ഒരു വിളവെടുപ്പ്കാലത്തിൻ പൊൻകതിരുകൾ സ്വപ്നം കാണുന്ന
തരിശുനിലങ്ങളിലും ചില മായ കാഴ്ചകളുണ്ട്.
വറ്റുന്ന കൈത്തോടിലെ
ചെറിയ അണകളിൽ കുടുങ്ങിയ
നീർച്ചാലിന്നരികിൽ ചെറുമീനുകൾക്ക് കൂട്ടിരുന്ന കൊറ്റി തന്നെയാകാം,
ചിലപ്പോൾ മേയുന്ന പോത്തിൻമേലെ
സവാരി ചെയ്യുന്നത്, അവയുടെ
ചെവിയിലെന്തോ മന്ത്രിക്കുന്നത്.
ചെറുചാറ്റൽ മഴ മഞ്ഞ്ധൂളികളായ് ആരുമറിയാതെ പെയ്യുന്നത്
ശിശിരത്തെ വരവേൽക്കാനാകാം
ദിനങ്ങളോളം ഒരേ തപസ്സിരുന്ന
ആമ,തണുപ്പിനോടുള്ള പ്രതിഷേധമെന്നോണം
ആകാമിപ്പോൾ ,ധ്യതിയിൽ
നടന്നകലുന്നത്.
വയൽവരമ്പിലേക്കെടുത്ത് ചാടുന്ന തവളയൊരുപക്ഷേ ,വളഞ്ഞു പുളഞ്ഞതിവേഗമടുക്കുന്ന അപായത്തെ
മുൻകൂട്ടിക്കണ്ടതാകാം.
വയൽപ്പരപ്പുകൾക്കതിരിലൂടെ ,അലറിപ്പാഞ്ഞു വരുന്ന,തീവണ്ടിയിൽത്തട്ടിത്തകരുന്ന
മനോഹര
നിശ്ശബ്ദതക്കു ശേഷമാകണം
തണുത്ത കുളിർകാറ്റു വീശുന്നത്.
ഒരേ താളക്രമത്തിൽ,വ്യത്തമൊപ്പിച്ച്
പറന്നുയരുന്ന പക്ഷികളെത്തുന്നത്.
കൂട്ടം തെറ്റുന്ന താറാവുകളെത്തേടുന്ന,
ചില നിഴൽ രൂപങ്ങളെയും
നാട്ടുവഴികൾ മുറിച്ച് കടക്കുന്നവരേയും
പോക്കുവെയിലിൻടെ
അരണ്ട വെളിച്ചത്തിൽ കണ്ടേക്കാം.
ഒട്ടൊരു വിഷാദത്തോടെ,മുഖം തുടുത്ത്
ചക്രവാളത്തിൽ താഴുന്ന
സന്ധ്യയെ,ചൂഴ്ന്നു നിൽക്കും ചുവന്ന
കുഞ്ഞ് സൂര്യനൊപ്പം.
ഒരു ചുവർചിത്രത്തിൻ മരവിച്ച
ഹരിതവർണ്ണത്തിലേക്ക്
വീണ്ടുമുണരും ചിന്തകൾക്കു ശേഷവും.