മകളേ, കയറുവാനിനിയുമേറെ,
തളരാതെ കാൽകൾ ചലിച്ചിടേണം
സുഖദുഃഖ സമ്മിശ്ര സാഗരത്തിൽ
മുങ്ങാതെ നീന്തിക്കയറിടേണം.
നോവിൻ ചിതയിലെ കാല്പാടുകൾ
വിജയ കിരീടത്തിൻ പടികളല്ലോ!
നന്മ തീണ്ടാതുള്ള സരണികളിൽ
വലവിരിച്ചെത്തും ശകുനികളും;
മായപ്പടവുകൾ കാട്ടിത്തരുന്നോർ-
ക്കടിമയായ് ശിരസ്സു കുനിച്ചിടല്ലേ...
മാറ്റുരച്ചറിയണമദൃശ്യക്കെണികളെ
ഉൾക്കണ്ണിൻ ദർശനം തള്ളിടൊല്ലാ...
പഴയോലച്ചിന്തുകളറിവിന്നുരുളയാ-
യകതാരിലെന്നും സ്മരിച്ചിടേണം
കൊഴിയുന്നലരിന്റെ കണ്ണീരിനപ്പുറം
വിരിയുന്ന മൊട്ടിൻ ചിരികളുണ്ടേ...
പിന്നെയും പൂക്കുന്ന പൂമരച്ചില്ലക-
ളുന്മാദ വസന്തത്തിനുത്സവങ്ങൾ!
വാക്കിൻ ശരമേറ്റു നീറിയ നെഞ്ചക-
മൻപാർന്ന രാഗമഴയിൽ കുളിരുമേ...
കലികാലചക്രങ്ങളിനിയുമുരുളുമേ;
വാഗ്ദാനദൂതുമായെത്തിടും ചോരരും
അപകടമൊളിച്ചിടുമനർഹസമ്പത്തി-
ലറിയാതെയാരുമേ വീണു പിടയല്ലേ...
സത്യത്തിൻ കർമധാരയിലെന്നെന്നും
നീതിയിന്നേണിപ്പടികൾ കയറിടാം
ശോകാർദ്ര ജീവിതകാളിമയാകവേ,
ഉല്ലാസ നക്ഷത്രത്തിരിനാളമാവട്ടെ!