(Prasad Kuttikode)
രാമ, നമുക്കിക്കവാടം തുറക്കാം,
അയോദ്ധ്യയിലെത്താം
യുദ്ധമില്ലാത്ത രാജ്യം ഗ്രഹിക്കാം....
അവിടിപ്പോൾ ജനങ്ങൾ
ജീവത്സുഖോരഥത്തിലായിരിയ്ക്കും
അവരിപ്പോൾ രാമനാമത്തില-
ന്യോന്യമെതിരേൽക്കയായിരിയ്ക്കും.
മലർക്കെത്തുറക്കുന്നയോദ്ധ്യാകവാടം,
ദൂരെ, മരണമകുടിതൻ ശബ്ദം
നെഞ്ചുനീറ്റുന്നു ലക്ഷ്മണൻ....
രാമ, മിഴികളിലുന്നിദ്രമാളുന്നനോവും
മടിത്തട്ടിലൊരു കുഞ്ഞിൻ്റെ ജഡവു-
മായിരിക്കുന്നൊരമ്മയെക്കണ്ടുവോ?
അമ്മയുടെ മിഴികളിലൂറുന്ന ദൈന്യം കണ്ടുവോ?
നമുക്കിപ്പാതയ്ക്കപ്പുറം ചെല്ലാം,
സരയുവിന്നാഴങ്ങളിൽനിന്നും
ആമത്തിലടവച്ച ദാഹംക്കെടുത്താം....
നദിക്കരയിലെ നിണപ്പാടുകൾക്കണ്ടുവോ?
രക്തവർണ്ണാങ്കിതയാം സരയു-
വിലൊഴുകും കബന്ധങ്ങൾക്കണ്ടുവോ?
വരിക നീയീയനുജൻ്റെ കൂടെ
വനാന്തരങ്ങളുടെയുൾക്കാഴ്ച്ചകൾ കാണാം
മാന്തോൽവിരിച്ചുനാമന്തിചാഞ്ഞ
മരച്ചോട്ടിൽ തണലേറ്റിരിയ്ക്കാം
പതിനാലുസംവത്സരം നാമുണ്ട
തേനും,കനിയും നുകരാം
നാം കൊണ്ട മഴയും വെയിലുമേൽക്കാം....
കായും, കനിയുമില്ലെന്നോ?
സൗഗന്ധികപ്പൂക്കളുടെ ഞെട്ടറ്റുവോ?
മാമരങ്ങൾ നിലംപ്പൊത്തിയോ?
കാട്ടരുവിയുടെ കരളറുത്തുവോ?
മഴയിലണുപ്രഹരം വെയിലിനു തീച്ചൂട്.
നമുക്കിനിയും നടക്കാം
വനാതിർത്തികൾ താണ്ടാം,
രാജ്യസ്പന്ദനമുയരും ഗ്രാമത്തിലെത്താം,
അവിടെ വിളയും വിളകളിൽ
നട്ടുനനച്ച പ്രതീക്ഷകൾ കാണാം....
മരക്കൊമ്പിലാടുകയാണന്നദാതാക്കൾ
താഴെ, കടത്തെയ്യങ്ങൾ ചെണ്ടകൊട്ടുന്നു
അവരുടെയതിജീവനപ്പാതയിൽ
ശകടങ്ങൾ ജീവൻപൊലിക്കുന്നതും
തോക്കു തീത്തുപ്പുന്നതും
അന്നമൂട്ടിയോരന്ത്യശ്വാസംവലിപ്പതും കണ്ടുവോ?
വിശപ്പു തളംകെട്ടി ഭൂതകാലത്തിൻ്റെ
ഇരുണ്ടകിണറുകൾപ്പോലുള്ളിലേക്കാഴ്ന്ന
പിഞ്ചുദൃഷ്ടിയിലുറയുന്ന നൊമ്പരം കണ്ടുവോ?
രാമ, നോക്കനീയ്യക്ഷേത്രനടയിൽ
ഒരുബാലികയുടെ ശവംകൊത്തുന്നു,
അധികാരത്തിൻ പിൻപ്പറ്റിയ കഴുകുകൾ.
നോക്കൂ, നഗരമധ്യത്തിലവർ
വസുധയുടെയുടയാടയുരിയുന്നു....
രാമ, ചിതലരിച്ചഭൂതകാലക്കുളിർമയി -
ലുറങ്ങാതുണരൂ, രാമരാജ്യം നയിക്കൂ....
രാമമിഴികളിലഗ്നി തെളിയുന്നൂ....
രാമമൊഴികളിൽ ദിക്കുകൾ ഞെട്ടുന്നൂ....
അധികാരമെന്തിന്ന് മനുഷ്യത്വമറ്റാൽ
ഭരണകർത്താക്കളെന്തിന്ന് ജനഹിതം മറന്നാൽ..
യാഗാശ്വമെവിടെ? ദ്വിഗ് വിജയം നടത്താം
കിരാതരിൽ നിന്നീരാജ്യം പിടിക്കാ-
മിവിടുത്തെ ജനതയ്ക്കുനൽകാം.
കാഷായമല്ലെൻ പടച്ചട്ടയെവിടെ?
പണ്ടു ഞാൻ, നിർബാധം ദൂരെയെറിഞ്ഞൊ-
രെൻ കോദണ്ഡമെവിടെ?
എടുക്കാം തൊടുക്കാം ശിരസ്സറുക്കാം
ആഗ്നേയാസ്ത്രമെവിടെ?യാ
ഭരണകേന്ദ്രം ചുട്ടുചാമ്പലാക്കാം....
പുതിയൊരു രാജ്യം പണിയാം....
അധികാര രേതസ്സുസ്ഖലിക്കാത്ത രാജ്യം
ദുരാത്മാക്കളുറഞ്ഞുത്തുള്ളാത്ത രാജ്യം
ദുരാഗ്രഹവിത്തുകൾ പാകാത്ത രാജ്യം
സ്ത്രീത്വം തെരുവിൽ പടംപ്പൊഴിക്കാത്ത രാജ്യം.
അതിരുകളറ്റുപോകുമ്പൊഴവിടെ
നമ്മിലൊന്നെന്ന തോന്നൽ പിറക്കും
പലതെന്ന ഭാവം മരിക്കും.