(ഷൈലാ ബാബു
ചിരിക്കാൻ മറന്ന
നിൻ നീല മിഴികളിൽ;
വിഷാദം തുളുമ്പുക-
യായിരുന്നോ?
കദന കാവ്യങ്ങളാം
കമനീയ കനവുകൾ
കണ്ണീർക്കണങ്ങളായ്
പൊഴികയാണോ?
പാതിയും കൂമ്പിയ
മിഴികളിലെന്തിത്ര,
പരിദേവനത്തി-
ന്നലയൊലികൾ?
കൺകോണിലെഴുതിയ
കരിമഷിച്ചാന്തുകൾ,
കരളിലെ തീക്കനൽ
കെടുത്തുവാനോ?
അന്തരാത്മാവിന്റെ
നിർമ്മല രാഗങ്ങൾ;
അനുരാഗമുരളിയി-
ലൊഴുകിയില്ലേ?
നിനവിന്റെ തോണിയി-
ലെത്തിടും മാരനും,
നെടുവീർപ്പിനോളത്തി-
ലുലഞ്ഞിടുന്നോ?
നിൻ പ്രിയ തോഴനാ-
യരികിലണഞ്ഞവൻ
മധുകണമെല്ലാം
നുകർന്നിരുന്നോ?
കളമൊഴിപ്പാട്ടുകൾ
ഹൃദ്യമായിരുന്നിട്ടും,
കളിവാക്കു ചൊല്ലി
പിരിഞ്ഞതെന്തേ..?
അരികത്തെ മലരിൻ
മരന്ദം നുകർന്നവൻ,
അലിവില്ലാ മനസ്സുമായ്
പറന്നകന്നോ?
വിരഹിണി രാധപോൽ
വ്യഥയിലമർന്ന നിൻ
വിലോല ഭാവങ്ങൾ
വിട പറഞ്ഞോ?
ഉള്ളം വിറപ്പിക്കും
ഉണ്മക്കതിരുകൾ
ഉത്തമപാഠമായ്
ജീവിതത്തിൽ..