അന്നു മാനമിരുണ്ടു കവിഞ്ഞു
അകലെ മാനത്തു മിന്നൽ പുളഞ്ഞു
അലറി വീശുന്ന കാറ്റിനു പിന്നാലെ
ആർത്തിരമ്പി പെയ്യുന്നു മേഘം.
എൻകുടിലിലെ മൺചിരാതൊന്നിൽ
കാറ്റു തോണ്ടിപ്പറിക്കുന്നു നാളം.
മൃത്യു തോണ്ടിപ്പറിക്കുന്നപോലന്നു
പ്രാണസങ്കടം കണ്ടു ഞാനച്ഛനിൽ.
കീഴടക്കാൻ കഴിയാത്ത വ്യാധിയായ്
ചൂഴ്ന്നുനിന്ന പ്രമേഹക്കെടുതിയിൽ,
തേടിടേണം വിദഗ്ദ്ധൗഷദമുടൻ
കൂട്ടിലാക്കിളി ശാന്തമായീടുവാൻ.
ശൂന്യമെൻ മടിശീല, അകലെയാ
ആതുരാലയം എങ്ങനെ എത്തിടും?
ശകടമൊന്നു വിളിക്കണം വൈകിടാ-
തവിടെ എത്തുമാറകണം നിശ്ചയം.
'"വേണ്ട ഇപ്പോളീരാത്രിയിൽ യാത്ര,
പോയിടാം നാളെ പുലർകാലേതന്നേ.
ഒട്ടു നേരം ഉറങ്ങിക്കഴിഞ്ഞാൽ സഹ്യ-
മായിടും കുഞ്ഞേ എൻ വേദന."
അച്ഛനൗവണ്ണമോതി എന്നോട്,
വേദനാഹാരി ഒന്നു വിഴുങ്ങി
പുല്ലുപായ വിരിച്ചിട്ട ശയ്യയിൽ
കേവലനിദ്ര പൂകാൻ കിടന്നു.
അന്നു രാത്രി ഉറങ്ങിയതില്ല ഞാൻ
തോറ്റുപോയ പടയാളിയാണു ഞാൻ
കാത്തുവയ്ക്കുവനായതില്ലെന്റെ ഈ
തുശ്ച വേതനം അന്നത്തിനല്ലാതെ .
ആറുദരത്തീ കഷ്ടി അണച്ചിടാൻ
മാടു പോലെ വേല ചെയ്യുന്നു ഞാൻ.
രണ്ടരപതിറ്റാണ്ടു വേലയിൽ
മിച്ചമില്ലെന്റെ കൈവശമൊന്നുമേ.
ഇത്തിരി ക്കൂലികൂട്ടി തന്നീടാൻ
ഉടമയന്നു കനിവു കാട്ടീല്ല.
ദയ വെടിയാതെ എങ്ങനെ ധനികർ
കോശവിസ്ത്രിതി പുഷ്ടിപ്പെടുത്തും!
ജീവിതം പോലിരുണ്ടു കിടക്കുന്നു
ജാലക പഴുതിന്നു മപ്പുറം.
നിർത്തിടാതെ ചിലച്ച ചീവീടുകൾ
മേഘഗർജ്ജനം കേട്ടു ശാന്തരായ്.
"പുലരുവാനില്ല നേരമധികം
മഴയൊരല്പം നേർത്തു തുടങ്ങി.
ശകടമൊന്നിതാ വന്നു മുറ്റത്ത്,
പോയിടാം ഇനി വൈകിടേണ്ടച്ഛാ"
ധൃതിയിൽ യാത്രയാകുന്ന നേരമെൻ
കരതലത്തിൽവെച്ചു നൽകുന്നു
ആയിരത്തിൻ ആറെട്ടു നോട്ടുകൾ
മങ്ങിയ ചിരി തേച്ചോരു ചുണ്ടുമായ് .
സന്ദർശകർ തലയിണക്കീഴെ
വെച്ചുനൽകിയ കാരുണ്യമിന്നെന്റെ
വേവലാതി നിറഞ്ഞൊരു ചിത്ത-
ത്തിനേകിടുന്നോ പാരാജിത ബോധം?