ഇടത്തെരുവില്‍ നിന്നും
തുറക്കും പടിപ്പുരവാതിലിലൂടെ
ചരല്‍ വിരിച്ച മുറ്റത്തേക്ക്
നീളുന്ന മണ്‍പാതയില്‍
കൊഴിയുമിലകള്‍.
ഇരുവശവും മയിലാഞ്ചിയും മന്ദാരവും
ചെത്തിയും ചെമ്പരത്തിക്കുമിടയില്‍
പൊടുന്നനെ പറന്നുയരുന്ന
ശലഭങ്ങള്‍, ചെറു തുമ്പികള്‍.
അരണ്ട സന്ധ്യയൊരു
ദീപം കൊളുത്തുന്നു.
വിളറിയ മേഘരാജികളില്‍
ചായം കലര്‍ത്തുമാകാശം.
അതിരു കാണാത്ത,ഇടതൂര്‍ന്ന
പച്ചമരക്കൂട്ടങ്ങള്‍ക്കുള്ളില്‍,
വിജനമീ വീടിന്നുമ്മറക്കോലായില്‍
ശൂന്യതയില്‍,
ഓർമ്മകളയവിറക്കുന്ന
ഒരു ചാരുകസേര.
ചുമരിലവിടവിടെ മങ്ങിയ
ഛായാ ചിത്രങ്ങള്‍.
തറയിലേക്ക് പടര്‍ന്നു കയറും
വള്ളിച്ചെടികള്‍,ചുമരിലെ
വിള്ളലിനരികിലെത്തി നില്‍ക്കുന്നു.
ഇടയില്‍ വിരുന്നെത്തി
ചെരിഞ്ഞു വീഴും മഴത്തുള്ളികള്‍,
മുന്‍വാതിലിലാഞ്ഞു മുട്ടിവിളിക്കുന്നു.
കരിയിലകള്‍ പാകിയ മുറ്റം
പുലരിയിലടിച്ചു വാരി,
പാതി തുറന്ന ജാലകത്തിലൂടെ
കാറ്റകത്തു കയറി മറയുന്നു.
ഉമ്മറത്തിണ്ണയില്‍, ഒരു പറ്റം
ചെറുകിളികള്‍ കുശലം
പറഞ്ഞു ചിരിക്കുന്നു.
രാത്രികാവല്‍ക്കാരനായ്
ചമഞ്ഞെത്തിയ തെരുവുനായയും
വഴി തെറ്റി അലഞ്ഞെത്തിയ
കാലികളും പുത്തന്‍
അഭയസങ്കേതം തേടിപ്പിരിയുന്നു.
ഒഴിഞ്ഞു പോയ താമസക്കാരുടെ
കഥകള്‍.
നൊമ്പരങ്ങളുടെ ഉപ്പും ,
ആഹ്ളാദാരവങ്ങളുടെ മധുരവും.
ഉള്ളിലൊതുക്കി ,വഴിക്കണ്ണുമായ്,
ഒരു പുതിയ അതിഥിയുടെ കാലൊച്ചകള്‍ക്കായ്, സദാ
കാത്തിരിക്കുമീ വാടകവീട്.