നീ മഴ നനയുമ്പോഴെല്ലാം
ഞാനാണല്ലോ പനിച്ചുണരുന്നത്
കുന്നിൽ നിന്നും കുന്നിലേക്കു നീയിങ്ങനെ തെന്നിയോടുമ്പോൾ
ഉള്ളിലാന്തലായ് ഞാനല്ലോ വീണു പോവുന്നത്.
നീയിങ്ങനെ മഞ്ഞുകൊള്ളുമ്പോൾ
എന്റെ യുടലിലാണല്ലോ കുളിർക്കുരുവികൾ കൂടുകൂട്ടുന്നത്
നീയിങ്ങനെ വെയിൽ പുതക്കുമ്പോഴെല്ലാം
എന്റെയുടലാണല്ലോ ചുട്ടുപൊളളുന്നത്
തിരയ്ക്കൊപ്പം നീ നടക്കുമ്പോൾ
തീരത്തിരുന്നയെന്റെ കാല്പാദങ്ങളും നനയുന്നു
ചുമന്നത് നീയായിരുന്നിട്ടും
ഭാരം കൊണ്ടെന്റെ ശിരസ്സാണല്ലോ കുനിഞ്ഞു പോയത്
അസ്ത്രമേറ്റത് നിനക്കായിരുന്നിട്ടും
ചോരയിറ്റിയതെന്റെയാണ്
നീ ശിശിരമേൽക്കുമ്പോഴെല്ലാം
എന്റെ ചില്ലകളാണല്ലോ കൊഴിയുന്നത്
എന്നിട്ടുമൊടുക്കം പ്രണയത്തിന്റെ പുഴ കടക്കുമ്പോൾ
നമ്മൾ രണ്ടാളും മുങ്ങി മരിക്കുക തന്നെ ചെയ്തു !