(T V Sreedevi )
അന്നൊരു ഹേമന്തത്തിൻ വേളയിൽ മാകന്ദങ്ങളെമ്പാടും പൂത്തുനിന്ന സുന്ദര ദിനമൊന്നിൽ,
മുല്ലമാലയും ചൂടി, തെല്ലു നാണവും പൂണ്ടു നിന്നരികത്തു ഞാൻ നിന്നൂനിൻ പ്രിയ വധുവായി.
മുല്ലയും പിച്ചകവും സുഗന്ധം പരത്തിയ മുല്ലപ്പന്തലിൽ വച്ചു മംഗല്യ സൂത്രം ചാർത്തി,
എന്നെ നിൻ പ്രിയസഖിയാക്കിയ ദിനം മുതൽ ഒന്നിച്ചുതുടങ്ങിയ യാത്രയാണിതുവരെ.
എത്ര ദൂരം പിന്നിട്ടു..? സുഖദുഃഖങ്ങൾ തീർത്ത കയ്പ്പും മധുരവുമൊക്കെ ഭൂജിച്ചൂ, ഒപ്പം ചേർന്ന്.
എത്തി നിൽക്കുന്നൂ നമ്മൾ ജീവിത സായാഹ്നത്തിൽ, ഇപ്പോഴും തുടരുന്നൂ ഒന്നിച്ചുള്ളൊരീ യാത്ര.
പിണങ്ങിയിണങ്ങിയും കരഞ്ഞും ചിരിച്ചുമീ മധുരമായ യാത്ര തുടരാമിനിയും നാം.
എന്തിനുകലഹങ്ങൾ? സ്വാർത്ഥത വെടിഞ്ഞുനാം ധന്യമാമീജീവിതം പുണ്യമായ് കരുതണം.
എന്തിനു പിരിയുന്നൂ? ഈശ്വരൻ കൂട്ടിച്ചേർത്ത രണ്ടുപേർ പരസ്പരം സ്നേഹത്തിൽ വർത്തിക്കേണം.
പത്നിയെ ദേവതയായും പതിയെ ദൈവമായു-മെപ്പോഴും കരുതുകിൽ ജീവിതം സ്വർഗ്ഗമാകും.
ക്ഷുത്തും പിപാസയും മാറ്റാൻ വഴിയമ്പലത്തിൽ കൂടി, പിറ്റേന്നാൾ പിരിയുന്ന വഴിപോക്കരെപ്പോലെ,
ജീവിതമാകുന്നൊരീ സത്രത്തിലല്പനേരംകാണുന്നൂ പരസ്പരം പിരിയും വൈകാതെ നാം.
ക്ഷണിക ജീവിതത്തിൽ സന്തോഷമായിത്തന്നെ തുടരാമീയാത്ര നാം അന്ത്യമാം യാത്രവരെ.