യമുനയുടെ കല്‍പ്പടവുകളില്‍ നമുക്കിരിക്കാം
യദുകുലനാഥനെ സ്മരിക്കാം
കാര്‍മേഘയവനിക മെല്ലെയകലുന്നു
വാനില്‍ തിളങ്ങും പനിമതിബിംബമുദിച്ചുയരുന്നു.
ഉദാത്തം മധുരസംഗീതമായ് മാനത്തിന്‍
മണിമുറ്റത്തിതാ
മധുനിലാവ് മഴയായ് പൊഴിയുന്നു
പ്രകാശരേണുക്കളായ് വെണ്‍പ്രഭാപൂരമായ്
ഹിമഗിരിശ്യംഗങ്ങളില്‍, താഴ്വരകളില്‍
കതിരണിയും സുന്ദരവയലേലകളില്‍
പുഴയുടെ പുളിനങ്ങളില്‍ വനാന്തരങ്ങളില്‍
ചന്ദ്രിക കുളിരായ് പരന്നൊഴുകുന്നു.
നദിയുടെയോളങ്ങള്‍ പാദങ്ങളെ തഴുകുമ്പോള്‍
നിശ്ചലം ശൂന്യമാമീയേകാന്തരാവിന്‍ യാമങ്ങളിലെവിടെയോ കോലക്കുഴലിന്‍
അഭൗമസംഗീതം,കാളിന്ദി പുളിനങ്ങള്‍
മനസ്സിലേക്കോടിയെത്തുന്നു.
കാലിലെ കിങ്ങിണിക്കൊലുസുകൾ കിലുങ്ങുന്നുണ്ടതി
നൊത്തിളംതെന്നലിൽ താളം പിടിക്കുന്നുണ്ടീ
തുളസീവനമാലിലക്കൂട്ടങ്ങള്‍
കടും മഞ്ഞപ്പട്ടുടുപ്പിക്കാനാണീ
കണിക്കൊന്ന നിറയെ
പൂക്കൾ വിടർന്നു കൊഴിയുന്നത്.
മലർ മേനിയുടെ ശോഭ കണ്ടാ
മേഘവെൺമ ശ്യാമവർണ്ണം തേടുന്നത്.
മുളംകൂട്ടങ്ങളിൽനിന്നാരവമുയരുന്നു
നനവു തോർന്നുയർത്തിക്കെട്ടും കൂന്തൽ ചൂടുവാൻ,മയിലുകൾ
പീലി വിടർത്തിക്കൊഴിക്കുന്നു
കണ്ണെഴുതിക്കാനഞ്ജനക്കല്ല്
താനേ തേയുന്നു.വനമാല കൊരുക്കുവാൻ വൈജയന്തി പ്പൂക്കൾ,മത്സരിക്കുന്നുവോ,
അരഞ്ഞാണമുത്തിൻ നിര പോൽ
അരിമുല്ല പൂക്കുന്നു.പ്രകാശം ചൊരിയുന്നു.
അന്തരീക്ഷത്തിൽ നീന്തും കാറ്റിൽ
ഒരു കസ്തൂരി ഗന്ധം പടരുന്നു.
നിർഗുണമപൂർവ്വ നിമിഷത്തിൻ
ഏകാഗ്രധന്യതയിലന്തരാളത്തിൻ മനക്കണ്ണുകളിൽ,
പ്രാർത്ഥനാ ഭദ്രദീപത്തിൻ,
അഞ്ചു തിരികളോരാന്നായി തെളിയുന്നു.