(ഷൈലാ ബാബു)
ഇരുളിൻ വലയമെൻ കൺകളിൽ മൂടവേ,
ഈ ജന്മഭൂമിയിലലഞ്ഞൂ വിധുരനായ്!
അന്ധത തിങ്ങിടുമെൻ ജീവവീഥിയിൽ,
അരുമസഖിയായ് നീ വന്നണഞ്ഞു!
അനവദ്യസുന്ദര സുരഭിലമോഹങ്ങൾ,
അകതാരിൽ പുളകങ്ങൾ ചൂടിനിന്നു!
ചന്ദനമണമോലും താരുടൽ ലാളിച്ചു,
നിൻ മുഖസൗന്ദര്യമളന്നെടുത്തു!
എൻ കരം കവർന്ന നിന്നംഗുലീലാളനം,
അതിലോല സ്പർശത്തിന്നനുഭൂതിയായ്!
പാതിയടഞ്ഞൊരെൻ മിഴികളിലേകി നീ,
ചുംബന മലർമൊട്ടിൻ നിറവസന്തം!
അന്ധനാമെന്നുടെ ആയുർബലത്തിനാ-
യൊരുകെടാവിളക്കിൻ നാളമായെരിഞ്ഞു നീ!
നിന്നനുരാഗ സുഷമ മന്ദാകിനീ പുളകങ്ങ-
ളൊരു വനമാലയായ് മാറിലണിഞ്ഞു ഞാൻ!
താങ്ങായി തുണയായി കരുതലായെന്നു-
മെൻ ജീവനിൽ മിഴികളായ് മാറി നീയും!
പുതുരാഗപ്പൂമഴ പെയ്തിടും നിമിഷങ്ങൾ,
കുളിരുള്ള മോഹത്തിൻ മഞ്ചലേറി!
വൈഡൂര്യശോഭ പോൽ നിന്നാത്മസൗന്ദര്യം,
എന്നുമെന്നുള്ളിൽ നിറഞ്ഞു നിൽപ്പൂ..!