നീർവീഴ്ചയാറ്റും കുഴമ്പിൻനറുമണം,
അറിയുന്നിടയ്ക്കിടെ, പാതിനിദ്രയ്ക്കിടെ,
അറിയുന്നദൃശ്യമായ്,ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ,അരികിലല്ലെങ്കിലും.
അവധി കഴിഞ്ഞു തിരിച്ചുപോരുമ്പോഴെൻ
അരികിൽ വിതുംമ്പൽ മറയ്ക്കാൻ പണിപ്പെട്ട്
ചൊടികളെ ചിരികൊണ്ടു മായം പുരട്ടി ,
ശൈത്യം ചെറുക്കാനെനിക്കേകിയ
പുതപ്പിൽ മുഖം ചേർക്കവേ
അറിയുന്നദൃശ്യമായ്,ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ,അരികിലല്ലെങ്കിലും.
അച്ഛന്റെ ഓർമ്മയും ചാമ്പലും ചേർന്നൊരാ
മണ്ണിന്നു കാവലിരുന്നു ജപിച്ചു തീരുന്നൊരാ
പുണ്യജന്മത്തെ സ്മരിക്കുമീ
നിർനിദ്രരാത്രിതൻ ശൂന്യാന്തരങ്ങളിൽ,
അറിയുന്നദൃശ്യമായ്,ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ,അരികിലല്ലെങ്കിലും.
അടിവയറിന്നുലയിൽ ഉരുവമായ്,
മുന്നിലെ കനൽവഴി കാണാതെ നിറമാറുനുകർന്നതും,
മെയ്യിളം ചൂടിൽ സുഖദം വളർന്നതും,
വിട പറയാതെ ബാല്യകൗമാരങ്ങൾ പറന്നുപോയതും,
യൗവന ശേഷിപ്പിൽ കൊടിയദാരിദ്ര്യ ഭാണ്ഡവും
പേറി തൊഴിലു തേടി മറു നാട്ടിൽ വന്നതും,
മത്സരിച്ചെന്റെ നിദ്രകെടുത്തവേ,
അഭമായ് ആ തിരുഓർമയേത്തേടവേ,
അറിയുന്നദൃശ്യമായ്, ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ, അരികിലല്ലെങ്കിലും.
എത്ര സ്വപ്നങ്ങളായിരുന്നു ആ
അന്തരംഗത്തിൽ, എന്നേ ചുമന്നനാൾ!
അന്നു പൊന്നണിഞ്ഞാടിയ വയലുകൾ
മാനവ മാലിന്യമേറി മൃതിവക്കിലായതും,
വൃക്ഷശാഖയിൽ പൂക്കേണ്ട പൂവുകൾ
വൈദ്യുത മരച്ചില്ലയിൽ പൂത്തതും,
കൊയ്ത്തരുവാളും തൂമ്പയും മൺവെട്ടിയും
കർഷകന്റെ കുടിലിൽ ദ്രവിച്ചതും,
ചേറണിയാതെ പിന്മുറക്കാരെ ചേലെഴുന്ന
വ്യവസായശായിൽ ശാസനയേറ്റു
ചൂഷിതരാക്കുവാൻ
കുടികിടപ്പായ് കിടഞ്ഞ തുണ്ടത്രയും
പണയഭൂമിയായ് തീർന്നതും,
ജീവനം തേടി നിന്നേപ്പിരിഞ്ഞതും ,
ഓർക്കവേ , സ്വഹൃത്തിടിപ്പറിയവേ ,
ഒരു ദലമാർദവ സാന്ത്വനസ്പർശം പോൽ
മൃദുലതെന്നൽ കപോലം തഴുകവേ,
അറിയുന്നദൃശ്യമായ്,ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ ,അരികിലല്ലെങ്കിലും.