവരുടെ സംശയം തീർക്കാൻ തീരുമാനിച്ചു.
''കുട്ടി ആണോ അതോ പെണ്ണോ" മാളു വാണ് സംശയം ഉന്നയിച്ചത്. ജോസഫ് മാളുവിനെ ഒന്ന് തറപ്പിച്ചു നോക്കി.
"നിങ്ങൾക്ക് റോസിയെ അറിയില്ലേ? അവൾ ആണാണോ പെണ്ണാണോ എന്നു ചോദിക്കാൻ എന്തിരിക്കുന്നു?"
"അവളല്ല പ്രസവിക്കപ്പെട്ടത് ആണോ അതോ പെണ്ണോ എന്നാണ് ഞങ്ങൾക്കറിയേണ്ടത്"
"എന്താടീ അനാവശ്യം പറയുന്നത് നാവരിഞ്ഞു കാളയും ഞാൻ"
"ഓഹോ നിങ്ങൾക്കനാവശ്യം ചെയ്യാം നമ്മക്ക് പറയാൻ പാടില്ല ഇതെവിടത്തെ ന്യായം"
"എന്താ അവൾ അനാവശ്യം ചെയ്തത്?"
"ഞങ്ങൾ കേട്ടല്ലോ റോസി പ്രസവിച്ചുവെന്ന് "
ചിരിയൊതുക്കി അഛൻ പറഞ്ഞു.
"പ്രസവിച്ചു എന്നല്ല പ്രസംഗിച്ചു എന്നാ പറഞ്ഞത്, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസംഗിച്ച കാര്യമാ. ചിരുതയ്ക്ക് സംഗതി മനസ്സിലായില്ലെങ്കിലും തിരിഞ്ഞുനോക്കിയപ്പോൾ ചുറ്റുപാടും ആളൊഴിഞ്ഞു എന്നു മനസ്സിലായി. സംഗതി എവിടെയോ പാളിയെന്ന് തിരിച്ചറിഞ്ഞ് ചിരുതയും വീട്ടിലേക്ക് നടന്നു.