(O.F.Pailly)
ഈവഴിത്താരയിലീണം പകർന്നു നിൻ,
സ്നേഹസംഗമം തീർത്തിടുന്നു.
തളരുന്നകരങ്ങൾ കോർത്തൊരുക്കുന്നു,
നീർമണിമുത്തിനാൽ സ്നേഹമാല്യം.
ചെറുപുഞ്ചിരിയിൽ നറുതേൻപകർന്നു,
തഴുകുന്നു നീയെൻ ജീവിതത്തെ.
അനുദിനമെന്നെ വഴി നടത്തുന്നു നിൻ,
ദിവ്യദീപ്തിതൻ രശ്മിയാലെ.
വിടരുന്ന പൂക്കളിൽ നറുമണമേകി നിൻ,
നിറവാർന്ന സൗരഭ്യമൊരുക്കിടുന്നു.
ജീവജലത്തിനായ് അലയുന്നനേരം,
തെളിനീർക്കണമായ് നീയണഞ്ഞു.
തുറന്നീടണേ നിൻ തിരുഹൃദയമെന്നും,
തിങ്ങുന്ന ശോകങ്ങളേറ്റെടുക്കാൻ.
മൺവീണ മീട്ടി പാടുന്നു ഞാനെൻ,
മതിവരാത്ത നിൻ സ്തോത്രഗീതം.
കരുണാർദ്രമാം നിൻ കരങ്ങളിലെന്നെ,
കളിമൺപ്രതിമയായ് നൽകിടുന്നു.