(T V Sreedevi )
പടിഞ്ഞാറേ ചക്രവാളസീമയി-
ലൊരു പകലെ-രിഞ്ഞടങ്ങുന്നൂ ,സൂര്യൻ വിടചൊല്ലുകയായി.
പകൽമുഴുവനും കത്തിജ്വലിച്ചു പ്രപഞ്ചത്തിൻ രാജാവായൊരു പകൽ,വാണൊരു ദിനകരൻ
ചെങ്കോലും കിരീടവുമഴിച്ചു സന്ധ്യക്കേകി രാത്രിക്ക് നൽകാനായി, യാത്രചൊല്ലുകയായീ.
കുങ്കുമ വർണ്ണം പൂശിയൊരുങ്ങി നിൽക്കും സന്ധ്യാ സുന്ദരിക്കൊരു മുത്തംകൊടുത്തൂ പൂങ്കവിളിൽ,
പിന്നെ മേല്ലവേ കാതിൽ മന്ത്രിച്ചൂ..,"പോയി വരട്ടേ..., പ്രിയസഖീ..."
"ഇത്തിരി വെളിച്ചെവുമായി കാത്തുനിൽക്കൂ,കൂടണയട്ടെപക്ഷിജാലങ്ങൾ പതിവുപോൽ."
"ഞാനെന്റെ ശ്വേതവസ്ത്രമഴിച്ചു മാറ്റിയിട്ടു നീരാടി വരാമിനി, ആകെ ഞാനവശനായ്."
ഒരു പകൽ മുഴുവനും രാജാവായ് വാണ,സൂര്യൻ വിട ചൊല്ലവേ പകലെരിഞ്ഞടങ്ങുകയായീ.
പകൽ വാണ തമ്പുരാൻ യാത്ര ചൊല്ലവേ, മൂകമായ് നോക്കിനിന്നൂ സന്ധ്യാ ദേവിയും വിഷാദത്താൽ.
ദീപ്തമാം കിരണങ്ങൾ ചെഞ്ചായം പുരട്ടിയ പശ്ചിമാംബരത്തിന്റെ കോണിലേക്കെത്തീ ദേവൻ,
ആഴിയിൽ മുങ്ങിത്താണു നീരാട്ടിനൊരുങ്ങുമ്പോൾ,
സാക്ഷിയാകുവാനെത്തീ ഉഡുകന്യകമാരും ചന്ദ്രലേഖയും വാനിൽ.