ഇന്നലെ വരെ ഞാൻ
കണ്ണാടിയിൽ
എന്റെ സൗന്ദര്യം
കണ്ടാസ്വദിച്ചിരുന്നു.
പകൽ സൂര്യനേക്കാളും
ഞാൻ ഇഷ്ടപ്പെട്ടത്
നിലാവിന്റെ കുളിരായിരുന്നു
രാത്രി വഴികളിൽ
മഞ്ഞു തേടിയലഞ്ഞു തളർന്നു
പകലുകളിൽ
അഗ്നിപർവ്വതങ്ങളുടെ
താഴ്വരയിൽ ശയിച്ചു
അഭിസാരിക, അഹങ്കാരി
അടങ്ങാത്തവൾ
എല്ലാം സ്വപ്നത്തിൽ
കേട്ട ജല്പനങ്ങൾ
ഇന്ന് ഞാൻ ഒരുങ്ങിയില്ല
എങ്കിലും നിങ്ങൾ ഒരുക്കി
കണ്ണെഴുതിയില്ല
എങ്കിലും സുന്ദരിയെന്നു വിളിച്ചു
ഞാൻ ഉണർന്നിരിക്കുന്നു
എങ്കിലും നിങ്ങൾ എന്റെ
ഉറക്കത്തിനു താരാട്ട് പാടി
എന്നെ വിശുദ്ധയെന്നു വിളിച്ചു
എന്റെ യാത്രകൾ
മുടങ്ങിയെന്ന് കരുതിയോ?
ഇല്ല, ഇനിയെന്റെ യാത്രകൾ
നിങ്ങൾക്ക് കാണുവാൻ ആകില്ല
അത്ര മാത്രം.
ഞാൻ തുടരുന്നു..