(Neelakantan Mahadevan)
[ ലോകചരിത്രത്തിൽ ചിരഞ്ജീവിസ്ഥാനം നേടിയിട്ടുള്ള വിരലിലെണ്ണാവുന്ന ചരിത്ര പുരുഷൻമാരിലൊരാൾ - മഹാത്മാ ഗാന്ധി (2/10/1869 -- 30/1/1948) ... ചില ചിന്തകൾ ... ]
ബാല്യകാലത്തിൽത്തന്നെ സത്യത്തെത്തന്നാ -
ത്മാവിൽ ചേർത്തുപിടിച്ചു നിർഭീകനായി
താതന്റെ മൃത്യു തന്നിലേല്പിച്ചതാമാ -
ഘാതം തീരാത്ത ശോകമായിത്തീർന്നില്ലേ!
ആറു പതിറ്റാണ്ടുകളൊപ്പം നിന്നുകൊ-
ണ്ടെത്ര കർമ്മങ്ങളിൽ നിശ്ശബ്ദസാക്ഷിയായ്
കസ്തൂർബതൻ വേർപാടിൽ താവകമനം
വെന്തുവെങ്കിലുമിന്ത്യയെ കൈവിട്ടില്ല !
ദൂരദേശത്തിലപമാനമേറ്റിട്ടും
ധീരമായ് പോരാടി ,യധ:സ്ഥിതർക്കായി
ദാരിദ്ര്യവും വർണ്ണവിവേചനങ്ങളും
ജീവിതം തകർത്തവർക്കങ്ങു രക്ഷകൻ!
നാട്ടിൽ തിരിച്ചെത്തി വീറോടെ പൊരുതി
നേതാവായങ്ങയെ ജനങ്ങളുൾക്കൊണ്ടു
എത്രയെത്ര സമരങ്ങളങ്ങു ചെയ്തു
ഇന്ത്യക്കു സ്വാതന്ത്ര്യം കൈവരിക്കാനായി !
സത്യവുമഹിംസയും മുറുകെപ്പിടി -
ച്ചന്ത്യംവരേക്കും കർമ്മനിരതനായി
ടാഗോറഭിസംബോധനചെയ്തു സ്നേഹാൽ
മഹാത്മാവെന്നങ്ങയെ,യെത്രയന്വർത്ഥം!
സ്വാതന്ത്ര്യത്തിന്നാഘോഷങ്ങളിൽ പങ്കുചേ-
രാതെ ദൂരഗ്രാമത്തിലർദ്ധനഗ്നനാം
ഫക്കീറായി നടന്നു ഭഗ്നഹൃത്തോടെ
ദുഃഖിതർക്കാശ്വാസമരുളുവാനായി !
ഇന്ത്യാവിഭജനത്തിന്റെ ദുരന്തങ്ങ -
ളോർത്തന്തരംഗം തകർന്ന ഭവാനിൽ
മതാന്ധ്യത്തിലമർന്ന നിഷ്ഠുരഹൃദയൻ
നിർദ്ദയമുതിർത്തല്ലോ വെടിയുണ്ടകൾ !
ആ വെടിയൊച്ചയിന്നും കേൾക്കുന്നു ഞങ്ങൾ
കാലത്തിന്നാവില്ലതു നിശ്ശബ്ദമാക്കാൻ
ഭാരതാംബതൻ ഹൃദയത്തിലേറ്റതാ -
മാ വ്രണമുണങ്ങീടുമോയെന്നെങ്കിലും?