പാർവ്വതീ ഹിമശൈലനന്ദിനി
പാരിലെ പ്രണയപൂർണ്ണ സ്വരൂപിണീ
പാതിദേഹം പകുത്തു നീയേകി എൻ
പ്രാണനിൽ കുടികൊള്ളുമീശ്വരീ.
ദേവഗംഗയേ ചൂടി ഞാൻ ശുദ്ധനായ്,
ഇന്ദു പുഷ്പം ജഢയിൽ തിരുകി ഞാൻ
വന്നിതാ നിൻ ജപലീന സന്ധ്യതൻ
പടികട,ന്നീ ഭണിവള ധാരി ഞാൻ.
രാഗകോകിലേ നിൻ ജന്മവാണി കേട്ടാ-
ഗമിച്ചു ഞാനാനന്ദ ചിത്തനായ്
വേഗവേഗം മിഴിതുറന്നീ പാതി
പ്രാണനെ സ്വീകരിച്ചീടുക.
നിന്നഭാവമണച്ച പ്രണയമൊക്കെയും
മിഴിതുറക്കട്ടെ പ്രപഞ്ച വീഥിയിൽ.
നിന്നസാന്നിദ്ധ്യം തടഞ്ഞ പുഴകളൊക്കയും
ഒഴുകി അലിയട്ടെ സാഗരങ്ങളിൽ.
ധ്യാനമുക്തം മിഴിതുറന്നീടുക, പാരിലെ
ശോകഭാരം വെടിയുവാനോമലേ.
ആവതില്ല തടുക്കുവാൻ ക്ഷോണിൽ
കൂടൊരുക്കും കൊടും കാറ്റിനേ സഖീ.
ദക്ഷയാഗപ്പുര തീർത്തു ഊഴിയിൽ,
നേരെരിയുന്നു ഹോമകുണ്ഡങ്ങളിൽ,
രക്ത ബീജപുനർജന്മ കേളിയിൽ,
കഠിനതപം വെടിയാത്തതെന്തു നീ.