ഫെറി കടന്ന്
രണ്ടു സുഹ്യത്തുക്കള്‍
ദ്വീപിലെ തീവണ്ടിആഫീസ് കാണാന്‍ പോയി.
മരിച്ചു കിടക്കുന്ന റെയില്‍പ്പാളങ്ങളുടെ
സമാനതയും സമാന്തരങ്ങളും കണ്ടു.
ആരൊക്കെയോ നെടുകെയും കുറുകെയും നടന്നു തേഞ്ഞ
തടിക്കഷണങ്ങളാദ്യം ചിതലെടുത്തു,
മണ്ണു വന്ന് മൂടി.
ആകാശം മഴയനുസ്യൂതം നല്‍കി
പുല്ലും പുല്ലാനിപൊന്തകളും വളര്‍ത്തി.
പടരുന്ന മുള്‍പ്പടര്‍പ്പുകളില്‍
പേരറിയാത്ത പുഷ്പങ്ങള്‍
നീളെ വിടര്‍ന്നു നിന്നു.
ആളില്ലാതെ തുരുമ്പെടുത്ത ചാരുബഞ്ചുകളില്‍ നിന്നും പക്ഷികള്‍
പ്ളാറ്റ്ഫോമിനരികിലെ പടുകൂറ്റന്‍ വാകമരങ്ങളിലേക്ക് അന്തിക്ക് ചെക്കേറി.
ശൂന്യമായ ടിക്കറ്റ് കൗണ്ടറും
കമ്പിത്തൂണില്‍ തൂങ്ങിക്കിടന്ന
അനാഥമായ തപാല്‍പ്പെട്ടിയും
അക്ഷരങ്ങള്‍ മാഞ്ഞ
സമയവിവരപട്ടികയും
പ്രവര്‍ത്തനം നിലച്ച വലിയ ഘടികാരവും
ഉപേക്ഷിക്കപ്പെട്ട ബോഗികളും
ഒരു നിശ്ശബ്ദ ഛായാചിത്രം വരച്ചു.
യാത്ര പറഞ്ഞു പോയവരും
വന്നിറങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
നിലച്ചു പോയ തീവണ്ടിചക്രങ്ങളുടെ
ഇരമ്പങ്ങള്‍ക്കൊപ്പം
അകാലത്തില്‍ പാളങ്ങളില്‍ പൊലിഞ്ഞവരുടെ ദുഃഖകഥകളും
മൗനമായി പങ്കു വച്ചു.
ഇനി ഒരിക്കലും വരാത്ത,
ഒന്നാം പാഠത്തില്‍ പഠിച്ച
കുവി വിളിച്ചോടി വരുന്ന ഒരു
തീവണ്ടിയുടെ ചിത്രമോര്‍ത്ത്
മങ്ങിത്താഴുന്ന സന്ധ്യാപ്രകാശത്തില്‍
ഒഴിഞ്ഞ ചാരുബെഞ്ചില്‍ തളര്‍ന്ന്
മൂകരായി അവര്‍ എന്തോ ഓര്‍ത്തിരുന്നു.
എന്തൊക്കയോ ഇനിയും പറയാനെന്നോണം
ഒരു, ഇളംതെന്നലവിടെയപ്പോഴും
ചുറ്റിയടിക്കുന്നുണ്ടായിരുന്നു.