ഇനിയെന്തു വേണം നിനക്കായ്മകനെ
ഈ ജന്മമത്രയും നീ മാത്രമല്ലേ
അകലാനറിയാതെ നിഴലായിരുന്നവർ
അറിയാതെ നീ പോയ വഴികൾക്കുപാത്രമായ്
ലഹരിയിൽ മുങ്ങും തലമുറതൻശാപ
രക്തസാക്ഷിത്വം വഹിക്കാൻ വിധിയത്
അമ്മയായച്ഛനായ്, കൂടപ്പിറപ്പായ് താങ്ങായ്
മാറേണ്ടതല്ലേ ഈ വാർദ്ധക്യകാലത്ത്
നീരാളികൈകൾ കൊളുത്തിട്ടതറിയാതെ
സ്വപ്‌നങ്ങൾ നെയ്യുന്നു ജന്മദാതാക്കൾ
ഏതേതു വഴികളിൽ വിതച്ചതെന്നറിയാതെ
ഇഴയറ്റു പോകുമീ രക്തബന്ധങ്ങൾ
നീരറ്റുവീഴുന്ന കൗമാരമെത്രയോ
ചുമരുകൾക്കുള്ളിൽ
ഒടുങ്ങുന്നു ഭ്രാന്തിനാൽ
നോവിൽ പടർന്നാർത്തു കരയുന്നു
മൗനത്തിൻ ഗർത്തങ്ങൾ തേടുന്നു