പറമ്പിലെ ശീമക്കൊന്ന
പിന്നെയും പൂവിട്ടിരിക്കുന്നു
ചെമ്പരത്തി വേലികൾക്ക് മീതേ
കനിവിൻ്റെ
ഇളം പൂക്കുലകളുതിർക്കുന്നു
ഇങ്ങേപ്പറമ്പിൻ്റെയോരം നടന്നിട്ട്
എൻ്റെ കുഞ്ഞമ്മു
അതിരിൻ്റെ പര്യായം തേടുന്നു
അതിർത്തി, വാര,
വേലി, സീമ..
വാര, അതിർത്തി,
വേലി, സീമ..
മുറവിളി കൂട്ടിഞാൻ
മുറ്റത്തേക്കോടുന്നു
പതുക്കെയെൻ്റമ്മൂ.. പതുക്കെ
എന്തമ്മാ?
സീമയുടെ അർത്ഥമറിഞ്ഞിനി-
യെൻ്റെ ശീമക്കൊന്ന
പൂക്കാതെ പോയാലോ..
ചാമ്പക്ക നിറമുള്ള പൂക്കളിനി
ചാണകമുറ്റത്ത്
കോലം വരയ്ക്കാതിരുന്നെങ്കിലോ..
തൻപേരിനിയുമറിയാ-
തെനിക്കുമൊരു
ശീമക്കൊന്നപോൽ
പൂക്കാൻ കഴിഞ്ഞെങ്കിൽ..
കുഞ്ഞമ്മൂ,
അക്ഷരത്തിൻ്റെ അർത്ഥമറിയാതെ
മനുഷ്യത്വം കലരാതെയും
ഇങ്ങനെ..
ഇങ്ങനെമാത്രം..
പറമ്പിലെ ശീമക്കൊന്ന
പിന്നെയും പൂവിട്ടിരിക്കുന്നു..