ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നവൻ ഞാൻ,
ഉള്ളറിഞ്ഞെന്നും ചിരിക്കുന്നവൻ ഞാൻ.
ഉണ്മകളുള്ളിൽ കൊളുത്തുന്നവൻ ഞാൻ,
ഉള്ളതു നേരുപോൽ ചൊല്ലും ഭ്രാന്തൻ ഞാൻ.
പതിനൊന്നുപേർക്കു സോദരനാണു ഞാൻ,
പലരു,മറിയാതെപോയതുമീ, ഞാൻ.
മോഹങ്ങളിൽ വീഴാത്തൊരുവൻ ഞാൻ,
ഇരവും പകലു,മൊന്നായ്ക്കാണുവോൻ.
വമ്പൻ ശിലകളെ കുന്നിലേക്കേറ്റിയും
താഴേക്കു വീഴ്ത്തിയും രസിക്കുവോൻ ഞാൻ.
നേടാൻ പ്രയത്നവും പോകാനെളുപ്പവും
ചൊല്ലാതെ ചൊല്ലിയ ഭ്രാന്തനുമീ, ഞാൻ.
കൈനീട്ടി നേടിയ അരിയുമെടുത്തു ഞാൻ,
ഒരു ദിനം അഗ്നിയേത്തേടി നടക്കവേ;
ചുടലപ്പറമ്പിലെ പാതിയെരിഞ്ഞൊരാ,
ചിത കണ്ട് ഞാനെൻ കാലിനെ തടഞ്ഞു.
അഗ്നിയെരിക്കാ,നൊരു കനൽക്കൊള്ളിക്കായ്,
ഇവിടെയിരിക്കാം, അരിയും വേവിക്കാം.
ഈ കനൽക്കാറ്റേറ്റു തണുപ്പിനെ മറക്കാം,
ഇവിടെ നിദ്രയെ വിളിച്ചുവരുത്താം.
വിശപ്പിനെയൂട്ടി, തീച്ചൂടേൽക്കവേ,
കേട്ടു ഞാൻ ചിലമ്പിൻ നിസ്വനങ്ങൾ.
തലയോട്ടിമാലകൾ കണ്ഠത്തിൽച്ചാർത്തിയും
ഉടവാളുകൾ കൈകളിലേന്തിയും;
അഗ്നി ജ്വലിക്കും മിഴികളുമായ്,
നിൽപ്പൂ ദേവിയും കൂട്ടരും മുന്നിൽ.
ദേവിക്കു നർത്തനമാടുവാനായ്,
നമ്മോടു മാറുവാൻ മൊഴിഞ്ഞു ഗണങ്ങൾ.
രാത്രിത,ന്നാഴങ്ങളിൽ നിത്യവും ദേവി
വിനോദത്തിനായെഴുന്നെള്ളും.
പൊറുക്കണം നമ്മോടു നിങ്ങളെല്ലാരും
ശീലങ്ങൾ നമുക്കും പതിവുള്ളതാണ്.
അന്നം തിളപ്പിച്ചതെവിടെയാണേലും
അവിടെയുറങ്ങുന്നതാണെൻ ശീലം.
വാക്കുകൾ ധിക്കാരഭാഷയായപ്പോൾ,
ദേവിയോ നമ്മെ ഭയപ്പെടുത്താനൊരുങ്ങി.
ഘോരനാദങ്ങളു,മട്ടഹാസങ്ങളും
നർത്തനങ്ങൾക്കു താളമൊരുക്കി.
ദൃക്സാക്ഷിയായ് നിന്നിട്ടുപോലും,
ഭയമൊന്നുമെന്നിൽ കിളിർത്തതില്ല.
കേവലമൊരു മർത്ത്യനല്ല നാമെന്നു,
ദേവിയന്നേരം തിരിച്ചറിഞ്ഞു.
ആരു നീ, വത്സായെന്ന ചോദ്യത്തിനു,
ഭ്രാന്തനാണെന്നൊരു മറുപടിയോതി ഞാൻ.
സംപ്രീതയാം ദേവിയന്നേരം,
വരമൊന്നു ചോദിക്കുവാനായ് കെഞ്ചി.
മണ്ണിലെ നാളുകളിലേ,ക്കൊന്നു ചേർക്കുവാൻ,
സ്മിതത്തോടെ ഞാനുമൊരു യാചന നിരത്തി.
പ്രാണന്റെ നാളുകൾ കൂട്ടുവാനായ്,
പ്രാപ്തയല്ലെന്നു ദേവിയരുളി.
മറ്റൊരു വരമൊന്നു ചോദിക്കുവാൻ,
പിന്നെയും ദേവി നമ്മോടു കെഞ്ചി.
കൂട്ടാൻ കഴിയുകയില്ലെങ്കി,ലതിൽ
നിന്നൊന്നു, കുറച്ചാൽ മതിയെന്നു ഞാനും.
പിന്നെയും ദേവി പ്രയാസമോടെ,
കഴിയില്ലെന്നൊരുത്തരം നൽകി.
കാലക്കണക്കുകൾ മാറ്റുവാനാർക്കും
കഴിയില്ലയെന്നതു നിത്യസത്യം.
മറ്റൊരു വരമൊന്നു നൽകുവാനായ്,
തുടിക്കയാണു തൻ മനമെന്നും ചൊല്ലി.
വലതുകാലിൻ ഭാരമൊന്ന്,
ഇടതിലേ,ക്കാക്കിയാൽ ഞാൻ ധന്യനാകും.
ഇടതുകാലിൻ പരാതികൾക്കേട്ടു ഞാൻ,
ദുഃഖിതനാണെന്ന കാര്യമറിഞ്ഞാലും.
ദേവിതൻ വദനം പൂർണേന്ദുവായി,
എൻ വലതുകാലിൻ ഭാരവും കുറഞ്ഞു.
അഭിമാനത്തോടെയെ,ന്നിടതുകാല്,
വലതിനോടെന്തോ രഹസ്യം പറഞ്ഞു.