(Saraswathi T)
പകലിതാ യാത്രപറയാനൊരുങ്ങുന്നു
പതിയെ തിരിഞ്ഞു നോക്കുന്നു..
കൊടിയൊരാചൂടിൽ തളരുന്നപൂക്കളെ-
ത്ത ഴുകിയെത്തുന്നിളം തെന്നൽമെല്ലെ.
കോകിലരാഗമധുവീചികൾ സ്വച്ഛ
സാന്ദ്രമാക്കുന്നീ പ്രകൃതിയെങ്ങും ..
ഇനിയുമുണ്ടിവിടെ വിരിയുവാനൊരുനൂറു
നവനവസ്വപ്നങ്ങളെന്നോതുവാൻ.
കരിയുന്നചില്ലയിൽ പുതുനാമ്പുകൾപോലെ
കമനീയകാഴ്ചയൊരുക്കിടുന്നു
പച്ചിലച്ചാർത്തിനെ തരളിതമാക്കുവാ-
നെത്തും പുതുവർഷമിങ്ങുവീണ്ടും,
നാളെ പുലരിയിൽ നീഹാരബിന്ദുവാൽ
നീ തീർക്കുമല്ലോ നവമാലിക
ദൂരെനിന്നെത്തിടുംചേണെഴുമീണത്തി_
ലാലോലമാം നല്ലവേണുഗാനം
പുത്തൻപ്രതീക്ഷകൾ പിന്നെയുംപിന്നെയും
സ്വപ്നങ്ങളായി വിരിഞ്ഞിടട്ടെ.
കേവലാനന്ദംപകർന്നു മതിവരെ
ജീവനിൽ ജീവനായ് സ്നേഹിക്കുവാൻ
നാളെ വിഭാതതാരം വന്നു വാനിൽ
വിരിയുമ്പോഴെത്തിടാനായി മാത്രം
ഇന്നത്തെയോർമതൻപൂക്കാലമോർമ്മയിൽ
എന്നും വിളങ്ങി വിരാജിച്ചിടും
ഇത്തിരി നാഴികമാത്രമാണെങ്കിലു_
മത്രയ്ക്കനിവാര്യമീ വിരഹം...!