സച്ചിദാനന്ദന്റെ
താവോ ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടതെങ്ങിനെ
എന്ന കവിത
ജീവിതത്തെ
ജലം പോലെ അരൂപിയാക്കും
ഡേവിഡ് ടോസ്കാനയുടെ
അവസാനത്തെ വായനക്കാരൻ
എന്ന പുസ്തകത്തിലെ
റെമിഗിയോയും ലൂഷ്യായും നിങ്ങളെ
കഥാപാത്രമാക്കി മാറ്റി
നോവലിൽ ഉൾച്ചേർത്തു കളയും
സന്തോഷ് എച്ചിക്കാനത്തിന്റെ
ബിരിയാണി വായിച്ച്
അത്താഴം കഴിക്കരുത്
ബാക്കിയായ
അന്നത്തിൽ നിന്നും
നരിച്ചീറുകൾ ആക്രമിക്കും
ഫ്രാൻസിസ് ഇട്ടിക്കോരയും
പൊനോൻ ഗോംബെയും
മനുഷ്യ മാംസത്തിന്റെ
ഗന്ധത്താൽ
അന്തരീക്ഷം വീർപ്പുമുട്ടിക്കും
ആരാച്ചാരും, സമുദ്രശിലയും
പകുതി മാത്രം വായിക്കുക
വി.പി ഗംഗാധരന്റെ
ജീവിതമെന്ന അദ്ഭുതം
വാങ്ങി സൂക്ഷിക്കുക
മാത്രം ചെയ്യുക
വായിച്ചു തുടങ്ങാത്തവരെക്കാൾ
അപകടകാരികളാണ്
വായന നിർത്തിക്കളഞ്ഞവർ
കാരണം
അവർ കഥാപാത്രങ്ങളില്ലാത്ത
നോവെല്ലകളാണ്.