(Asokan VK)
വെട്ടം തെളിയുന്നതിൻ മുമ്പേ
തിരോന്തരം മ്യൂസിയം പരിസരത്തെ
ചെറിയ കടയിൽനിന്നും ഒരു കട്ടൻ കാപ്പി
ഇച്ചിരി കാപ്പിപൊടിയും ഇച്ചിരി പഞ്ചാരയും
സമാസമം ചേർത്ത നല്ല ചൂടുള്ള…
പോലീസ് ഏമാൻമാർ വരെ
ഊതിയൂതി കുടിക്കുന്ന കട്ടൻ കാപ്പി
കട്ടനടിച്ച ഉന്മേഷത്തിൽ മഞ്ഞുപൊഴിയുന്ന
മലയോര വഴിയിലൂടെ, വെറുതെ ചീറിപാഞ്ഞു
പ്രഭാത ഭക്ഷണം വിതുരയിൽ നിന്നായിരുന്നു
നല്ല കട്ടിയുള്ള ദോശയും കിഴങ്ങു കറിയും
സോമനണ്ണനും തങ്കപ്പണ്ണനും ബോണക്കാട് ശശിയും
സ്ഥിരമായി ദോശകള് കഴിക്കണ മാമന്റെ കട
ഓ..... പൊളപ്പൻ ദോശ, കിടിലൻ ചായ
നെടുമങ്ങാട് ചോയിച്ചാ പോലും മാമന്റെ കട അറിയാം
ഉച്ചയൂണ് കൊച്ചിയിൽ പനിനീർ പന്തലിൽ...
പൂ പോലുള്ള ചോറ്, തലക്കറി, ഇറച്ചി -
പല തരം വറുത്തത്, പൊരിച്ചത്, കറി വെച്ചത്
നാവ് തൊട്ട് കുടൽ വരെ എരിഞ്ഞപ്പോൾ
മൺകലത്തിൽ തെളിനീര്...ഓ൦ ശാന്തി ഓശാന
ശക്തൻ തമ്പുരാന്റെ നാട്ടിൽ നിന്നാണ്
ചെറു കടികളും, ചായയും രുചിച്ചത്
രാത്രി കാസർകോട്ടെത്തി
നല്ല പതം വന്ന, പഞ്ഞി പോലുള്ള പറോട്ട,
ഇറച്ചി കറിയിൽ മുക്കിയും മുക്കാതെയും കഴിച്ചു
നാളത്തെ മടക്ക യാത്രയിൽ കണ്ണുര്,
വടകര, വയനാട്, മലപ്പുറം, മണ്ണുത്തി
പാലക്കാട്, വാളയാർ ഹോട്ടലുകൾ
പരിചയപെടുത്താമെന്ന് സഞ്ചരിക്കുന്ന,
കൊതി പരത്തുന്ന ബ്ലോഗ്ഗർമാർ ...
അതിവേഗ പാതകളുടെ അനിവാര്യത
ഭരണകൂടങ്ങൾ എന്നും ചിന്തിക്കുന്നു
തെക്ക് തൊട്ട് വടക്ക് വരെ തിന്നണമെന്ന
കൊതി ബ്ലോഗ്ഗർമാരുടെ മാത്രം കുത്തകയല്ലല്ലോ
ആവി പറക്കുന്ന ഭക്ഷണം വെള്ളമിറക്കി
കണ്ടിരിക്കുന്നത് പോലെ,അതിവേഗ സഞ്ചാരവും
പ്രജകൾ കാത്തിരിക്കും എന്ന വിശ്വാസം....
വിശ്വാസം...അതാണല്ലോ എല്ലാം...