സ്നേഹമൊരു കുറ്റമാണ്
ഒരു ദൈവത്തോടടുത്തിരുന്ന് മറ്റൊരു ദൈവത്തെ സ്നേഹിക്കുമ്പോൾ!
ദൈവം കോപിക്കും!
പിതാവായ ദൈവം ഒരു കോപ്പ വിഷം നീട്ടും!
ചിരിച്ചു കൊണ്ട് ഞാനതു കഴിക്കണ-
മല്ലെങ്കിൽ കുലം മുടിഞ്ഞൊടുങ്ങും!
ദൈവം കോപിക്കും!!
സ്നേഹത്തിന്റെ മുള്ളുകളാഴ്ന്ന് ഹൃദയം മുറിയുമ്പോൾ
വിശ്വാസത്തിന്റെ മുറിവുകളിൽ ചോരകിനിയും!
ദൈവമേ, നീ മിണ്ടാത്തതെന്തെന്ന് അവൾ ചോദിക്കും
ഞാനാണ് നിന്റെ കൺകണ്ടദൈവ-
മെന്നൊരശരീരി കേൾക്കും!
കുലമഹിമകളുടെ കാവലാൾ!
കുലടകളുടെയന്തകൻ!
കുഞ്ഞായെടുത്തുനൽകിയ ദൈവം, നിന്നെ-
യുടച്ചുനൽകുവാൻചൊന്നു, ഞാനതു ചെയ്താൽ-
സ്വർഗ്ഗമെനിയ്ക്കുണ്ട,നുസരണയാണുസ്നേഹ-
മല്ലെങ്കിൽ, ദൈവം കോപിക്കും!
ഒരു ദൈവത്തോടടുത്തിരുന്ന് മറ്റൊരു ദൈവത്തെ സ്നേഹിക്കുമ്പോൾ!
സ്നേഹമൊരു കുറ്റമാണോ?