സൂര്യനോടു ചോദിച്ചു,
കാറ്റിനോടു ചോദിച്ചു,
പകലിനോടും ഇരുട്ടിനോടും ചോദിച്ചു,
"അകലെക്കാണുന്നത്
പ്രഭാതത്തിന്റെ അരുണിമയാണോ?"
അവരൊരേ സ്വരത്തിൽ പറഞ്ഞു
"അത് പ്രഭാതമാണ്
ശുഭസുപ്രഭാതം!"
ഞാനതേറ്റു പറഞ്ഞു:
"അതാ, സൂര്യനുദിക്കുന്നു
നമുടെ ഇരുട്ടു മാറുന്നു."
ജനം അലറി, "ഈ ഭ്രാന്തനെ കുരിശേറ്റണം,
ഈ നുണയനെ ഇരുമ്പാണിയിൽ തൂക്കണം!
അതു പുലർവെട്ടമല്ല
ആളിപ്പടരുന്ന കാട്ടുതീയാണ്!
നുണ പറയാനാണോ ഞാൻ നിങ്ങളോട്
ഒരായിരം തവണ ചോദിച്ചു:
അതു പ്രഭാതത്തിന്റെ അരുണിമയോ, എന്ന്.
നിങ്ങളാണ് നുണപറഞ്ഞത്,
അതു പുലർവെട്ടമാണെന്ന്,
ഞാനത് വിളിച്ചു പറഞ്ഞു!
കാണികളും കേൾവിക്കാരും എന്നെ നുണയനെന്ന് മുദ്രകുത്തി!
ഉമിത്തീയിൽ വീണ മനസ്സ് നീറി ദഹിക്കുന്നു, കാരണം ചെയ്യാത്ത കുറ്റത്തിന് സമൂഹത്തിനു മുമ്പിൽ പരിഹാസപാത്രമായിരിക്കുന്നു!
സീസറിന്റെ മുറിപ്പാടുകളെ നോക്കി മാർക്ക് ആന്റണി ചോദിച്ച ചോദ്യം ചെവിയിൽ മുഴങ്ങുന്നു:
"WAS CAESAR AMBITIOUS?"
"WAS CAESAR AMBITIOUS?"
"WAS CAESAR AMBITIOUS?"