(Sohan KP)
കരിയിലകള്‍ പാകിയ
വിജനവീടിന്‍ മുറ്റം.
ഇടയിലതിഥിയായെത്തും
ചെറു ചുഴലിന്‍ കാറ്റിന്‍
വിക്യതിയിലീ ഇലകളൊന്നിച്ച്
ഉയര്‍ന്നു പൊങ്ങി സ്വയം
വട്ടം കറങ്ങി നടനം ചെയ്താ
കോണില്‍ നില്‍ക്കും
നാട്ടുമാവിന്‍ ചുവട്ടിലൊന്നിച്ച്
ഒരു കൂമ്പാരമായി കൂടുന്നു
നൊമ്പരപ്പെടുന്ന ഓര്‍മ്മകള്‍
പങ്കു വയ്ക്കുന്നു.
ഒരു ദിനം ചെറുമയക്കത്തില്‍
ഞെട്ടറ്റു മണ്ണില്‍ പതിച്ച്
എങ്ങുനിന്നോ എങ്ങനെയോ
ഈ മുറ്റത്തെത്തിയ കുഞ്ഞില
സ്വന്തം മാതാവിന്‍ മടിയിലേക്ക്
ഏതോ പേരറിയാ വ്യക്ഷത്തിന്‍
ചെറു ശിഖരങ്ങളിലേക്ക് ഒരു
മടക്ക യാത്ര സ്വപ്നം കാണുന്നു.
മാനത്ത് വീണ്ടും കരിമേഘങ്ങള്‍
അണി ചേരുന്നു.
പുത്തന്‍ കുളിര്‍ കാറ്റിനൊപ്പം
ഒരു പുനര്‍ജന്‍മത്തിന്‍ ലക്ഷ്യം തേടി
സഞ്ചാരം തുടരുന്ന ഇലയുടെ വിഫലമോഹങ്ങള്‍
കണ്ണീര്‍മഴയായി പെയ്യുന്നു.